ദക്ഷിണാഫ്രിക്കകെതിരെയുള്ള പരമ്പരക്ക് മുന്നോടിയായി ക്യാപ്റ്റനായി നിയമിച്ച കെല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായി. സ്പിന്നര്‍ കുല്‍ദീപ് യാദവും അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിന്നും പുറത്തായി. കെല്‍ രാഹുലിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഇന്ത്യന്‍ ടീമിനെ നയിക്കും. ഹാര്‍ദ്ദിക്ക് പാണ്ട്യക്കാണ് വൈസ് ക്യാപ്റ്റന്‍റെ ചുമതല.
ഇന്ത്യന്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലാ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ റിഷഭ് പന്ത് പറഞ്ഞു. ” ആ വാര്‍ത്ത എനിക്ക് ഇനിയും ദഹിച്ചട്ടില്ലാ. ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് ക്യാപ്റ്റനാക്കാനുള്ള തീരുമാനം ഞാന്‍ അറിഞ്ഞത്. ക്യാപ്റ്റനായി നിയമിച്ചു എന്നത് നല്ല കാര്യമാണ്. പക്ഷേ തിരഞ്ഞെടുത്ത സാഹചര്യം അത്ര നല്ലതായില്ലാ. ” പത്ര സമ്മേളനത്തില്‍ റിഷഭ് പറഞ്ഞു.
കഴിവിന്‍റെ പരമാവധി പുറത്തെടുക്കുമെന്നും, കരിയറിലെ ഉയര്‍ച്ചയിലും താഴ്ച്ചയിലും പിന്തുണച്ചവര്‍ക്ക് റിഷഭ് നന്ദി പറഞ്ഞു. ” ഐപിഎല്ലില്‍ ഡല്‍ഹിയുടെ ക്യാപ്റ്റനായിരുന്നത് പുതിയ ദൗത്യത്തില്‍ തനിക്ക് ഗുണമാകും. ഒരേകാര്യം തന്നെ വീണ്ടും വീണ്ടും ചെയ്യുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും മെച്ചപ്പെടും. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാന്‍ ശ്രമിക്കുന്നൊരാളാണ് ഞാന്‍ ” റിഷഭ് പന്ത് കൂട്ടിചേര്‍ത്തു.
ഐപിഎല്ലില്‍ ഡല്‍ഹി ടീമിനെ നയിച്ച റിഷഭ് പന്തിനു, ടീമിനെ പ്ലേയോഫില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലാ. മുംബൈക്കെതിരെയുള്ള അവസാന പ്ലേയോഫ് മത്സരത്തില്‍ റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സി പിഴവുകള്‍ വിമര്‍ശനം ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ വരും മത്സരങ്ങളില്‍ കളിയോടുള്ള സമീപനത്തില്‍ മാറ്റങ്ങള്‍ കാണാനാകുമെന്നും റിഷഭ് പന്ത് ഉറപ്പ് നല്‍കി