ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചുരുങ്ങിയ കാലയളവിൽ തന്നെ ഏറെ തരംഗമായ പേസറാണ് നടരാജൻ. യൂഎഇയില്‍ നടന്ന 2020ലെ ഐപിൽ സീസണിൽ ഹൈദരാബാദ് ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത നടരാജൻ പിന്നീട് ഇന്ത്യൻ ടീമിനായി മൂന്ന് ഫോർമാറ്റിലും അരങ്ങേറി ഗംഭീര പ്രകടനമാണ് പുറത്തെടുത്തത് എങ്കിലും പരിക്ക് താരത്തിന് മുൻപിൽ വില്ലനായി എത്തി.
തുടർച്ചയായ പരിക്ക് കാരണം ടീമിൽ നിന്നും പുറത്തായ സ്റ്റാർ പേസർ ഇക്കഴിഞ്ഞ ഐപിഎല്ലിൽ കളിച്ചിരുന്നില്ല. എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങളും പരിക്കും കാരണം കളിക്കളത്തിലേക്ക് എത്താൻ കഴിയാത്ത താരം ഇപ്പോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവിന്റെ സൂചന നൽകുകയാണ്. ഏറെ വൈകാതെ താൻ സജീവ ക്രിക്കറ്റിലേക്ക് എത്തുമെന്നാണ് നടരാജന്‍റെ അഭിപ്രായം.
കളിക്കളത്തിലേക്ക് തിരികെ എത്താൻ താൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞ നടരാജൻ താൻ കളിക്കളത്തിലേക്ക് ഉടൻ എത്തുമെന്നും വ്യക്തമാക്കി.നിലവിൽ കോവിഡ് സാഹചര്യങ്ങൾക്കിടയിലും തമിഴ്നാട്ടിലെ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനത്തിലാണ് നടരാജൻ.ഐപിൽ മെഗാതാരാലേലത്തെയും താരം വളരെ പ്രതീക്ഷകളോടെയാണ് നോക്കുന്നത്. നേരത്തെ തന്റെ ഗ്രാമത്തിൽ ഒരു പുതിയ ക്രിക്കറ്റ് സ്റ്റേഡിയം പണികഴിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
“നിലവിൽ ഞാൻ പൂർണ്ണ ഫിറ്റ്നസ് സ്വന്തമാക്കി കഴിഞ്ഞു. എനിക്ക് എന്റെ ബൗളിങ്ങിൽ വിശ്വാസമുണ്ട്.എന്റെ കാൽമുട്ടിലെ പരിക്ക് ഇതിനകം തന്നെ ഭേദമായി കഴിഞ്ഞു.നിലവിൽ ഞാൻ വരാനിരിക്കുന്ന രഞ്ജി ട്രോഫിക്കും ഐപിൽ ടൂർണമെന്റിനുമായി വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുകയാണ്. കൂടാതെ ചിട്ടയായ പരിശീലനവും ഞാൻ നടത്തുന്നുണ്ട്.എനിക്ക് നല്ലത് പോലെ പന്തെറിയാൻ സാധിക്കുന്നുണ്ട്. കൂടാതെ മികച്ച പേസും ലഭിക്കുന്നുണ്ട്. ഞാൻ സ്പീഡ് നോക്കുന്നില്ല നിയന്ത്രണം തന്നെയാണ് പ്രധാനം “നടരാജൻ പറഞ്ഞു.