പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റ് മത്സരത്തിലും ഉഗ്രൻ വിജയത്തോടെ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ടീം. ഇത് ആദ്യമായാണ് പാകിസ്ഥാനെതിരെ ബംഗ്ലാദേശ് ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിലും വിജയം നേടിയാണ് ബംഗ്ലാദേശ് സുവർണനേട്ടം കൈവരിച്ചത്. രണ്ടാം ടെസ്റ്റ് മത്സരത്തിൽ 6 വിക്കറ്റുകളുടെ ആധികാരിക വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര 2-0 എന്ന നിലയിൽ സ്വന്തമാക്കാൻ ബംഗ്ലാദേശിന് സാധിച്ചു.
രണ്ടാം ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ പാക്കിസ്ഥാന്റെ ബാറ്റർമാർക്കൊക്കെയും തരക്കേടില്ലാത്ത തുടക്കം ലഭിച്ചു. എന്നാൽ ഇത് മുതലെടുക്കുന്നതിൽ പാക്കിസ്ഥാൻ മുൻനിര ബാറ്റർമാർ അമ്പെ പരാജയപ്പെടുകയായിരുന്നു. അയൂബും(58) നായകൻ മസൂദും(57) അർദ്ധസെഞ്ച്വറികൾ കണ്ടെത്തിയെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. മധ്യനിരയിൽ ആഗ സൽമാനും(54) അർത്ഥസെഞ്ച്വറി സ്വന്തമാക്കിയിരുന്നു. പക്ഷേ വമ്പൻ സ്കോറിലേക്ക് കുതിക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടു. ഇങ്ങനെ പാകിസ്ഥാന്റെ ആദ്യ ഇന്നിങ്സ് 274 റൺസിൽ അവസാനിച്ചു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് ഒരു ദുരന്ത തുടക്കമാണ് ലഭിച്ചത്. കൃത്യമായി ബംഗ്ലാദേശിന്റെ ബാറ്റർമാരെ തുരത്തി എറിയാൻ പാകിസ്താന്റെ ബോളർമാർക്ക് സാധിച്ചു. കേവലം 26 റൺസ് സ്വന്തമാക്കുന്നതിനിടെ ബംഗ്ലാദേശിന്റെ ആദ്യ 6 വിക്കറ്റുകൾ നഷ്ടമായിരുന്നു. പക്ഷേ ഇതിന് ശേഷം ഒരു വെടിക്കെട്ട് കൂട്ടുകെട്ടാണ് ലിറ്റൻ ദാസും മെഹദി ഹസനും ചേർന്ന് ബംഗ്ലാദേശിനായി കെട്ടിപ്പടുത്തത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 165 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി ഒരു തകർപ്പൻ സെഞ്ച്വറിയും മത്സരത്തിൽ ലിറ്റൻ സ്വന്തമാക്കി. ലിറ്റൻ 138 റൺസ് നേടിയപ്പോൾ മെഹദി ഹസൻ 78 റൺസാണ് സ്വന്തമാക്കിയത്. ഇതോടെ ബംഗ്ലാദേശ് 262 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തി.
ആദ്യ ഇന്നിങ്‌സിൽ 12 റൺസിന്റെ ലീഡുമായി ഇറങ്ങിയ പാക്കിസ്ഥാന് ദുരന്തമാണ് രണ്ടാം ഇന്നിംഗ്സിൽ ഉണ്ടായത്. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിങ്സ് കേവലം 172 റൺസിൽ അവസാനിക്കുകയായിരുന്നു. മുൻനിര ബാറ്റർമാരുടെ ഏറ്റവും മോശം പ്രകടനമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. മാത്രമല്ല മികച്ച തുടക്കങ്ങൾ ലഭിച്ചവരും വിക്കറ്റുകൾ അനായാസം വലിച്ചെറിഞ്ഞു. മറുവശത്ത് ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് 5 വിക്കറ്റുകളും നാഹിദ് റാണ 4 വിക്കറ്റുകളും സ്വന്തമാക്കി. ശേഷം 185 റൺസ് എന്ന വിജയലക്ഷ്യം മുന്നിൽ കണ്ടാണ് ബംഗ്ലാദേശ് ഇറങ്ങിയത്. രണ്ടാം ഇന്നിങ്സിലും തെല്ലും പതറാതെ പക്വതയോടെ ബംഗ്ലാദേശ് ബാറ്റർമാർ കളിച്ചു. തങ്ങളുടെ മുൻപിലുള്ള വിജയലക്ഷ്യത്തിലേക്ക് വളരെ പതിയെ ചലിക്കാനാണ് ബംഗ്ലാദേശ് ശ്രമിച്ചത്. 40 റൺസ് നേടിയ സക്കീർ ഹസനും 38 റൺസ് നേടിയ ഷാന്റോയും ബംഗ്ലാദേശിനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു