വരാനിരിക്കുന്ന ജൂൺ പതിനെട്ട് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശദിനമാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീം കരുത്തരായ കിവീസിനെ ഇംഗ്ലണ്ടിലെ മൈതാനത്തിൽ നേരിടുമ്പോൾ പോരാട്ടം കനക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ വിലയിരുത്തുന്നത്. ഇംഗ്ലണ്ടിലെ വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും ഒപ്പം മൂടികെട്ടിയ അന്തരീക്ഷവും ഫാസ്റ്റ് ബൗളിംഗിന് അനുകൂലമാകുമെന്നാണ് പൊതുവായ വിലയിരുത്തൽ. ഫൈനലിന് മുൻപായി മുൻ കിവീസ് ഫാസ്റ്റ് ബൗളർ ഷെയ്ൻ ബോണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നൽകുന്ന മുന്നറിയിപ്പാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായി മാറുന്നത്.
പ്രഥമ ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ രണ്ട് ടീമിനും ടോസ് നിർണ്ണായകമാകുമെന്ന് പറഞ്ഞ ബോണ്ട് ഇന്ത്യൻ ടീമും ടോസ് ലഭിക്കാൻ വളരെയേറെ ആഗ്രഹിക്കും എന്നും തുറന്ന് പറഞ്ഞു.മുൻ കിവീസ് ഫാസ്റ്റ് ബൗളറായ അദ്ദേഹം കിവീസ് ടീമിന്റെ വിജയവും ഒപ്പം ടെസ്റ്റ് ലോകകപ്പ് കിരീടം വിജയവുമാണ് പ്രവചിക്കുന്നത്. ഇന്ത്യൻ ടീമിന്റെ ഫൈനലിലെ പ്ലെയിങ് ഇലവൻ ഏറെ പ്രധാനമാണെന്ന് പറഞ്ഞ അദ്ദേഹം കിവീസ് നിരയിൽ നാല് ഫാസ്റ്റ് ബൗളർമാർ ഉറപ്പെന്നും അഭിപ്രായപ്പെട്ടു.
“ഫൈനലിൽ ടോസ് അതീവ നിർണായക ഘടകമാകും.ടോസ് നേടുന്നത് കിവീസ് ടീമെങ്കിൽ അവർക്ക് ഇന്ത്യയെ ആദ്യത്തെ ദിന തന്നെ ആദ്യ ഇന്നിങ്സിൽ ചെറിയ സ്കോറിൽ ഒതുക്കാൻ കഴിയും. ടോസ് ഇരു ടീമിനും പ്രധാനമാണ്. ഫൈനലിന് മുൻപായി വില്യംസണും സംഘവും രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരെ കളിച്ചത് സഹായകമാകും ഫൈനൽ മത്സരത്തിൽ അവർക്ക്.ഏതൊരു ടീമിനും മത്സര പരിചയം മുൻതൂക്കം നൽകും ” ബോണ്ട് അഭിപ്രായം വിശദമാക്കി.
അതേസമയം ഇന്ത്യൻ ടീമിൽ മൂന്ന് ഫാസ്റ്റ് ബൗളർമാർ കളിക്കാനാണ് വളരെയേറെ സാധ്യതയെന്ന് പറഞ്ഞ ബോണ്ട് അശ്വിൻ, ജഡേജ എന്നിവർക്ക് എതിരെ കിവീസ് ടീം പദ്ധതികളോടെ കളിക്കണമെന്നും തുറന്ന് പറഞ്ഞു.ടോസ് നേടുന്ന കിവീസ് ടീമിന് ജയവും ഉറപ്പെന്നാണ് ഇപ്പോൾ ഷെയ്ൻ ബോണ്ടിന്റെ അഭിപ്രായം.