ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ അധികം സമ്മർദ്ദത്തിലാണ്. കിവീസിന് എതിരെ ഇന്ന് ആരംഭിക്കുന്ന വളരെ നിർണായക മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും ഒരുവേള ചിന്തിക്കാൻ പോലും കഴിയില്ല. എല്ലാ ക്രിക്കറ്റ് നിരീക്ഷകരും മുൻ താരങ്ങൾ അടക്കം ഇത്തവണ ടി :20 ലോകകപ്പ് നേടുമെന്ന് പ്രവചിച്ച ഇന്ത്യൻ ടീമിന് ലഭിച്ച കനത്ത ഒരു തിരിച്ചടിയാണ് പാകിസ്ഥാൻ ടീമിനോട് വഴങ്ങിയ 10 വിക്കറ്റ് തോൽവി. എല്ലാ അർഥത്തിലും ബാറ്റിങ്ങിലും ബൗളിങ്ങിലും പിന്നാക്കം പോയ ടീം ഇന്ത്യക്ക് തിരിച്ചുവരേണ്ടത് പ്രധാനമാണ്. കൂടാതെ ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയെ തോൽപ്പിച്ച കിവീസ് ടീമിനുള്ള മികച്ച ഒരു മറുപടി കൂടിയാണ് വിരാട് കോഹ്ലിയും ടീമും ആഗ്രഹിക്കുന്നത്.
എന്നാൽ മത്സരത്തിന് മുൻപായി ടീം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുകയാണ് കിവീസ് പേസർ ട്രെന്റ് ബോൾട്ട്. മിക്ക മത്സരങ്ങളിലും ഇടംകയ്യൻ പേസർമാർ ഇന്ത്യൻ ബാറ്റിങ് നിരക്ക് വെല്ലുവിളികൾ സൃഷ്ടിക്കുമ്പോൾ കിവീസ് താരം ബോൾട്ടിന്‍റെ പ്രകടനവും നിർണായകമാണ്. രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർക്കെല്ലാം എതിരെ മികച്ച റെക്കോർഡുള്ള താരം കൂടിയാണ് ട്രെന്റ് ബോൾട്ട്.പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീഡി കാഴ്ചവെച്ചത് പോലെ ഒരു സ്പെൽ പുറത്തെടുക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്ന് തുറന്ന് പറയുകയാണിപ്പോൾ ബോൾട്ട്.
“ഇന്ത്യൻ ബാറ്റിങ് നിരയിൽ ക്വാളിറ്റിയുള്ള അനവധി ബാറ്റ്‌സ്മാന്മാരുണ്ട്. പക്ഷേ എനിക്ക് തുടക്ക ഓവറുകളിൽ തന്നെ അൽപ്പം സ്വിങ്ങ് ലഭിച്ചാൽ എന്താണോ ഷഹീൻ അഫ്രീഡി പുറത്തെടുത്തത് അത് ആവർത്തിക്കാൻ കഴിയും. കൂടാതെ ഓരോ ബൗളർമാർക്കും വ്യത്യസ്തമായ പദ്ധതികൾ ആയിരിക്കും. പക്ഷേ ഈ ഒരു മത്സരത്തിൽ അടക്കം പ്ലാനുകളെ വളരെ വിജയകരമാക്കുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. തുടക്കത്തിൽ വിക്കറ്റ് വീഴ്ത്തുകയെന്നത് പ്രധാനമാണ്. എല്ലാ അർഥത്തിലും മികച്ച ലൈൻ ആൻഡ് ലെങ്ത് അതാണ് ലക്ഷ്യം “ബോൾട്ട് മുന്നറിയിപ്പ് നൽകി