ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ ഇത്രത്തോളം വിഷമിച്ച മറ്റൊരു കാലയളവ് കാണില്ല. ഇത്തവണ ടി :20 ലോകകപ്പ് കിരീടം നേടുമെന്ന് എല്ലാവരും ഉറച്ച് വിശ്വസിച്ച ഇന്ത്യൻ ടീം സൂപ്പർ 12 റൗണ്ടിൽ നേരിട്ടത് തുടർച്ചയായ വമ്പൻ തോൽവികൾ. ഐസിസി ലോകകപ്പ് വേദികളിൽ ഇതുവരെ പാകിസ്ഥാൻ ടീമിനോട് തോറ്റിട്ടില്ല എന്നുള്ള അപൂർവ്വ റെക്കോർഡ് നഷ്ടമായ ഇന്ത്യൻ ടീം കിവീസിനോടും തോൽവി വഴങ്ങി സെമി ഫൈനൽ പ്രതീക്ഷകൾ എല്ലാം ഏകദേശം നഷ്ടമായ സ്ഥിതിയിലാണ്. സൂപ്പർ 12 റൗണ്ടിൽ ഒരുവേള ഒരൽപ്പം പോലും പോരാടുവാൻ കഴിയാതെ ദയനീയമാണ് ഇന്ത്യൻ ടീമിന്റെ മുന്നേറ്റം. ബാറ്റിങ്ങിൽ സീനിയർ താരങ്ങളായ കോഹ്ലി, രോഹിത്, രാഹുൽ എന്നിവർ എല്ലാം പരാജയമായി മാറുമ്പോൾ ജഡേജ, റിഷാബ് പന്ത് എന്നിവർക്ക് ഐപിൽ ഫോമിലേക്ക് പോലും എത്താൻ കഴിയുന്നില്ല.
അതേസമയം ലോകകപ്പിലെ മോശം ഫോമിന് പിന്നാലെ ഇന്ത്യൻ ടീമിനെ വളരെ അധികം വിമർശിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. സീനിയർ താരങ്ങളായ കോഹ്ലിയും രോഹിത്തും എല്ലാ മത്സരത്തിലും തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടെന്നും കപിൽ ദേവ് ചൂണ്ടികാണിക്കുന്നു.ടീമിലെ സ്ഥാപിത കളിക്കാർക്ക് തിളങ്ങാനായി സാധിക്കുന്നില്ലെങ്കിൽ അവരെല്ലാം യുവ താരങ്ങൾക്കായി മാറണമെന്നാണ് കപിൽ ദേവിന്‍റെ അഭിപ്രായം.
“മറ്റുള്ള ടീമുകളെ ആശ്രയിച്ചുള്ള മുന്നേറ്റം ഇന്ത്യൻ ടീം ഒരിക്കലും അംഗീകരിക്കില്ല. എല്ലാ അർഥത്തിലും നമുക്ക് ലോകകപ്പ് സെമിയിൽ എത്തണമെങ്കിലോ കിരീടം നേടാണമെങ്കിലും സ്വന്തം മികവിൽ ആ നേട്ടത്തിലേക്ക് എത്തണം.ടീമിലെ ചില വമ്പൻ താരങ്ങൾക്ക് പോലും ഇത്തരം നിർണായക ടൂർണമെന്റുകളിൽ പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് എപ്രകാരമാകണമെന്നത് എന്റെ അഭിപ്രായത്തിൽ സെലക്ടർമാർ തന്നെ തീരുമാനിക്കണം.ഐപിഎല്ലിൽ മിന്നും പ്രകടനം ആവർത്തിക്കുന്നവരും എല്ലാ തരത്തിലും പുതുമ നൽകാൻ കഴിയുന്ന താരങ്ങളും ഇന്ത്യൻ ടീമിലുണ്ട് “കപിൽ ദേവ് നിരീക്ഷിച്ചു