അവസാന ഓവറുകളിൽ ഞാൻ ബുമ്രയെ മാത്രമാണ് വിശ്വസിച്ചത് , അതവന്റെ ടെറിറ്ററി. സിറാജിന്റെ വാക്കുകൾ.

384022

ഒരു അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയുടെ മികവിൽ 176 റൺസാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് സാധിച്ചു.

മത്സരത്തിന്റെ അവസാന 5 ഓവറുകളിൽ കേവലം 30 റൺസ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഇവിടെ നിന്നാണ് ശക്തമായ ബോളിംഗ് പ്രകടനവുമായി ബൂമ്രയും ഹർദിക് പാണ്ട്യയും അർഷദ്ദീപ് സിംഗും ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തെപ്പറ്റി വികാരഭരിതനായാണ് മുഹമ്മദ് സിറാജ് സംസാരിച്ചത്.

അവസാന ഓവറുകളിൽ തന്റെ ഏക പ്രതീക്ഷ ബൂമ്രയായിരുന്നു എന്ന് സിറാജ് പറയുകയുണ്ടായി. മത്സരം തിരിക്കാൻ ബൂമ്രക്ക് സാധിക്കുമെന്ന് താൻ ഉറച്ചു വിശ്വസിച്ചിരുന്നതായും സിറാജ് പറഞ്ഞു. എന്താണോ താൻ മനസ്സിൽ വിചാരിച്ചത് അതാണ് മത്സരത്തിൽ സംഭവിച്ചതെന്ന് സിറാജ് കരുതുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ പരാജയമറിഞ്ഞത് വലിയ നിരാശ ഉണ്ടാക്കിയിരുന്നുവെന്നും ഇപ്പോൾ വലിയ സന്തോഷം തനിക്ക് തോന്നുന്നുണ്ട് എന്നുമാണ് സിറാജ് മത്സരശേഷം പറഞ്ഞത്. എല്ലാവരോടും നന്ദി പറഞ്ഞാണ് സിറാജ് വാക്കുകൾ അവസാനിപ്പിച്ചത്.

“മത്സരത്തിന്റെ അവസാന സമയങ്ങളിൽ എന്റെ വിശ്വാസം ബുമ്ര മാത്രമായിരുന്നു. മത്സരം തിരിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. അദ്ദേഹം മാത്രമാണ് അത്തരം സാഹചര്യത്തിൽ ഗെയിം ചേഞ്ചർ. ഞാൻ എന്താണോ മനസ്സിൽ വിചാരിച്ചത്, അതാണ് കൃത്യമായി മത്സരത്തിൽ സംഭവിച്ചത്. അവിശ്വസനീയമായ വികാരമാണ് ഇപ്പോഴുള്ളത്. ഒന്നുംതന്നെ വിവരിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഞങ്ങൾ പരാജയം ഏറ്റുവാങ്ങിയിരുന്നു. എല്ലാ പ്രൊഫഷണൽ ക്രിക്കറ്റർമാർക്കും ലോകകപ്പ് ഫൈനലിൽ വിജയം സ്വന്തമാക്കുക എന്നത് വളരെ വലിയ കാര്യമാണ്. എനിക്ക് വലിയ സന്തോഷമുണ്ട്. എല്ലാവരോടും നന്ദി പറയുന്നു.”- സിറാജ് പറഞ്ഞു.

Read Also -  KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.

മത്സരത്തിന്റെ അവസാന ഓവറുകളിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ ബുമ്രയ്ക്കും ഹർദിക് പാണ്ട്യയ്ക്കും സാധിച്ചിരുന്നു. ബൂമ്ര മത്സരത്തിൽ 4 ഓവറുകളിൽ 18 റൺസ് മാത്രം വിട്ടുനൽകിയാണ് 2 വിക്കറ്റുകൾ സ്വന്തമാക്കിയത്. പാണ്ഡ്യ 3 ഓവറുകളിൽ 20 റൺസ് മാത്രം വിട്ട് നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.

ഇരുവരുടെയും മികവിന്റെ ബലത്തിലാണ് മത്സരത്തിൽ ഇന്ത്യ 7 റൺസിന്റെ വിജയം സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് ഒരു അവിശ്വസനീയ വിജയം തന്നെയാണ് ഫൈനൽ മത്സരത്തിൽ സ്വന്തമാക്കിയത്. 11 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യയ്ക്ക് ഒരു ഐസിസി ട്രോഫി ലഭിക്കുന്നത്.

Scroll to Top