ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ കൊല്‍ക്കത്തക്കെതിരെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടമാക്കി രാജസ്ഥാന്‍ റോയല്‍സ് നേടിയെടുത്തു.
ജയ്സ്വാളിന്‍റെ തകര്‍പ്പന്‍ പ്രകടനവും സഞ്ചു സാംസണിന്‍റെ മികച്ച പിന്തുണയും ആണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ചേസിങ്ങ് എളുപ്പാമാക്കിയത്. ജയസ്വാള്‍ 47 പന്തില്‍ 98 റണ്‍ നേടിയപ്പോള്‍, ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ 29 പന്തില്‍ 48 റണ്‍ നേടി. മത്സര ശേഷം യുവതാരത്തെ പ്രശംസിച്ച് സഞ്ചു സാംസണ്‍ എത്തി.
”എനിക്ക് ഇന്ന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലാ. സ്ട്രൈക്ക് കൊടുത്ത് അവന്‍റെ കളി കാണുകയായിരുന്നു. അവന്‍ എങ്ങനെയാണ് പവര്‍പ്ലേയില്‍ കളിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയാം. ബൗളര്‍മാര്‍ക്ക് വരെ അറിയാം. ” സഞ്ചു സാംസണ്‍ പറഞ്ഞു. മത്സരത്തില്‍ 4 വിക്കറ്റ് നേടി റെക്കോഡ് സ്വന്തമാക്കിയ ചഹലിനെ പ്രശംസിക്കാനും സഞ്ചു സാംസണ്‍ മറന്നില്ലാ. ചഹലിനെ ലെജന്‍ഡ് എന്ന ടാഗ് നല്‍കാറായി എന്ന് സഞ്ചു മത്സര ശേഷം പറഞ്ഞു.
മത്സരം വിജയിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയ ക്യാപ്റ്റന്‍, വരാനിരിക്കുന്ന മത്സരങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് ഓര്‍മിപ്പിച്ചു.
”ഞങ്ങൾക്ക് രണ്ട് ക്വാർട്ടർ ഫൈനലുകൾ കൂടി കളിക്കാനുണ്ട്, ഐപിഎല്ലിൽ സമ്മർദ്ദം ഒരിക്കലും കുറയുന്നില്ലാ. ഓരോ കളിയും ഓരോ ഓവറും പ്രധാനമാണ്. ജോസ് ബട്ട്‌ലറെപ്പോലുള്ള ഒരു ഇതിഹാസം ജയ്‌സ്വാളിനായി തന്റെ വിക്കറ്റ് കളയുന്നത് കാണുമ്പോള്‍ ഞങ്ങളുടെ ടീമിന്‍റെ അന്തരീക്ഷം എങ്ങനെയാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. ഇന്ന് വളരെ സന്തോഷമുണ്ട്, പക്ഷേ ഞങ്ങൾക്ക് കുറച്ച് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ” സഞ്ചു പറഞ്ഞു നിര്‍ത്തി.