മത്സരത്തിലെ പരാജയത്തിന് കാരണം ഞാൻ തന്നെ, തുറന്ന് സമ്മതിച്ച് പാണ്ഡ്യ. ഇതൊരു പാഠമെന്ന് വിലയിരുത്തൽ.

വെസ്റ്റിൻഡീസിനെതിരായ അഞ്ചാം മത്സരത്തിൽ 8 വിക്കറ്റിന്റെ നാണംകെട്ട തോൽവിയായിരുന്നു ഇന്ത്യ നേരിട്ടത്. സൂര്യകുമാർ ഒഴികെയുള്ള ഇന്ത്യൻ ബാറ്റർമാരെല്ലാം മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ ഇന്നിങ്സ് കേവലം 165 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസ് അടിച്ചുതൂക്കിയതോടെ ഇന്ത്യൻ ബോളർമാർ ഉത്തരമില്ലാതെ മാറി. മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയതോടെ പരമ്പര നേടാനും വെസ്റ്റിൻഡീസിന് സാധിച്ചിട്ടുണ്ട്. മത്സരത്തിലെ പരാജയത്തെപ്പറ്റി ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.

ഇന്നിംഗ്സിന്റെ രണ്ടാം പകുതി കൃത്യമായി മുതലാക്കാൻ സാധിക്കാത്തതാണ് മത്സരത്തിൽ പരാജയത്തിന് പ്രധാന കാരണമെന്ന് പാണ്ഡ്യ ചൂണ്ടിക്കാട്ടി. തന്റെ ബാറ്റിംഗിനെ സ്വയം വിമർശനപരമായി സ്വീകരിച്ചാണ് പാണ്ഡ്യ സംസാരിച്ചത്. “മത്സരത്തിലേക്ക് ഉറ്റുനോക്കിയാൽ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. ഞങ്ങളുടെ ഇന്നിംഗ്സിലെ ആദ്യ 10 ഓവറുകൾക്ക് ശേഷമാണ് മത്സരം കൈവിട്ടു പോയത്.

ക്രീസിൽ എത്തിയതിനുശേഷം സാഹചര്യങ്ങൾ നന്നായി വിനിയോഗിക്കാൻ എനിക്ക് സാധിക്കാതെ വന്നു. ഞാൻ ക്രീസിൽ കുറച്ചധികം സമയം ചിലവഴിച്ചെങ്കിലും മത്സരം ഫിനിഷ് ചെയ്യാൻ സാധിച്ചില്ല.”- ഹർദിക് പാണ്ഡ്യ പറഞ്ഞു. മത്സരത്തിൽ 18 പന്തുകളിൽ 14 റൺസായിരുന്നു പാണ്ഡ്യ നേടിയത്.

“ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഞങ്ങൾക്ക് തന്നെ വെല്ലുവിളി ഉയർത്തണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ മത്സരങ്ങളൊക്കെയും ഞങ്ങൾക്ക് ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാനുള്ള അവസരമായി ഞാൻ കാണുന്നു. ഒരു ഗ്രൂപ്പ് എന്ന നിലയിൽ മുൻപോട്ടു പോകാൻ തന്നെയാണ് ശ്രമിക്കുന്നത്.

അതിനായുള്ള കഠിനമായ തീരുമാനങ്ങൾ കൈക്കൊള്ളും. ചുരുക്കിപ്പറഞ്ഞാൽ ഒരു സീരീസിൽ പരാജയപ്പെട്ടതല്ല പ്രശ്നം. ടീമിനെ ലക്ഷ്യത്തിലെത്തിക്കാൻ ആത്മാർത്ഥമായി പ്രയത്നിക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.”- പാണ്ഡ്യ കൂട്ടിച്ചേർത്തു.

ഇതോടൊപ്പം ചില പരാജയങ്ങൾ ടീമിന് ഗുണം ചെയ്യുമെന്നും പാണ്ഡ്യ പറയുകയുണ്ടായി. “വരാനിരിക്കുന്നത് വലിയൊരു ടൂർണ്ണമെന്റാണ്. ഏകദിന ലോകകപ്പാണ് ഇനി വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ചില സമയങ്ങളിൽ പരാജയം നല്ലത് ചെയ്യും.

നമുക്ക് ഒരുപാട് കാര്യങ്ങൾ അതിൽ നിന്ന് പഠിക്കാൻ സാധിക്കും. ഞാൻ ടീമിലെ എല്ലാ താരങ്ങളെയും അഭിനന്ദിക്കുകയാണ്. അവരൊക്കെയും ഈ പരമ്പരയിൽ പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. വിജയം, പരാജയം എന്നത് ഇത്തരം മത്സരങ്ങളുടെ ഒരു ഭാഗം തന്നെയാണ്. അതിൽ നിന്ന് കൂടുതൽ പാഠങ്ങൾ ഉൾക്കൊള്ളുക എന്നതിനാണ് ശ്രമിക്കേണ്ടത്.”- പാണ്ഡ്യ പറഞ്ഞുവെക്കുന്നു.

Previous articleനിരാശയിലും അഭിമാന റെക്കോർഡ് സ്വന്തമാക്കി സഞ്ജു. എലൈറ്റ് ക്ലബ്ബിൽ വിരാട് കോഹ്ലിയ്‌ക്കൊപ്പം.
Next articleപരമ്പരയിൽ 60 റൺസ് ശരാശരിയിൽ 173 റൺസ്. തിലക് വർമ ചെറിയ മീനല്ല. ലോകകപ്പ് അവസരം തേടിയെത്തും.