സ്‌റ്റെയ്‌ന്റെ കീഴിൽ പഠിച്ചിട്ടും മാലിക് പിന്നിലേക്ക്. രൂക്ഷവിമർശനവുമായി വിരേന്ദർ സേവാഗ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ വർഷത്തെ ഏറ്റവും വലിയ ഫ്ലോപ്പായി മാറിയിരിക്കുകയാണ് ഹൈദരാബാദിന്റെ ബോളർ ഉമ്രാൻ മാലിക്. പലരും ഭാവി പ്രതീക്ഷയെന്ന് വിലയിരുത്തിയ ഉമ്രാൻ മാലിക്കിന്റെ വളരെ മോശം പ്രകടനം തന്നെയായിരുന്നു 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കണ്ടത്. 2023 സീസണിൽ 14 ലീഗ് മത്സരങ്ങളിൽ എട്ടെണ്ണത്തിൽ മാത്രമാണ് ഉമ്രാൻ മാലിക്കിന് സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കാൻ സാധിച്ചത്. ഈ 8 മത്സരങ്ങളിൽ നിന്ന് കേവലം 5 വിക്കറ്റുകൾ മാത്രമായിരുന്നു മാലിക് നേടിയത്. 10.85 എന്ന മോശം എക്കണോമി റേറ്റും ഉമ്രാനുണ്ട്. യാതൊരു തരത്തിലും മാലിക് പുരോഗമനത്തിൽ എത്തിയിട്ടില്ല എന്ന് പ്രസ്താവിക്കുകയാണ് ഇന്ത്യയുടെ മുൻ ഓപ്പണർ വീരേന്ദർ സേവാഗ്.

മാലിക് തന്റെ തെറ്റുകൾ നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് സേവാഗിന്റെ നിരീക്ഷണം. “ഉമ്രാൻ മാലിക്കിന്റെ ഏറ്റവും വലിയ പ്രശ്നമെന്തെന്നാൽ അവൻ തന്റെ ബോളിംഗ് ശൈലിയിലും ലെങ്‌ത്തിലും തുടർച്ചയായി മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കുന്നു എന്നത് തന്നെയാണ്. ഒരുപക്ഷേ അവനൊരു ദക്ഷിണാഫ്രിക്കൻ പേസ് ബോളറായിരുന്നുവെങ്കിൽ കൂടുതൽ ബോൾ ഫുള്ളായി എറിയാൻ താല്പര്യപ്പെടുമായിരുന്നില്ല. അത് എനിക്ക് മനസ്സിലാക്കാം. എന്നാൽ ഇപ്പോൾ സാഹചര്യം അങ്ങനെയല്ല. ഇപ്പോഴും അവനു വേണ്ടത്ര അനുഭവസമ്പത്ത് കൈ വന്നിട്ടില്ല.”- സേവാഗ് പറഞ്ഞു.

Umran vs ishan

“സ്‌റ്റെയ്‌നൊപ്പം ഉമ്രാൻ മാലിക്ക് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ടാവും. പക്ഷേ ഏത് ലെങ്തിൽ പന്തറിയണം എന്നതിനെപ്പറ്റി അവന് ഇതുവരെയും ഒരു വ്യക്തത വന്നിട്ടില്ല. അതിനെപ്പറ്റി യാതൊരു ഐഡിയയും മാലിക്കിനില്ല. ഇത്രയും കാലം സ്‌റ്റെയ്‌നോപ്പം പ്രവർത്തിച്ചിട്ടും അദ്ദേഹത്തിന്റെ കീഴിൽ പഠിച്ചിട്ടും കഴിഞ്ഞവർഷം ആവർത്തിച്ച അതേ തെറ്റുകൾ തന്നെയാണ് മാലിക് ഇത്തവണയും ആവർത്തിക്കുന്നത്. ഇത് വളരെ അപലപനീയം തന്നെയാണ്.”- വീരേന്ദർ സേവാഗ് കൂട്ടിച്ചേർത്തു.

2021ലെ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ആയിരുന്നു മാലിക്ക് ശ്രദ്ധ പിടിച്ചുപറ്റിയത്. ഹൈദരാബാദ് ടീമിന്റെ നെറ്റ് ബോളറായി അരങ്ങേറ്റം കുറിച്ച് മാലിക്ക് തന്റെ വേഗത കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. 150 കിലോമീറ്റർ മുകളിൽ പന്തറിയാൻ ഉമ്രാൻ മാലിക്കിന് സാധിച്ചിരുന്നു. ശേഷം മികച്ച പ്രകടനങ്ങൾ മൂലം മാലിക് ഇന്ത്യൻ ടീമിലെത്തുകയും ഇന്ത്യക്കായി പല മത്സരങ്ങളിലും കളിക്കുകയും ചെയ്തു. എന്നാൽ പലപ്പോഴും സ്ഥിരത കണ്ടെത്തുന്നതിൽ മാലിക്ക് പരാജയപ്പെടുന്നതാണ് കാണുന്നത്. എന്തായാലും വരും മത്സരങ്ങളിൽ പുരോഗമനം ഉണ്ടാക്കിയില്ലെങ്കിൽ മാലിക്കിന്റെ ഭാവി തന്നെ ചോദ്യചിഹ്നമായി മാറും.