ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു അപ്രതീക്ഷിത പരാജയം തന്നെയായിരുന്നു ഗുജറാത്ത് ടീമിനെ തേടിയെത്തിയത്. പോയ്ന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിനെ അവസാന സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസ് 5 റൺസിന് പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ 129 റൺസാണ് ഡൽഹി പ്രതിരോധിച്ചത്. മറുവശത്ത് ഗുജറാത്തിനെ സംബന്ധിച്ച് തങ്ങളുടെ നായകൻ ഹർദിക് പാണ്ഡ്യ ഇന്നിങ്സിലുടനീളം ക്രീസിൽ ഉണ്ടായിട്ടും വിജയം കൈയെത്തിപ്പിടിക്കാൻ സാധിക്കാതെ വന്നു. മത്സരത്തിൽ 53 പന്തുകളിൽ 59 റൺസായിരുന്നു പാണ്ഡ്യ നേടിയത്. അവസാന ഓവറിൽ കുറച്ചുകൂടി അക്രമണപരമായി കളിച്ചിരുന്നെങ്കിൽ പാണ്ഡ്യയ്ക്ക് ഗുജറാത്തിനെ വിജയത്തിലെത്തിക്കാൻ സാധിച്ചേനെ. ഇതിനെപ്പറ്റി മത്സരശേഷം പാണ്ഡ്യ സംസാരിക്കുകയുണ്ടായി.
മത്സരത്തിലെ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നു എന്നായിരുന്നു പാണ്ഡ്യ മത്സരശേഷം പറഞ്ഞത്. “തീർച്ചയായും വിജയിക്കാൻ സാധിക്കുന്ന ഒരു ടോട്ടൽ തന്നെയായിരുന്നു മത്സരത്തിലേത്. എന്നാൽ ഞങ്ങൾക്ക് അവസാന ഓവറുകളിൽ ഒരുപാട് വിക്കറ്റുകൾ നഷ്ടമായി. രാഹുൽ തിവാട്ടിയ ഞങ്ങളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയുണ്ടായി. അവസാന ഓവറുകളിൽ ടീമിനെ വിജയിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ എനിക്ക് അതിന് സാധിച്ചില്ല.”- ഹർദിക് പാണ്ഡ്യ പറഞ്ഞു.
“ഇന്നിങ്സിന്റെ മധ്യഭാഗത്ത് കുറച്ചു ഓവറുകൾ ഞങ്ങൾക്ക് ലഭിക്കും എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ എനിക്കും അഭിനവിനും ആ സമയത്ത് കൃത്യമായ താളം കണ്ടെത്താൻ സാധിച്ചതുമില്ല. അഭിനവ് മനോഹറിനെ സംബന്ധിച്ച് ഇതൊരു പുതിയൊരു കാര്യം തന്നെയായിരുന്നു. എന്തായാലും ഡൽഹി ക്യാപിറ്റൽസ് നിരയിലെ ബോളർമാർക്കാണ് ഞാൻ മുഴുവൻ മാർക്കും കൊടുക്കുന്നത്. അവർ മികച്ച രീതിയിൽ തന്നെ പന്തറിഞ്ഞു. അതിനാൽ തന്നെ എനിക്ക് മത്സരം ഫിനിഷ് ചെയ്യാൻ സാധിച്ചതുമില്ല. അതുകൊണ്ടുതന്നെ ഈ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഏറ്റെടുക്കുകയാണ്.”- ഹർദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു.
മത്സരത്തിൽ ഇരു ടീമുകളുടെയും ബോളർമാർ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി മുഹമ്മദ് ഷാമി നാലു വിക്കറ്റുകൾ വീഴ്ത്തി വീര്യം കാട്ടി. ഈ പ്രകടനമാണ് ഡൽഹിയെ 129 റൺസിൽ ഒതുക്കാൻ പ്രധാന പങ്കുവഹിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ ഖലീൽ അഹമ്മദും ഇഷാന്ത് ശർമയും ചേർന്ന് വരിഞ്ഞു മുറുകുകയായിരുന്നു. അവസാന ഓവറിൽ 12 റൺസ് വിജയലക്ഷ്യം വേണമെന്നിരിക്കെ വളരെ മികച്ച ബോളിംഗ് ആയിരുന്നു ഇഷാന്ത് ശർമ കാഴ്ച വച്ചത്.