ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ മത്സരത്തിൽ തകർപ്പൻ പ്രകടനങ്ങളായിരുന്നു ഇന്ത്യയും ന്യൂസിലാൻഡും കാഴ്ചവച്ചത്. മാന്യന്മാരുടെ മത്സരമായ ക്രിക്കറ്റിന്റെ എല്ലാ ഭംഗിയും നിറഞ്ഞ മത്സരത്തിൽ 4 വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പരാജയം നേരിട്ടെങ്കിലും ഈ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചാണ് ന്യൂസിലാൻഡ് ആരാധകഹൃദയം കീഴടക്കിയത്.
ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയതിന് ശേഷം ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലി പറഞ്ഞ ചില വാക്കുകൾ ന്യൂസിലാൻഡ് ടീമിലെ താരങ്ങളെ അഭിനന്ദിച്ചു കൊണ്ടായിരുന്നു. തന്റെ സുഹൃത്തായ കെയ്ൻ വില്യംസണ് കിരീടം സ്വന്തമാക്കാൻ സാധിക്കാതെ വന്നതിൽ തനിക്ക് വിഷമമുണ്ട് എന്ന് കോഹ്ലി മത്സരശേഷം പറയുകയുണ്ടായി.
കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ന്യൂസിലാൻഡ് പുലർത്തിയ മികവിനെ പ്രശംസിച്ചു കൊണ്ടായിരുന്നു കോഹ്ലി സംസാരിച്ചത്. “ഒരുപക്ഷേ കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ വലിയ ടൂർണമെന്റുകൾ പരിശോധിച്ചാൽ ഏറ്റവും സ്ഥിരതയുള്ള ടീം ന്യൂസിലാൻഡാണ്. അവരുടെ കഴിവ് തന്നെയാണ് അതിന് കാരണമായുള്ളത്. കാരണം അത്രമാത്രം പ്രതിഭകളുള്ള ടീമാണ് ന്യൂസിലാൻഡ്. ഈ താരങ്ങളെ മികച്ച രീതിയിൽ ഉപയോഗിക്കാൻ ന്യൂസിലാൻഡിന് സാധിക്കുന്നുമുണ്ട്. നിലവിൽ ലോകകപ്പിൽ തന്നെ ഏറ്റവും മികച്ച ഫീൽഡിംഗ് സൈഡ് ന്യൂസിലാൻഡാണ്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് അവരോട് വലിയ സ്നേഹമുണ്ട്. എന്തുകൊണ്ടാണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി ന്യൂസിലാൻഡ് തുടരുന്നത് എന്ന് അവർ ഓരോ മത്സരത്തിലും കാട്ടിത്തരുന്നു. അവരെ സംബന്ധിച്ച് ഇതൊരു മികച്ച ക്യാമ്പയിൻ ആയിരുന്നു.”- വിരാട് കോഹ്ലി പറയുകയുണ്ടായി.
തന്റെ സുഹൃത്തായ വില്യംസന് ട്രോഫി ലഭിക്കാതെ പോയതിനെ സംബന്ധിച്ചും കോഹ്ലി സംസാരിച്ചു. “കെയ്ൻ വില്യംസൺ എന്റെ ഒരു നല്ല സുഹൃത്താണ്. അവന് പരാജയം നേരിടേണ്ടി വന്നതിൽ എനിക്ക് വലിയ സങ്കടമുണ്ട്. എന്നിരുന്നാലും ഞാനും കുറച്ചധികം സമയങ്ങളിൽ ഇത്തരത്തിൽ ഫൈനൽ മത്സരത്തിൽ പരാജയം നേരിട്ടിരുന്നു. ഇപ്പോൾ വിജയം ഞങ്ങൾ സ്വന്തമാക്കി. എന്നിരുന്നാലും അവരോട് വലിയ സ്നേഹം തന്നെയാണ് ഞങ്ങൾക്കുള്ളത്.”- കോഹ്ലി കൂട്ടിചേർത്തു.
“ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ഇത്തരമൊരു തിരിച്ചുവരവ് ഞങ്ങൾക്ക് ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ വലിയ ടൂർണമെന്റുകളിൽ വിജയം സ്വന്തമാക്കണമെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് ഞങ്ങളെ ഇവിടെ വരെ എത്തിച്ചു. ഇപ്പോൾ ഒരു അവിസ്മരണീയ വികാരമാണ് ഞങ്ങൾക്കുള്ളത്. ഒരുപാട് യുവതാരങ്ങൾ ഞങ്ങളുടെ ടീമിൽ അണിനിരക്കുന്നു. ഒരുപാട് മികച്ച പ്രതിഭകൾ ടീമിലുണ്ട്. ഇന്ത്യൻ ടീമിനെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാൻ അവർക്ക് സാധിക്കും. എന്റെ പരിചയസമ്പന്നത അവരുമായി പങ്കുവെക്കുന്നതിൽ വലിയ സന്തോഷമാണ് ഇപ്പോൾ ഉള്ളത്. ഈ താരങ്ങൾ മുൻപിലേക്ക് വരുന്നത് കൊണ്ടുതന്നെയാണ് ഞങ്ങൾ ഇപ്പോഴും ശക്തമായ ടീമായി തുടരുന്നത്.”- കോഹ്ലി പറഞ്ഞുവെക്കുന്നു.