2023 ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ച താരമാണ് മുഹമ്മദ് ഷാമി. ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ മുഹമ്മദ് ഷാമി സ്വന്തമാക്കുകയുണ്ടായി. 3 മത്സരങ്ങളിൽ 5 വിക്കറ്റ് നേട്ടങ്ങൾ കൊയ്യാനും ഷാമിക്ക് സാധിച്ചു. ഏകദിന ക്രിക്കറ്റിലെ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനം എന്ന റെക്കോർഡും മുഹമ്മദ് ഷാമി തന്റെ പേരിൽ ചേർത്തിരുന്നു.
ഇപ്പോൾ ഒരു വ്യത്യസ്ത പ്രസ്താവനയുമായാണ് മുഹമ്മദ് ഷാമി രംഗത്ത് എത്തിയിരിക്കുന്നത്. മത്സരത്തിന് മുൻപ് താൻ ഒരിക്കലും മത്സരം നടക്കുന്ന പിച്ച് പരിശോധക്കാറില്ല എന്നാണ് മുഹമ്മദ് ഷാമി പറയുന്നത്. അത്തരം പരിശോധനകൾ സമ്മർദ്ദമുണ്ടാക്കും എന്നാണ് താൻ കരുതുന്നത് എന്ന് മുഹമ്മദ് ഷാമി കൂട്ടിച്ചേർക്കുന്നു.
എന്തൊക്കെ ചെയ്താലും ബോൾ ചെയ്യുന്ന സമയത്ത് പിച്ച് ഏതുതരത്തിൽ പെരുമാറുമെന്ന് നമുക്ക് ബോധ്യപ്പെടുമെന്നും, അതിന് മുൻപ് പിച്ചു പരിശോധിക്കുന്നത് അനാവശ്യമാണെന്നും മുഹമ്മദ് ഷാമി കരുതുന്നു. “സാധാരണയായി ബോളർമാർ മൈതാനത്ത് എത്തിയശേഷം പിച്ച് കൃത്യമായി പരിശോധിക്കാറുണ്ട്. എന്നാൽ ഞാൻ വിക്കറ്റിന് അടുത്തേക്ക് പോലും പോകാറില്ല. എന്തെന്നാൽ നമ്മൾ ബോൾ ചെയ്യുന്ന സമയത്ത് പിച്ച് എങ്ങനെ പെരുമാറും എന്ന് നമുക്ക് മനസ്സിലാകും.
അതുകൊണ്ടുതന്നെ എന്തിനാണ് അതിനുമുമ്പ് നമ്മൾ സമ്മർദ്ദം ഏറ്റെടുക്കുന്നത്? ഒരു ചെറു ചിരി സൂക്ഷിച്ച്, മനസ്സ് ശാന്തമാക്കി മത്സരത്തിന് ഇറങ്ങുന്നതാണ് ഏറ്റവും ഉത്തമം. അങ്ങനെയെങ്കിലേ മികച്ച പ്രകടനങ്ങൾ മൈതാനത്ത് കാഴ്ചവയ്ക്കാൻ സാധിക്കൂ.”- ഷാമി പറയുന്നു.
ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പ്ലെയിങ് ഇലവനിൽ ഷാമി ഉൾപ്പെട്ടിരുന്നില്ല. ഹർദിക് പാണ്ഡ്യയ്ക്ക് പരിക്കുപറ്റിയ ശേഷമായിരുന്നു ഷാമി ഇന്ത്യൻ ടീമിലേക്ക് എത്തിയത്. ആദ്യ നാലു മത്സരങ്ങളിൽ പുറത്തിരുന്നതിനെ പറ്റിയുള്ള തന്റെ കാഴ്ചപ്പാട് മുഹമ്മദ് ഷാമി പറയുകയുണ്ടായി.
“4 മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നാലും നമ്മുടെ മാനസിക നിലവാരം നല്ല ശക്തമായി മുന്നോട്ടു പോകേണ്ടതുണ്ട്. അങ്ങനെയുള്ള ചില സാഹചര്യങ്ങളിൽ നമ്മൾ കൂടുതൽ സമ്മർദ്ദത്തിലാവാറുണ്ട്. പക്ഷേ നമ്മുടെ ടീം മൈതാനത്ത് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയും നല്ല രീതിയിൽ മുന്നോട്ട് പോവുകയും ചെയ്താൽ അത് നമുക്ക് കൂടുതൽ സംതൃപ്തി നൽകുന്നു.”- ഷാമി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ അത്യുഗ്രൻ ബോളിംഗ് പ്രകടനമായിരുന്നു മുഹമ്മദ് ഷാമി പുറത്തെടുത്തത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 7 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരം എന്ന ബഹുമതിയും മുഹമ്മദ് ഷാമി മത്സരത്തിലെ പ്രകടനത്തിലൂടെ സ്വന്തമാക്കിയിരുന്നു
6 വർഷം മുൻപ് സ്റ്റുവർട്ട് ബിന്നി സ്വന്തമാക്കിയ റെക്കോർഡാണ് മുഹമ്മദ് ഷാമി ഈ പ്രകടനത്തിലൂടെ മറികടന്നത്. ഇത്ര മികച്ച പ്രകടനങ്ങൾ ലോകകപ്പിൽ പുറത്തെടുക്കാൻ സാധിച്ചിട്ടും ലോകകപ്പ് കിരീടം ഉയർത്താൻ പറ്റാതെ പോയ നിരാശ മുഹമ്മദ് ഷാമി പങ്കുവയ്ക്കുകയുണ്ടായി.