ഓരോ മത്സരത്തിനും പിന്നാലെ അത്യന്തം ആവേശം നിറക്കുന്ന ഐപിൽ പതിനാലാം സീസണിൽ മറ്റൊരു വമ്പൻ തിരിച്ചുവരവ് നടത്തുകയാണ് രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്‌സിനെതിരായ ഇന്നലത്തെ മത്സരത്തിൽ ആറ് വിക്കറ്റിന്റെ മികച്ച ജയം കരസ്ഥമാക്കിയ മുംബൈ ടീം പോയിന്റ് ടേബിളിൽ വീണ്ടും മുൻപോട്ട് പ്രയാണം നടത്തുകയാണ്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബൈ ടീമിന് ജയിക്കണം എന്നൊരു അവസ്ഥ ആണെങ്കിലും യൂഎഇയിലെ രണ്ടാംപാദ മത്സരങ്ങളിലെ ആദ്യം ജയം നേടിയ രോഹിത് ശർമ്മക്കും ടീമിനും വളരെ ഏറെ കരുത്തായി മാറിയത് സ്റ്റാർ ആൾറൗണ്ടർ പൊള്ളാർഡിന്റെ മിന്നും പ്രകടനമാണ്. ഓരോവറിൽ തന്നെ ഗെയിൽ, ലോകേഷ് രാഹുൽ എന്നിവരെ വീഴ്ത്തി പഞ്ചാബ് കിങ്‌സിനെ ഞെട്ടിച്ച പൊള്ളാർഡ് ബാറ്റിങ്ങിലും തന്റെ വെടിക്കെട്ട് പ്രകടനം ആവർത്തിച്ചു.
അതേസമയം മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് കരസ്ഥമാക്കിയ ശേഷം കിറോൺ പൊള്ളാർഡ് പങ്കുവെച്ച ചില വാക്കുകൾ ഏറ്റെടുക്കുകയാണ് ക്രിക്കറ്റ് ലോകം. പഞ്ചാബ് ബാറ്റിംഗിനിടയിൽ ഏഴാം ഓവർ എറിഞ്ഞ പൊള്ളാർഡ് രണ്ട് പ്രധാന വിക്കറ്റുകളാണ് ആ ഒരൊറ്റ ഓവറിൽ വീഴ്ത്തിയത്.1 റൺസ് മാത്രം നേടിയ ഗെയിലിന്റെ വിക്കറ്റ് ഒൻപത് വർഷങ്ങൾ ശേഷം വീഴ്ത്തിയ കിറോൺ പൊള്ളാർഡ് വളരെ മികച്ച ഫോമിലുള്ള ലോകേഷ് രാഹുലിനെ ബുംറയുടെ കൈകളിൽ എത്തിച്ചു. രണ്ട് വിക്കറ്റുകൾ വീഴ്ത്തി ടി :20 ക്രിക്കറ്റിലെ 300 വിക്കറ്റ് നേട്ടം ആഘോഷമാക്കി മാറ്റുവാനും പൊള്ളാർഡിന് സാധിച്ചു.കൂടാതെ ടി :20 ക്രിക്കറ്റിൽ 10000 റൺസും 300 വിക്കറ്റും സ്വന്തമാക്കിയ ആദ്യത്തെ താരമായി മാറാനും പൊള്ളാർഡിന് സാധിച്ചു.300 വിക്കറ്റുകൾ ടി :20 ക്രിക്കറ്റിൽ നേടുന്ന പതിനൊന്നാമത്തെ മാത്രം താരമാണ് പൊള്ളാർഡ്.
തന്റെ ബൗളിങ്ങിൽ ഇപ്പോഴും വളരെ അധികം പ്രശ്നങ്ങൾ ഉണ്ടെന്ന് തുറന്ന് പറഞ്ഞ പൊള്ളാർഡ് തനിക്ക് ഒരു മികച്ച തലച്ചോറുണ്ട് അത് ഉപയോഗിച്ച് ഞാൻ എന്റെ റോൾ ഏതൊരു ടീമിലും വളരെ മികച്ചതാക്കി മാറ്റാറുണ്ട് എന്നും പറഞ്ഞു. “ഈ ജയം ഞങ്ങൾക്ക് പ്രധാനമാണ്. രണ്ട് പോയിന്റുകൾ ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിൽ ആവേശം സൃഷ്ടിക്കും. എനിക്ക് എന്റെ ബൗളിങ്ങിലെ പോരായ്മകൾ അറിയാം.എപ്പോയെല്ലാം ടീമിനായി എന്റെ ബൗളിങ്ങിൽ അവസരം ലഭിക്കുന്നോ അപ്പോൾ എല്ലാം അത് വിനിയോഗിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.ബൗളിംങ്ങിൽ ഒരു തരത്തിലുള്ള സ്വിങ്ങോ ഒപ്പം വേഗതയോ ആർക്കും കാണുവാൻ സാധിക്കില്ലെങ്കിൽ പോലും എനിക്ക് ഒരു തലച്ചോറുണ്ട് അത് ഉപയോഗിച്ചാണ് ഞാൻ പന്തെറിയുന്നത് “പൊള്ളാർഡ് വാചാലനായി.