ദുബെ ബോൾ ചെയ്യുന്നില്ലെങ്കിൽ, സഞ്ജു ഇന്ത്യയ്ക്കായി ഇറങ്ങണം. പിന്തുണയുമായി ശ്രീശാന്ത്.

sanju samson and dube

2024 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരം കാനഡയ്ക്കെതിരെ കളിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. ആദ്യ 3 മത്സരങ്ങളിലും ആധികാരികമായ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ നാലാം മത്സരത്തിന് ഇറങ്ങുന്നത്. ഇതിനോടകം തന്നെ സൂപ്പർ 8ലേക്ക് യോഗ്യത നേടിയതിനാൽ തന്നെ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾ പ്രകടമാണ്. കഴിഞ്ഞ 3 മത്സരങ്ങളിലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയുടെ ഓപ്പണിങ് താരം വിരാട് കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിൽ ഇന്ത്യ കോഹ്ലിക്ക് പകരം മറ്റൊരു കോമ്പിനേഷൻ കാനഡയ്ക്കെതിരെ പരീക്ഷിക്കുമോ എന്ന കാര്യമാടക്കം ചർച്ചയാവുന്നുണ്ട്. ഇതിനിടെ മത്സരത്തിൽ സഞ്ജു സാംസനെ ഇന്ത്യ പരീക്ഷിക്കേണ്ടതുണ്ട് എന്ന ആവശ്യം മുൻപോട്ട് വെച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്.

ഇന്ത്യയുടെ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെട്ടിട്ടും ആദ്യ 3 മത്സരങ്ങളിൽ മൈതാനത്തിറങ്ങാൻ സഞ്ജു സാംസന് സാധിച്ചിരുന്നില്ല. ഇന്ത്യ ആദ്യ മത്സരങ്ങളിൽ റിഷഭ് പന്തിനെയാണ് തങ്ങളുടെ വിക്കറ്റ് കീപ്പറായി മൈതാനത്ത് ഇറക്കിയത്. ശേഷമാണ്, ശിവം ദുബെയ്ക്ക് പകരക്കാരനായി ഇന്ത്യ സഞ്ജു സാംസനെ പരീക്ഷിക്കേണ്ടതുണ്ട് എന്ന് ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്.

ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിൽ സഞ്ജു സാംസണിന് ഇന്ത്യ അവസരം നൽകിയിരുന്നു. എന്നാൽ ഇത് കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ സഞ്ജുവിന് സാധിച്ചില്ല. ശേഷമാണ് സഞ്ജുവിനെ ഇന്ത്യ ടീമിൽ നിന്നും മാറ്റി നിർത്തിയത്. എന്നാൽ ഇപ്പോൾ ഇന്ത്യ മാറി ചിന്തിക്കണം എന്നാണ് ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്.

Read Also -  ഇത് വേറെ ലെവല്‍. വമ്പന്‍ നിയമങ്ങളുമായി ഐപിഎല്‍ സീസണ്‍ എത്തുന്നു.

“രോഹിത് ശർമയും വിരാട് കോഹ്ലിയുമാണ് ഓപ്പണിങ് ഇറങ്ങുന്നതെങ്കിൽ ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഞാൻ മറ്റു മാറ്റങ്ങൾ ഒന്നുംതന്നെ കാണുന്നില്ല. അക്ഷർ പട്ടേൽ ഇപ്പോൾ വളരെ മികച്ച രീതിയിൽ പന്ത് എറിയുന്നുണ്ട്. ശിവം ദുബെയുടെ കാര്യത്തിലേക്ക് വന്നാൽ ആദ്യ 2 മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിച്ചിരുന്നില്ല. എന്നാൽ ബാറ്റിംഗിൽ അവന് എത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് നമുക്ക് പൂർണ്ണമായി അറിയാം. എന്നിരുന്നാലും അടുത്ത മത്സരത്തിൽ ഞാൻ ഒരു മാറ്റം കാണുന്നുണ്ട്. സഞ്ജു സാംസൺ ടീമിലേക്ക് മടങ്ങിയെത്തണം എന്നാണ് ഞാൻ കരുതുന്നത്.”- ശ്രീശാന്ത് പറഞ്ഞു.

“വരും മത്സരങ്ങളിൽ ശിവം ദുബെ ബോൾ ചെയ്യുന്നില്ലെങ്കിൽ ഇന്ത്യ സഞ്ജു സാംസണ് അവസരം നൽകണം. കാരണം അവൻ നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് എന്ന് നമുക്കറിയാം. കഴിഞ്ഞ ദിവസം ഞാൻ സഞ്ജു സാംസനുമായി സംസാരിക്കുകയുണ്ടായി. അവസരത്തിനായി അവൻ കാത്തിരിക്കുകയാണ്. ഇപ്പോൾ മികച്ച ഫോമിലാണ് അവനുള്ളത്. വിക്കറ്റ് കീപ്പിംഗ് ഒഴിച്ചുനിർത്തിയാലും ഒരു സൂപ്പർ ഫീൽഡറായി സഞ്ജുവിന് ടീമിൽ തിളങ്ങാൻ സാധിക്കും.”

“അങ്ങനെയെങ്കിൽ സഞ്ജു ഹർദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജയ്ക്കും ഒപ്പം മധ്യനിരയിലിറങ്ങണം എന്നാണ് എനിക്ക് തോന്നുന്നത്. വലിയ സ്കോറുകൾ നമ്മൾ ചെയ്സ് ചെയ്യുമ്പോൾ സഞ്ജുവിന് മത്സരം ഫിനിഷ് ചെയ്യാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. എത്ര വലിയ സ്കോർ ആയാലും നമുക്ക് പ്രയാസമുണ്ടാവില്ല.”- ശ്രീശാന്ത് കൂട്ടിച്ചേർത്തു.

Scroll to Top