ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ വലിയ വിവാദങ്ങൾ സൃഷ്ടിച്ച സംഭവമായിരുന്നു വിരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞതും, നിലവിലെ നായകൻ രോഹിത് ശർമ നായകസ്ഥാനം ഏറ്റെടുത്തതും. 2021 ലെ ട്വന്റി20 ലോകകപ്പിൽ കനത്ത പരാജയം ഇന്ത്യ ഏറ്റുവാങ്ങിയതിനു ശേഷമായിരുന്നു വിരാട് കോഹ്ലി തന്റെ ട്വന്റി20 നായകസ്ഥാനം രാജിവെച്ചത്. ശേഷം ഗാംഗുലി അടക്കമുള്ളവർ ഇടപെട്ടതോടുകൂടി ഏകദിന നായക സ്ഥാനവും വിരാട് കോഹ്ലിക്ക് രാജിവയ്ക്കേണ്ടി വന്നു.
ഇതിനുശേഷം പുതിയ നായകനായി ആരെത്തും എന്ന കാര്യത്തിൽ ഇന്ത്യ ചെറിയ രീതിയിൽ സമ്മർദ്ദത്തിലാവുകയും ചെയ്തു. പിന്നീടായിരുന്നു രോഹിത് ശർമ നായക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ആദ്യം രോഹിത് ശർമയെ പരിഗണിക്കുന്ന സമയത്ത് അദ്ദേഹം നായകനാവാൻ വിസമ്മതിച്ചിരുന്നു എന്നാണ് മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇപ്പോൾ പറയുന്നത്.
എന്തുകൊണ്ടാണ് ആദ്യം നായകനാവാൻ രോഹിത് ശർമ വിസമ്മതിച്ചത് എന്നും ഗാംഗുലി പറയുകയുണ്ടായി. “ഇന്ത്യയുടെ നായകനാവാൻ വേണ്ടി ആദ്യം രോഹിത് ശർമയെ സമീപിച്ചപ്പോൾ അവൻ തയ്യാറായിരുന്നില്ല. ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ നായകനായി മാറുമ്പോൾ തനിക്ക് സമ്മർദ്ദമേറും എന്നായിരുന്നു രോഹിത് ശർമ പറഞ്ഞത്. ഇത്തരത്തിൽ സമ്മർദം താങ്ങാൻ തനിക്ക് സാധിക്കില്ല എന്ന നിലപാട് രോഹിത് സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് ഞാൻ രോഹിത് ശർമയോട് സംസാരിക്കുകയും ഇക്കാര്യം സമ്മതിപ്പിക്കുകയും ചെയ്തു.”- സൗരവ് ഗാംഗുലി പറയുന്നു.
“ഇക്കാര്യത്തിൽ രോഹിത് ശർമയുടെ പൂർണമായ സമ്മതം വാങ്ങാതെയായിരുന്നു ഞാൻ അവനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ടീമിനെ വളരെ മികച്ച രീതിയിൽ മുന്നിലേക്ക് നയിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കുന്നുണ്ട് മനോഹരമായി രോഹിത് ടീമിനെ നയിക്കുന്നത് കാണുമ്പോൾ അന്നെടുത്ത ആ തീരുമാനം വളരെ ശരിയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.”- ഒരു പ്രമുഖ വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൗരവ് ഗാംഗുലി പറഞ്ഞു. എന്നാൽ ആ സമയത്ത് കോഹ്ലി നായകസ്ഥാനം ഒഴിയാനുള്ള പ്രധാന കാരണം ഗാംഗുലിയാണ് എന്ന് കോഹ്ലി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. രോഹിത് ശർമയെ നായക സ്ഥാനത്തെത്തിക്കാൻ ഗാംഗുലി ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
എന്നിരുന്നാലും അന്ന് സൗരവ് ഗാംഗുലി കൈക്കൊണ്ട തീരുമാനം അങ്ങേയറ്റം ശരിവയ്ക്കുന്ന പ്രകടനമാണ് രോഹിത് പിന്നീട് കാഴ്ച വെച്ചിട്ടുള്ളത്. 2022 ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പരാജയമറിഞ്ഞെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു ഇന്ത്യ ലീഗ് റൗണ്ടിൽ പുറത്തെടുത്തത്. ശേഷം 2023 ഏകദിന ലോകകപ്പിലും രോഹിത്തിന്റെ നേതൃത്വത്തിൽ ഇതുവരെ മികവാർന്ന പ്രകാരങ്ങൾ ഇന്ത്യ കാഴ്ചവെച്ചു കഴിഞ്ഞു. സെമിഫൈനലിലും ഫൈനൽ മത്സരത്തിലും വിജയം നേടി രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് കിരീടം ചൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.