രോഹിതല്ല, അവനാണ് ലോകകപ്പിൽ ഇന്ത്യയെ നയിക്കേണ്ടത്. അങ്ങനെയെങ്കിൽ കപ്പ് ഉറപ്പ്. മുൻ പാക് താരം പറയുന്നു.

2023 ഏകദിന ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യയുടെ മണ്ണിൽ നടക്കുന്നതിനാൽ തന്നെ ലോകകപ്പിൽ ഇന്ത്യ ഫേവറേറ്റ് ടീമുകളിൽ ഒന്നാണ്. രോഹിത് ശർമയാണ് ഇക്കുറി ഇന്ത്യയുടെ ടീം നായകൻ. കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

എന്നിരുന്നാലും വലിയ പ്രതീക്ഷയോടെ തന്നെയാണ് 2023 ലോകകപ്പിനെ രോഹിത്തും കൂട്ടരും നോക്കിക്കാണുന്നത്. എന്നാൽ ഇന്ത്യ വിരാട് കോഹ്ലിയെ തന്നെ നായക സ്ഥാനത്തേക്ക് എത്തിച്ച് ലോകകപ്പിൽ ടീമിനെ അണിനിരത്തണമായിരുന്നു എന്നാണ് മുൻ പാകിസ്ഥാൻ താരം റാഷിദ് ലത്തീഫ് പറയുന്നത്. കോഹ്ലി നായകസ്ഥാനത്തേക്ക് എത്തിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പിൽ കിരീടം ചൂടാൻ സാധിച്ചേനെ എന്ന് ലത്തീഫ് പറയുന്നു.

ഇന്ത്യൻ ടീമിൽ നിലവിൽ താരങ്ങൾക്ക് നിലയുറപ്പിച്ച് തങ്ങളുടെ കരിയർ ഉയർത്താൻ സാധിക്കുന്നില്ല എന്ന് ലത്തീഫ് പറയുകയുണ്ടായി. പലപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നതിനു മുൻപ് താരങ്ങൾക്ക് തങ്ങളുടെ ടീമിലെ സീറ്റ് നഷ്ടമാവുകയാണ് എന്നും ലത്തീഫ് കൂട്ടിച്ചേർക്കുന്നു. “ഇന്ത്യ വിരാട് കോഹ്ലി നായകനായി തുടരാൻ അനുവദിക്കേണ്ടിയിരുന്നു.

അങ്ങനെയായിരുന്നുവെങ്കിൽ ഈ സമയത്തിനുള്ളിൽ തന്നെ ഒരു മികച്ച ലോകകപ്പ് ടീം കെട്ടിപ്പടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നു. മാത്രമല്ല ഇന്ത്യക്ക് കിരീടം ഉയർത്താനുള്ള സാധ്യതകളും വർദ്ധിച്ചേനെ. ഒരുപാട് പരീക്ഷണങ്ങളിലൂടെയാണ് ഇന്ത്യ ഇപ്പോൾ കടന്നുപോകുന്നത്. തങ്ങളുടെ മധ്യനിരയിലും ലോവർ ഓർഡറിലുമൊക്കെയും ഇന്ത്യ പരീക്ഷണങ്ങൾ നടത്തിക്കഴിഞ്ഞു.”- ലത്തീഫ് പറയുന്നു.

“ടീമിലെ താരങ്ങൾക്ക് നിലയുറപ്പിച്ച് ഒരു മികച്ച കരിയർ പടുത്തുയർത്താൻ സാധിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. പലരും അത് ശ്രമിക്കുമ്പോൾ തന്നെ അവരുടെ ടീമിലെ സീറ്റ് നഷ്ടമാകുന്നു. ഇന്ത്യൻ ടീമിൽ കെഎൽ രാഹുലും ശ്രേയസ് അയ്യരും വലിയ പരിക്കിൽ നിന്ന് മടങ്ങി വരികയാണ്. അവരിൽ കൂടുതലായി വിശ്വാസമർപ്പിക്കുന്നത് ഇന്ത്യയെ ബാധിക്കാനും സാധ്യതയുണ്ട്.”- ലത്തീഫ് കൂട്ടിച്ചേർത്തു.

മുൻപ് മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു ശേഷമായിരുന്നു വിരാട് കോഹ്ലിയെ ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നിരുന്നാലും കോഹ്ലിയുടെ നായകത്വത്തിൽ ഒരു ഐസിസി കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഇതിനെ തുടർന്ന് 2021 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യ നായകസ്ഥാനം രോഹിത് ശർമ്മയ്ക്ക് കൈമാറുകയുണ്ടായി. ഈ ലോകകപ്പിൽ നായകൻ എന്ന നിലയിൽ രോഹിത് ശർമ്മ മികവുപുലർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleപ്രതിഭയിലല്ല കാര്യം, ടീമിൽ കളിക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യണം. സഞ്ജുവിന് രോഹിത്തിന്റെ ഉപദേശം.
Next articleതീപാറുന്ന ബുമ്രയുടെ തിരിച്ചുവരവ്. ആദ്യ ഓവറില്‍ 2 വിക്കറ്റ്