ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ നിർണായക മത്സരത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയുടെ ഏറ്റവും വലിയ സെലക്ഷൻ തലവേദനകളിലൊന്നാണ് വിക്കറ്റ് കീപ്പിങ്ങ് – ഫിനിഷര്‍ റോള്‍. ഈ ജോലി ചെയ്യുന്ന ദിനേശ് കാര്‍ത്തിക് വളരെ മോശം ഫോമിലാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 15 പന്തിൽ 6 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്. ദിനേശ് കാര്‍ത്തികിനു പകരം ഋഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്നാണ് പലരുടേയും ആവശ്യം. ഈ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മദൻ ലാല്‍
അഡ്‌ലെയ്ഡിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിലാണ് മദൻ ലാല്‍, റിഷഭ് പന്തിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് വാചാലനായത്. കാർത്തിക്കിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് പരിഗണിക്കാതെ തന്നെ പ്ലേയിങ്ങ് ഇലവനിൽ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പന്തിനെപ്പോലൊരു “മാച്ച് വിന്നറെ” അവഗണിച്ചതിന് 1983 ലെ ലോകകപ്പ് ജേതാവായ താരം രോഹിതിനും ദ്രാവിഡിനും എതിരെ ആഞ്ഞടിച്ചു.
” ദിനേശ് കാർത്തിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും പന്ത് കളിക്കണം. അവനു ആ പ്രോത്സാഹനം കൊടുക്കുക. അവൻ ഒരു വലിയ ബാറ്റര്‍ ആണ്, നിങ്ങൾ അവനെ ഒരു നാണയം പോലെ മുകളിലേക്കും താഴേക്കും വലിച്ചെറിയുന്നു. അയാൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടും. അവൻ ഒരു മാച്ച് വിന്നർ ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ, ഡികെ ഉണ്ടെങ്കിലും ഇല്ലെങ്കിലും പന്ത് കളിക്കണം,” അദ്ദേഹം പറഞ്ഞു.