പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ അഞ്ചു റൺസിന് പരാജയമറിഞ്ഞെങ്കിലും ഒരുപാട് പോസിറ്റീവുകൾ രാജസ്ഥാൻ റോയൽസിന് എടുത്തു പറയാനുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് യുവതാരം ധ്രുവ് ജുറലിന്റെ മിന്നുന്ന ബാറ്റിംഗ് പ്രകടനം. മത്സരത്തിൽ ഇമ്പാക്ട് പ്ലെയറായി എത്തിയ ജുറൽ അവസാന ഓവറുകളിൽ രാജസ്ഥാന്റെ പ്രതീക്ഷ കാക്കുകയായിരുന്നു. മത്സരത്തിൽ 197 എന്ന ബാലികേറാമല ചേസ് ചെയ്ത രാജസ്ഥാനായി അവസാന ഓവറകളിൽ ജുറൽ അടിച്ചു തകർത്തു. അവസാന രണ്ട് ഓവറുകളിൽ മത്സരത്തിൽ രാജസ്ഥാന് വിജയിക്കാൻ വേണ്ടത് 34 റൺസ് ആയിരുന്നു. അവിടെയാണ് ജുറൽ സംഹാരമായത്.
ഇന്ത്യയുടെ പ്രൈം ഫാസ്റ്റ് ബോളറായ അർഷദീപ് സിംഗാണ് പത്തൊമ്പതാം ഓവറെറിഞ്ഞത്. ഓവറിൽ അർഷദീപിനെ രണ്ട് ബൗണ്ടറികൾക്കും ഒരു സിക്സറിനും പായിച്ച് ജൂറൽ രാജസ്ഥാന് പ്രതീക്ഷ നൽകി. അവസാന ഓവറിൽ സാം കരൻ കൃത്യതയോടെ പന്തെറിഞ്ഞതായിരുന്നു രാജസ്ഥാൻ റോയൽസ് മത്സരത്തിൽ പരാജയപ്പെടാൻ കാരണമായത്. മത്സരത്തിൽ 15 പന്തുകളിൽ 32 റൺസായിരുന്നു ജുറൽ നേടിയത്. ഇന്നിങ്സിൽ മൂന്നു ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ട മത്സരശേഷം ജുറലിന്റെ ഈ ഇന്നിങ്സിനെ പറ്റി സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.
“ജുറലിന്റെ ബാറ്റിംഗ് ഒരുപാട് സന്തോഷം നൽകുന്നതാണ്. കഴിഞ്ഞ സീസണുകളിലും ജൂറൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പരിശീലകരും മറ്റും ഒരുപാട് പ്രയത്നങ്ങൾ അയാൾക്ക് പിന്നിൽ ചെയ്തിട്ടുണ്ട്. ഞങ്ങൾ വളരെ സന്തോഷവാന്മാരാണ്. ഐപിഎൽ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണ് ഞങ്ങൾ ക്യാമ്പുകൾ ആരംഭിക്കാറുള്ളത്. എന്നാൽ ഈ കളിക്കാരൊക്കെയും അഞ്ചാഴ്ചകളോളം പരിശീലനത്തിൽ ഏർപ്പെടാറുണ്ട്.”- സഞ്ജു സാംസൺ പറഞ്ഞു.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിനായി ക്യാപ്റ്റൻ ശിഖർ ധവാനും(86) പ്രഭ്സിറാനും(60) അടിച്ചുതകർത്തപ്പോൾ പഞ്ചാബ് 197 എന്ന വമ്പൻ സ്കോറിൽ എത്തി. മറുപടി ബാറ്റിംഗിൽ സഞ്ജു സാംസനും(42) ഹെറ്റ്മയറും(36) ധ്രുവ് ജുറലും(32) പൊരുതിയെങ്കിലും അഞ്ചു റൺസിന് രാജസ്ഥാൻ പരാജയമേറ്റുവാങ്ങുകയായിരുന്നു. പഞ്ചാബ് കിംഗ്സിനായി നതാൻ എലിസ് നാലു വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി.