ചരിത്രവിജയം. പാകിസ്ഥാനെ തകർത്തെറിഞ്ഞ് അഫ്ഗാൻ മാസ്. ഞെട്ടലിൽ പാക് പട.

cwc 2023 afghan vs pakistan

2023 ഏകദിന ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ. അത്യന്തം ആവേശകരമായ മത്സരത്തിൽ പാക്കിസ്ഥാനെ അട്ടിമറിച്ചാണ് അഫ്ഗാനിസ്ഥാൻ ചരിത്രം സൃഷ്ടിച്ചത്. ഏകദിന ചരിത്രത്തിലെ പാകിസ്ഥാൻ ടീമിനെതിരായ തങ്ങളുടെ ആദ്യ വിജയമാണ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ സ്വന്തമാക്കിയത്. മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമായിരുന്നു അഫ്ഗാനിസ്ഥാൻ നേടിയത്. അഫ്ഗാനിസ്ഥാനായി നൂർ അഹമ്മദാണ് ബോളിങ്ങിൽ തിളങ്ങിയത്. ബാറ്റിംഗിൽ ഗുർബാസും സദ്രാനും അടക്കമുള്ള മുൻനിര ബാറ്റർമാർ മികവു പുലർത്തിയപ്പോൾ അഫ്ഗാനിസ്ഥാൻ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ടൂര്‍ണമെന്‍റിലെ മൂന്നാം തോല്‍വിയാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്. 5 മത്സരങ്ങളില്‍ നിന്നും 4 പോയിന്‍റുമായി പാക്കിസ്ഥാന്‍ അഞ്ചാമതാണ്.

ചെന്നൈയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് പാക്കിസ്ഥാന് തങ്ങളുടെ ഓപ്പണർ ഷഫീഖ് നൽകിയത്. ഒപ്പം നായകൻ ബാബർ ആസമും ക്രീസിലുറച്ചതോടെ പാകിസ്ഥാൻ വലിയൊരു സ്കോറിലേക്ക് കുതിക്കുകയായിരുന്നു. ഇരുവരും ചേർന്ന് പാകിസ്ഥാന് മികച്ച ഒരു പ്ലാറ്റ്ഫോം നൽകി.

ഷഫീഖ് മത്സരത്തിൽ 75 പന്തുകളിൽ 58 റൺസാണ് നേടിയത്. നായകൻ ബാബർ ആസാം 92 പന്തുകളിൽ 74 റൺസ് നേടുകയുണ്ടായി. 4 ബൗണ്ടറികളും ഒരു സിക്സറും ബാബർ അസമിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. എന്നാൽ കൃത്യമായ സമയങ്ങളിൽ ബാറ്റർമാർക്ക് സ്കോറിംഗ് റേറ്റ് ഉയർത്താൻ സാധിക്കാതെ വന്നത് പാക്കിസ്ഥാനെ ബാധിക്കുകയുണ്ടായി.

അവസാന ഓവറുകളിൽ ശതാബ് ഖാനും(40) ഇഫ്തിക്കാര്‍ അഹമ്മദുമാണ് ഭേദപ്പെട്ട ഫിനിഷിംഗ് പാകിസ്ഥാന് നൽകിയത്. ഇഫ്തിക്കാർ അഹമ്മദ് 27 പന്തുകളിൽ 2 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 40 റൺസ് പാകിസ്ഥാനായി സ്വന്തമാക്കി. ഇങ്ങനെ പാക്കിസ്ഥാൻ 282 എന്ന സ്കോറിൽ എത്തുകയായിരുന്നു.

Read Also -  കിവികളെ തുരത്തിയടിച്ച് അഫ്ഗാൻ ഫയർ🔥🔥 84 റൺസിന്റെ വമ്പൻ വിജയം

മറുവശത്ത് അഫ്ഗാനിസ്ഥാന് വേണ്ടി സ്പിന്നർ നൂർ അഹമ്മദ് 3 വിക്കറ്റുകളും പേസർ നവീൻ ഉൾ ഹക്ക് 2 വിക്കറ്റുകളും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് ഒരു വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഇബ്രാഹിം സദ്രാനും ഗുർബാസും ആദ്യ വിക്കറ്റിൽ തന്നെ പാക്കിസ്ഥാനെ വിറപ്പിക്കുകയുണ്ടായി. ഇരുവരും കൃത്യമായി പാക്കിസ്ഥാൻ പേസർമാരെ നേരിട്ടു. ആദ്യ വിക്കറ്റിൽ 130 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്.

സദ്രാൻ മത്സരത്തിൽ 113 പന്തുകളിൽ 87 റൺസ് നേടി. ഗുർബാസ് 53 പന്തുകളിൽ 9 ബൗണ്ടറികളും ഒരു സിക്സറുടക്കം 65 റൺസാണ് നേടിയത്. എന്നാൽ ഇരുവരെയും ചെറിയ ഇടവേളയിൽ പുറത്താക്കാൻ പാകിസ്താന് സാധിച്ചു. എന്നാൽ പിന്നീടെത്തിയ റഹ്മത്ത് ഷായും നായകൻ ഷഹീദിയും വീണ്ടും ഒരു കൂട്ടുകെട്ട് കെട്ടിപടുത്തുന്നത് പാക്കിസ്ഥാന് വിലങ്ങു തടിയായി മാറി. മത്സരത്തിൽ റഹ്മത്ത് ഷാ 84 പന്തുകളിൽ 77 റൺസ് നേടി. ഷാഹിദി 45 പന്തുകളിൽ 48 റൺസാണ് നേടിയത്. ഇരുവരും മത്സരത്തിൽ മികവ് കാട്ടിയതോടെ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.

Scroll to Top