2023 ഏകദിന ലോകകപ്പ് അഫ്ഗാനിസ്ഥാൻ ടീമിനെ സംബന്ധിച്ച് വളരെ മികച്ച ഒരു ടൂർണമെന്റ് ആയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ തകർപ്പൻ പ്രകടനങ്ങളാണ് അഫ്ഗാനിസ്ഥാൻ ടീം കാഴ്ചവച്ചത്. മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും ശ്രീലങ്കയെയും 2023 ലോകകപ്പിൽ പരാജയപ്പെടുത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു.
അതിനാൽ തന്നെ മികച്ച വിജയങ്ങൾക്ക് ശേഷം തലയുയർത്തിയാണ് അഫ്ഗാനിസ്ഥാൻ നാട്ടിലേക്ക് മടങ്ങിയത്. ടൂർണമെന്റിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും അഫ്ഗാനിസ്ഥാൻ വിജയത്തിനടുത്ത് വരെ എത്തുകയുണ്ടായി. പക്ഷേ മാക്സ്വെല്ലിന്റെ വെടിക്കെട്ടിൽ അഫ്ഗാനിസ്ഥാൻ വീഴുകയായിരുന്നു. 9 മത്സരങ്ങൾ 2023 ലോകകപ്പിൽ കളിച്ച അഫ്ഗാനിസ്ഥാൻ 4 വിജയങ്ങൾ സ്വന്തമാക്കുകയും ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു.
എന്നാൽ ടൂർണമെന്റിന് മുൻപ് അഫ്ഗാനിസ്ഥാൻ ടീമിന്റെ മെന്ററായി ഇന്ത്യയുടെ മുൻതാരം അജയ് ജഡേജ സ്ഥാനമേറ്റതും അന്ന് പ്രധാന വാർത്തയായിരുന്നു. ജഡേജയുടെ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനം നടത്തിയത്. ജഡേജയെ ഇറക്കാനുള്ള അഫ്ഗാനിസ്ഥാന്റെ നീക്കം ഫലം കാണുകയായിരുന്നു.
ഇത് അഫ്ഗാനിസ്ഥാൻ ടീമിനെയും ഹസ്മത്തുള്ള ഷാഹിദി എന്ന നായകനെയും വളരെയധികം സഹായിക്കുകയും ചെയ്തു. ടൂർണമെന്റിനുശേഷം അഫ്ഗാനിസ്ഥാൻ പരിശീലകൻ ജൊനാദൻ ട്രോട്ട് അജയ് ജഡേജയെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സാഹചര്യത്തിൽ കളിച്ചു പരിചയമുള്ള ജഡേജയുടെ അനുഭവസമ്പത്ത് തങ്ങൾക്ക് ടൂർണമെന്റിൽ ഗുണകരമായി എന്നായിരുന്നു ട്രോട്ട് പറഞ്ഞത്.
ജഡേജയെ സംബന്ധിച്ച് ഇപ്പോൾ ഒരു വമ്പൻ വെളിപ്പെടുത്തലാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടത്തിയിരിക്കുന്നത്. തങ്ങളുടെ ടീമിന്റെ മെന്റർ ആയിരിക്കാൻ ജഡേജ പണം വാങ്ങിയിരുന്നില്ല എന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സിഇഒ നസീബ് ഖാൻ പറഞ്ഞിരിക്കുന്നത്. അഫ്ഗാനിസ്ഥാനായി നടത്തിയ തന്റെ സേവനങ്ങൾക്ക് പണം ജഡേജ കൈപ്പറ്റിയില്ല എന്ന് അധികാരി പറയുകയുണ്ടായി. “നിങ്ങൾ ഇവിടെ നന്നായി കളിക്കുകയാണെങ്കിൽ അതാണ് പണമായി പ്രതിഫലമായും എനിക്ക് ആവശ്യം”, ഇതായിരുന്നു ജഡേജ അഫ്ഗാനിസ്ഥാൻ ടീമിനോട് പറഞ്ഞത്.
അഫ്ഗാനിസ്ഥാൻ ടീമിന്റെ ഈ വെളിപ്പെടുത്തലിന് ശേഷം വലിയ രീതിയിലുള്ള പ്രശംസയാണ് ജഡേജയെ തേടി എത്തിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ആരാധകർ ജഡേജയെ പുകഴ്ത്തിക്കൊണ്ട് സംസാരിക്കുകയുണ്ടായി. ഒരു ചെറിയ ടീമിന് ഇത്രമാത്രം പിന്തുണ നൽകി ശക്തരാക്കാൻ ജഡേജയ്ക്ക് സാധിച്ചത് അനുഗ്രഹമാണ് എന്ന് ആരാധകർ പറയുകയുണ്ടായി.
2024 ട്വന്റി20 ലോകകപ്പിലും ഇതുവരെ മികച്ച പ്രകടനങ്ങളാണ് അഫ്ഗാനിസ്ഥാൻ ടീം കാഴ്ച വെച്ചിട്ടുള്ളത്. ന്യൂസിലാൻഡ് അടക്കമുള്ള ടീമുകളെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ ഇപ്പോൾ സൂപ്പർ എട്ടിലേക്ക് കടന്നിട്ടുണ്ട്.