അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിനോളം റെക്കോർഡുകൾ സൃഷ്ടിച്ച മറ്റൊരു ബാറ്റ്‌സ്മാൻ ഇല്ല. ലോക ക്രിക്കറ്റിലെ ഇതിഹാസ താരമായ സച്ചിൻ തന്നെയാണ് ഏകദിന ക്രിക്കറ്റിൽ ആദ്യത്തെ ഇരട്ട സെഞ്ച്വറി എന്നുള്ള റെക്കോർഡും സ്വന്തമാക്കിയത്. സൗത്താഫ്രിക്കക്ക് എതിരെ ഗ്വാളിയോറിൽ നടന്ന ഏകദിന മത്സരത്തിലാണ് സച്ചിൻ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ഇരട്ട സെഞ്ച്വറി നേട്ടത്തിന് അവകാശിയായത്.
വെറും 147 ബോളില്‍ 25 ബൗണ്ടറികളും 3 സിക്സ് അടക്കം 200 റൺസ് അടിച്ച സച്ചിൻ ആദ്യമായി തന്റെ സെഞ്ചുറി നേട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ. വേദന സംഹാരികൾ അടക്കം ധാരാളം കഴിച്ചാണ് താൻ ഇരട്ടി സെഞ്ച്വറിയിലേക്ക് എത്തിയതെന്ന് പറഞ്ഞ സച്ചിൻ ആ ദിനം താൻ ഒരിക്കലും ജീവിതത്തിൽ മറക്കില്ല എന്നും വിശദമാക്കി.
“എനിക്ക് അന്നത്തെ ദിവസം ഇന്നും ഓർമയുണ്ട്. അന്നത്തെ ആ ഒരു മത്സര ദിനം കളിക്കാൻ പറ്റുമോയെന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു. അന്ന് ഞാൻ കഠിന വേദന സഹിക്കാനായി കഴിയാതെ വേദന സംഹാരികൾ അടക്കം കഴിച്ചാണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.മത്സരദിവസം എനിക്ക് ശരീരം മുഴുവന്‍ കഠിനമായ വേദനയായിരുന്നു. ഞാൻ ഫിസിയോക്ക് ഒപ്പം ധാരാളം സമയം ചിലവഴിച്ചാണ് കളിക്കാനായി തീരുമാനിച്ചത്. ഞാൻ എന്റെ വേദന എല്ലാം അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് കളിക്കാൻ തീരുമാനിച്ചതും.”സച്ചിൻ വെളിപ്പെടുത്തി.
“ഞാൻ ബാറ്റിംഗിന് എത്തിയപ്പോൾ ഒരു നിമിഷം പോലും വേദനയെ കുറിച്ച് ചിന്തിച്ചില്ല. എനിക്ക് വളരെ ഫ്രീയായി കളിക്കാൻ സാധിച്ചു. ഞാൻ ഒരിക്കലും ഇരട്ട സെഞ്ച്വറിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. സെഞ്ച്വറി അടിച്ച ശേഷം ഞാൻ സമ്മർദ്ദമില്ലാതെ കളിക്കാൻ ശ്രമിച്ചു “സച്ചിൻ പറഞ്ഞു