മുൻകരുതൽ നടപടിയായി വെസ്റ്റ് ഇൻഡീസിനെതിരായ അവസാന രണ്ട് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വിശ്രമിക്കണമെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ നിര്‍ദ്ദേശിച്ചു. മൂന്നാം ടി20 മത്സരത്തിനിടെ താരം പരിക്കേറ്റ് ബാറ്റിംഗ് മതിയാക്കി തിരിച്ചു കയറിയിരുന്നു.
മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ സൂചിപ്പിച്ചതുപോലെ, അടുത്ത രണ്ട് മത്സരങ്ങളിലും രോഹിത് കളിക്കുമെന്നാണ് സൂചന. ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവ വരും മാസങ്ങളിൽ ഉള്ളതിനാലാണ് കനേരിയ താരത്തിനെ ഉപദേശിച്ചത്. ”ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ ഫിറ്റ്‌നസിന് മുൻഗണന നൽകണം ” എന്ന് കനേരിയ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
” ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയ്ക്ക് രോഹിത് ശർമ്മയെ ആവശ്യമുണ്ട്. അതിനാൽ അദ്ദേഹം വിശ്രമിച്ചാലും ശ്രേയസ്, സഞ്ജു സാംസൺ അല്ലെങ്കിൽ ഋഷഭ് പന്ത് പോലുള്ള ധാരാളം മാച്ച് വിന്നർമാരും ക്യാപ്റ്റൻസി ഓപ്ഷനുകളും ഉണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് മാസ്റ്റർക്ലാസിന്റെ മികവിലാണ് മൂന്നാം ടി20യിൽ ഇന്ത്യ വിജയിച്ചത്. 44 പന്തിൽ എട്ട് ഫോറും നാല് സിക്സും ഉൾപ്പെടെ 76 റൺസാണ് മുംബൈ താരം നേടിയത്. 165 റൺസ് ചേസിങ്ങ് ഇന്ത്യ 19 ഓവറില്‍ പൂർത്തിയാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഓഗസ്റ്റ് 6, 7 തീയതികളിൽ അവസാന രണ്ട് ടി20 മത്സരങ്ങൾ കളിക്കാൻ ടീമുകള്‍ ഫ്ലോറിഡയിലേക്ക് പോകും.