ഇന്ത്യയ്ക്കായി കഴിഞ്ഞ വർഷങ്ങളിൽ തകര്‍പ്പന്‍ പ്രകടനങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ കാഴ്ച വച്ചിട്ടുള്ള താരങ്ങളാണ് രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബോളിംഗ് കോമ്പിനേഷൻ കൂടിയാണ് ഈ താരങ്ങൾ. ഇതിനോടകം തന്നെ ഒരുപാട് റെക്കോർഡുകളും ഇന്ത്യക്കായി സ്വന്തമാക്കാൻ ഈ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
എന്നാൽ വിദേശ പിച്ചുകളിൽ നടക്കുന്ന ചില മത്സരങ്ങളിൽ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കി രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ, പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താറുള്ളത്. ബാറ്റിംഗിലുള്ള ജഡേജയുടെ അസാമാന്യ കഴിവ് തന്നെയാണ് ഇതിന് കാരണം. ഇത് അശ്വിനിൽ അസൂയ ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം ഇപ്പോൾ.
തന്നെ ഒഴിവാക്കി ജഡേജയെ ഇന്ത്യ കളിപ്പിക്കുന്നതിൽ തനിക്ക് യാതൊരു അസൂയയുമില്ല എന്നാണ് അശ്വിൻ തുറന്നു പറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ടീം തീരുമാനം കൈക്കൊള്ളുന്നത് ജഡേജയുടെ തെറ്റല്ല എന്നാണ് അശ്വിൻ പറയുന്നത്. “ഞാൻ ടീമിൽ കളിക്കാതിരിക്കുന്നത് ഒരിക്കലും ജഡേജയുടെ തെറ്റുകൊണ്ടല്ല. അത്തരത്തിലുള്ള അസൂയ എനിക്ക് ഇല്ലതാനും. ഒരിക്കലും എനിക്ക് കളിക്കാനായി അവനെ ഒഴിവാക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. അസൂയ എന്നത് നമുക്ക് അനാവശ്യപരമായി ഉണ്ടാവുന്ന കാര്യം മാത്രമാണ്.”- രവിചന്ദ്രൻ അശ്വിൻ പറയുന്നു.
മാത്രമല്ല ജഡേജ അങ്ങേയറ്റം പ്രതിഭാശാലിയായ ഒരു ക്രിക്കറ്ററാണ് എന്നും അശ്വിൻ അഭിമുഖത്തിൽ പറയുകയുണ്ടായി. താൻ തന്റെ കരിയറിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും പ്രതിഭാശാലിയായ ക്രിക്കറ്റർമാരിൽ ഒരാളാണ് ജഡേജ എന്ന് അശ്വിൻ പറഞ്ഞു. സ്വാഭാവികമായ മത്സരമാണ് അവന്റെ ശക്തി എന്ന് അശ്വിൻ കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഒരുമിച്ചു കളിച്ചതിനാൽ തന്നെ ജഡേജയുമായി മികച്ച ഒരു ബന്ധം പുലർത്താൻ സാധിച്ചിട്ടുണ്ട് എന്നും അശ്വിൻ പറഞ്ഞു. കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കാൻ ഇരുതാരങ്ങൾക്കും ഇപ്പോഴും സാധിക്കുന്നുണ്ട് എന്നാണ് അശ്വിൻ പറഞ്ഞുവെക്കുന്നത്.
“ചില കാര്യങ്ങൾ ഞാൻ ഒരുപാട് ആലോചിക്കാറുണ്ട്. എന്നാൽ അവന് ചില കാര്യങ്ങളിൽ ആലോചനയില്ല. പരസ്പരം കാര്യങ്ങൾ മനസ്സിലാക്കാൻ ഞങ്ങൾ സമയമെടുക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് കാര്യങ്ങൾ കുറച്ചുകൂടി അനായാസമാണ്.”- അശ്വിൻ പറഞ്ഞുവയ്ക്കുന്നു. ഇന്ത്യയ്ക്ക് 2024ൽ അവശേഷിക്കുന്നത് ടെസ്റ്റ് പരമ്പരകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. അതിനാൽ അശ്വിനും ജഡേജയും ഇന്ത്യയെ സംബന്ധിച്ച് നിലവിൽ പ്രധാന താരങ്ങൾ തന്നെയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇരുവരും ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.