ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഉണ്ടായ പരാജയം ഇന്ത്യയെ സംബന്ധിച്ച് വളരെ അപ്രതീക്ഷിതമായിരുന്നു. മത്സരത്തിൽ 28 റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ടീമിനെതിരെ വലിയ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
ഇന്ത്യൻ നായകൻ രോഹിത് ശർമയെ അങ്ങേയറ്റം വിമർശിച്ചുകൊണ്ടാണ് ചോപ്ര സംസാരിച്ചത്. മത്സരത്തിന്റെ പല സമയത്തും ഇന്ത്യ വിശ്രമിക്കുകയും, തങ്ങളുടെ തന്ത്രങ്ങളിൽ അയവ് വരുത്തുകയും ചെയ്യുന്നതായി തോന്നി എന്നാണ് ചോപ്ര പറയുന്നത്. ഇത് ഇംഗ്ലണ്ടിന് റൺസ് കണ്ടെത്താൻ സഹായകരമായി എന്നും ചോപ്ര കൂട്ടിച്ചേർക്കുകയുണ്ടായി.
ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിനിടെ ഇന്ത്യ വരുത്തിയ ചില പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ചോപ്ര സംസാരിച്ചത്. മത്സരത്തിന്റെ അവസാന ഇന്നിംഗ്സിൽ 200 റൺസ് സ്വന്തമാക്കുക എന്നത് വലിയ പ്രയാസകരമായിരുന്നുവെന്നും, എന്നാൽ ഇന്ത്യ ഇതിനെ സീരിയസായി കണ്ടില്ല എന്നും ചോപ്ര പറയുന്നു.
“ഞങ്ങൾ കമന്ററി ബോക്സിൽ ഉണ്ടായിരുന്ന സമയത്ത് തന്നെ ഇക്കാര്യം സംസാരിച്ചിരുന്നു. അവസാന ഇന്നിംഗ്സിൽ 200 റൺസിന്റെ വിജയലക്ഷ്യം എന്നത് ഇവിടെ പ്രയാസകരമായിരുന്നു. എന്നാൽ ഇന്ത്യൻ ടീം അത്തരത്തിൽ ചിന്തിച്ചില്ല. മാത്രമല്ല ഇംഗ്ലണ്ടിന് ആവശ്യമായ സിംഗിളുകൾ അവർ നൽകുകയും ചെയ്തു. രഹൻ അഹമ്മദ്, ഓലീ പോപ്പ് എന്നിവർ കൃത്യമായി സിംഗിളുകൾ കണ്ടെത്തിയ സമയത്ത് ഇന്ത്യ ഫീൽഡിൽ വിശ്രമിക്കുകയായിരുന്നു.”- ആകാശ് ചോപ്ര പറയുന്നു.
മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ടിന്റെ മുൻതാരം കെവിൻ പീറ്റേഴ്സനും ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിക്കുകയുണ്ടായി. ഇന്ത്യ പല സമയത്തും തങ്ങളുടെ തോൾതാഴ്ത്തി വിശ്രമിക്കുന്നതായാണ് തോന്നുന്നത് എന്ന് പീറ്റേഴ്സൺ പറഞ്ഞു. ഒപ്പം ഇന്ത്യ ആക്രമണപരമായ മനോഭാവം ഫീൽഡിങ്ങിലും ബോളിങ്ങിലും കാട്ടാതിരുന്നതിനെയും പീറ്റേഴ്സൺ വിമർശിച്ചിരുന്നു
അതേസമയം ഇന്ത്യയുടെ ഫീൽഡിങ്ങിലെ മോശം ആറ്റിട്യൂഡാണ് പോപ്പ് 196 റൺസ് സ്വന്തമാക്കാൻ കാരണമെന്ന് ചോപ്രയും വാദിക്കുന്നു. പോപ്പിനൊപ്പം മത്സരത്തിൽ രേഹൻ അഹമ്മദ്, ഹാർട്ലി എന്നിവർ ചേർന്ന് നിർണായകമായ സംഭാവനകൾ ഇംഗ്ലണ്ടിന് നൽകിയിരുന്നു.
ഇതോടൊപ്പം ഇന്ത്യൻ ബോളർമാരുടെ മത്സരത്തിലെ മോശം പ്രകടനങ്ങളെ വിമർശിക്കാനും ചോപ്ര മറന്നില്ല. “ബൂമ്ര മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഹൈദരാബാദിലെ ടേണിങ് പിച്ചിലാണ് ഇതെന്ന് ഓർക്കണം. ഇന്ത്യൻ സ്പിൻ നിര വളരെ മികച്ചതായിരുന്നിട്ടും, ഇംഗ്ലണ്ടിന്റെ സ്പിന്നർമാർ അവരെ മറികടക്കുന്ന പ്രകടനം നടത്തി. ഇന്ത്യയ്ക്കായി ബൂമ്ര നന്നായി പന്തറിഞ്ഞു. എന്നാൽ ബാക്കിയുള്ള ഇന്ത്യൻ ബോളർമാർ എന്താണ് കാട്ടിയത്?” – ആകാശ് ചോപ്ര ചോദിക്കുന്നു.