ലോകക്രിക്കറ്റിലെ അടുത്ത ‘ബിഗ് തിംഗ്’ അവനാണ്. കിവി താരത്തെപ്പറ്റി ഹർഭജൻ സിംഗ് പറയുന്നു..

2023 ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനായി ഇതുവരെ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് രചിൻ രവീന്ദ്ര. ഇംഗ്ലണ്ടിനെതിരായ ന്യൂസിലാൻഡിന്റെ ആദ്യ മത്സരം മുതൽ രവീന്ദ്ര കൃത്യമായി സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ ന്യൂസിലാൻഡിന്റെ മത്സരത്തിലും രവീന്ദ്ര ബാറ്റിംഗിൽ തിളങ്ങിയിരുന്നു. ഇന്ത്യക്കെതിരെ 75 റൺസാണ് രവീന്ദ്ര നേടിയത്.

മാത്രമല്ല മത്സരത്തിൽ ഡാരിൽ മിച്ചലിനൊപ്പം ചേർന്ന് 159 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും രവീന്ദ്രയ്ക്ക് സാധിച്ചിരുന്നു. തന്റെ ബാറ്റിംഗിലുള്ള ആത്മവിശ്വാസമാണ് രവീന്ദ്രയെ വ്യത്യസ്തനാക്കുന്നത്. മത്സരങ്ങളിൽ ബോളുകൊണ്ടും മികവു കാട്ടാൻ രവീന്ദ്രയ്ക്ക് സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രവീന്ദ്രയുടെ ഈ ലോകകപ്പിലെ പ്രകടനങ്ങളെ പറ്റി സംസാരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം ഹർഭജൻ സിംഗ്.

“രചിൻ രവീന്ദ്ര വളരെ മികച്ച ഒരു താരം തന്നെയാണ്. അയാളെ മൈതാനത്ത് നിരീക്ഷിക്കുന്ന സമയത്ത് ഒരിക്കലും അയാൾ പുറത്താവരുത് എന്നാണ് നമ്മളൊക്കെയും ആഗ്രഹിക്കുക. മാത്രമല്ല ഏതുതരം ബോളിങ്ങിനെയും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ രചിൻ രവീന്ദ്രയ്ക്ക് സാധിക്കുന്നുണ്ട്. ഫാസ്റ്റ് ബോളിംഗായാലും സ്പിൻ ബോളിംഗായാലും അയാൾ അയാളുടെതായ രീതിയിൽ കൈകാര്യം ചെയ്യുന്നു. മാത്രമല്ല അയാൾ ഇപ്പോഴും ചെറുപ്പക്കാരനാണ്. ഇന്ത്യൻ വംശജനമാണ്. ഇന്ത്യയിലേക്ക് ലോകകപ്പിനായെത്തി വമ്പൻ ടീമുകൾക്കെതിരെ റൺസ് സ്വന്തമാക്കാൻ അയാൾക്ക് സാധിക്കുന്നുണ്ട്. അത് കാണിക്കുന്നത് അയാളുടെ മനസ്സിന്റെ ശക്തി തന്നെയാണ്. ലോക ക്രിക്കറ്റിലെ ഭാവിയിലെ താരം തന്നെയാണ്”- ഹർഭജൻ പറഞ്ഞു.

രവീന്ദ്രയെ യുവരാജ് സിങ്ങുമായി താരതമ്യം ചെയ്തായിരുന്നു മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി പ്രതികരിച്ചത്. എന്നാൽ താൻ ഈ താരതമ്യത്തോട് യോജിക്കുന്നില്ല എന്ന് ഹർഭജൻ പറയുകയുണ്ടായി. “യുവരാജ് സിംഗ് പ്രോപ്പർ ക്രിക്കറ്റിങ് ഷോട്ടുകൾ കളിച്ചിരുന്ന ഒരു താരമാണ്. ഇത്തരം ഷോട്ടുകൾ കളിക്കുന്ന കാര്യത്തിൽ യുവരാജ് അവിസ്മരണീയമായിരുന്നു. അയാൾ കൃത്യമായി പന്തുകളെ നേരിട്ടിരുന്ന ആളാണ്. ബോളിനെ മാറിനിന്ന് നേരിട്ടിരുന്ന ഒരു താരമല്ല. എപ്പോഴും തന്റേതായ ട്രേഡ്മാർക്ക്, ഷോട്ടുകളിൽ പോലും യുവരാജ് പാലിച്ചിരുന്നു.”- ഹർഭജൻ കൂട്ടിച്ചേർത്തു.

“എന്നാൽ രചിൻ രവീന്ദ്ര യുവരാജിനെ പോലെ ഫ്ലോയുള്ള ഒരു കളിക്കാരനല്ല. യുവരാജിന് വ്യത്യസ്തമായ ഒരു ഫ്ലോയും വ്യത്യസ്തമായ പവറുമാണുള്ളത്. എന്നാൽ ആ പവർ രചിൻ രവീന്ദ്രയ്ക്ക് ഉണ്ടെന്നു ഞാൻ കരുതുന്നില്ല. എന്നിരുന്നാലും തന്റെ ഫോം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ രവീന്ദ്രയ്ക്ക് സാധിക്കുന്നുണ്ട്.”- ഹർഭജൻ സിംഗ് പറഞ്ഞുവെക്കുന്നു. നിലവിൽ ന്യൂസിലാൻഡ് മുൻനിരയിലെ ഒരു ശക്തി തന്നെയാണ് രവീന്ദ്ര. ഇനിയുള്ള മത്സരങ്ങളിലും രവീന്ദ്ര മികവു പുലർത്തിയാൽ ന്യൂസിലാൻഡിന് മുൻപോട്ടുള്ള യാത്ര സുഗമമാവും. വില്യംസണിന്റെ അഭാവത്തിൽ വലിയ ആശ്വാസമാണ് രവീന്ദ്ര ന്യൂസിലാൻഡിന് നൽകുന്നത്.

Previous articleസിക്കിമിനെ ചാരമാക്കി രോഹൻ കുന്നുമ്മൽ. കേരളത്തിന് 132 റൺസിന്റെ കൂറ്റൻ വിജയം.
Next articleചരിത്രവിജയം. പാകിസ്ഥാനെ തകർത്തെറിഞ്ഞ് അഫ്ഗാൻ മാസ്. ഞെട്ടലിൽ പാക് പട.