ക്രിക്കറ്റിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങി സുരേഷ് റെയ്ന

ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സുരേഷ് റെയ്ന. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം കഴിഞ്ഞ വർഷം ഐപിഎല്ലിൽ നിന്നും വിരമിച്ചിരുന്നു. ഇപ്പോഴിതാ തൻ്റെ കരിയറിൽ പുതിയ ഇന്നിങ്സിന് തുടക്കമിടാൻ പോവുകയാണ് താരം. അബുദാബി ടി-10 ലീഗിലാണ് താരം കളിക്കാൻ ഒരുങ്ങുന്നത്.


അബുദാബി ഫ്രാഞ്ചൈസിയായ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിലാണ് റെയ്ന ചേർന്നിരിക്കുന്നത്. താരം ടീമിൻ്റെ ഭാഗമായ വിവരം ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് അറിയിച്ചത്.”ലോകകപ്പ് ജേതാവ് റെയ്ന ഞങ്ങളുടെ ടീമിനായി കരാറിൽ പങ്കുവെച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററിൽ ഒരാളായ റെയ്ന ആദ്യമായി അബുദാബി ടി 10 ലീഗിൽ അണിനിരക്കും. ഞങ്ങൾക്ക് അതിന് കാത്തിരിക്കാൻ കഴിയില്ല.”-ഇതായിരുന്നു റെയ്നയുടെ പുതിയ ഫ്രാഞ്ചൈസി ട്വിറ്ററിൽ കുറിച്ച വാക്കുകൾ.

Suresh Raina

നിക്കോളാസ് പൂരൻ, ആന്ദ്രെ റസൽ, ജേസൺ റോയ്, ഓഡിൻ സ്മിത്ത്, തസ്കിൻ അഹമ്മദ് എന്നിവരടങ്ങിയ മികച്ച താരനിരയും റെയ്നയുടെ പുതിയ ടീമിൽ ഉണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി റെയ്ന പ്രഖ്യാപിച്ചത്. എന്നാൽ യുഎഇ,ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന ടി 10 ലീഗിൽ പങ്കെടുക്കുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യൻ ലെജൻസിനുവേണ്ടി അടുത്തിടെ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരിയൽ താരം കളിച്ചിരുന്നു.


13 വർഷമാണ് ഇന്ത്യക്ക് വേണ്ടി താരം കളിച്ചിട്ടുള്ളത്. 18 ടെസ്റ്റ് മത്സരങ്ങൾ, 226 ഏകദിനങ്ങൾ, 78 20-20 മത്സരങ്ങൾ ഇന്ത്യക്കുവേണ്ടി റെയ്ന കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 5615 റൺസും, 20-20 യിൽ 1605 റൺസും താരം നേടിയിട്ടുണ്ട്. ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ താരം സെഞ്ച്വറി നേടിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് റെയ്ന.