2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യഘട്ടത്തിലെ അവസാന മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിൽ 61 പന്തുകളിൽ 101 റൺസാണ് ഈ സ്റ്റാർ ബാറ്റർ നേടിയത്. ഇന്നിങ്സിൽ 13 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് തുടർച്ചയായി രണ്ടാം തവണയാണ് മൂന്നക്കം കാണുന്നത്. ഇതോടുകൂടി വമ്പൻ റെക്കോർഡുകൾ വിരാട് പേരിൽ ചേർക്കുകയും ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയവരുടെ പട്ടികയിൽ വിരാട് കോഹ്ലി ഇതോടെ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലിനെ പിന്തള്ളിയാണ് വിരാട് ഒന്നാമതെത്തിയത്. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ക്രിസ് ഗെയിൽ.
മത്സരത്തിലെ വിരാടിന്റെ ഇന്നിങ്സിനെ പ്രശംസിച്ചു കൊണ്ടായിരുന്നു ഗെയ്ൽ രംഗത്ത് വന്നത്. മത്സരത്തിലെ വിരാടിന്റെ പ്രകടനം അവിശ്വസനീയം തന്നെയാണ് എന്ന് ഗെയിൽ പറയുന്നു. “വിരാട് കോഹ്ലിയെ ഒരിക്കലും നമ്മൾ സംശയിക്കാൻ പാടില്ല. അയാൾ മികച്ച ഇന്നിംഗ്സാണ് മത്സരത്തിൽ കളിച്ചത്. വളരെ നന്നായി കളിച്ചു. മാത്രമല്ല മത്സരത്തിൽ തന്റെ ടീമിനെ ഒരു വിജയ പൊസിഷനിൽ എത്തിക്കാനും വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നു.”- ക്രിസ് ഗെയിൽ പറഞ്ഞു.
“മത്സരത്തിൽ വിരാട് കോഹ്ലിയും ഡുപ്ലസിയും വളരെ നന്നായി ബാറ്റ് ചെയ്തു. എന്നാൽ വിരാട് കോഹ്ലി തന്നെയായിരുന്നു മുൻപന്തിയിൽ നിന്നത്. ആ സെഞ്ചുറിയോടെ അയാൾ യൂണിവേഴ്സൽ ബോസിനെയാണ് പിന്തള്ളിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഞാൻ എന്റെ റിട്ടയർമെന്റിൽ നിന്നും തിരികെയെത്താൻ പോവുകയാണ്. അടുത്തവർഷം നമുക്ക് കാണാം വിരാട്. “- ഗെയിൽ തമാശരൂപണ പറയുകയുണ്ടായി.
പതിവുപോലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിലും മികവാർന്ന പ്രകടനങ്ങൾ തന്നെയാണ് വിരാട് കോഹ്ലിയിൽ നിന്നുണ്ടായത്. ഈ സീസണിൽ 14 മത്സരങ്ങൾ കളിച്ച കോഹ്ലി 53 റൺസ് ശരാശരിയിൽ 639 റൺസാണ് ബാംഗ്ലൂരിനായി നേടിയിരിക്കുന്നത്. ഓറഞ്ച് ക്യാപ്പ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ കോഹ്ലി നിൽക്കുന്നത്. എന്തായാലും വിരാട്ടിനെ സംബന്ധിച്ച് വളരെ മികച്ച സീസൺ തന്നെയാണ് അവസാനിക്കുന്നത്. എന്നിരുന്നാലും ബാംഗ്ലൂരിന് വീണ്ടും കിരീടം സ്വന്തമാക്കാൻ സാധിക്കാതെ വന്നു എന്നത് കോഹ്ലിയെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്നു.