ക്രിക്കറ്റ് ലോകത്ത് ഏറെ ആവേശം നിറക്കുന്ന രണ്ട് ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റുകൾ വരാനിരിക്കുമ്പോൾ ടീമുകൾ എല്ലാം മികച്ച സ്‌ക്വാഡിനെ കൂടി തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ്. ഇത്തവണത്തെ ടി :20 ലോകകപ്പിൽ എല്ലാവരെയും ഞെട്ടിച്ചത് ഇന്ത്യൻ ടീമിന്റെ തകർച്ചയാണ്. കിരീടം നേടുമെന്ന് എല്ലാവരും വിശ്വസിച്ച വിരാട് കോഹ്ലിയും സംഘവും പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായത് എല്ലാവരിലും ഷോക്കായി മാറിയിരുന്നു.
ടി :20 ലോകകപ്പിന് പിന്നാലെ കോഹ്ലിക്ക് ടി :20, ഏകദിന ക്യാപ്റ്റൻ സ്ഥാനം കൂടി നഷ്ടമായപ്പോൾ വരുന്ന ലോകകപ്പിൽ രോഹിത് ശർമ്മയാണ് ടീം ഇന്ത്യയെ നയിക്കുന്നത്.രോഹിത് ക്യാപ്റ്റനായി എത്തുമ്പോൾ വരുന്ന 2022ലെ ടി :20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യൻ ക്രിക്കറ്റ് ടീം ജയിക്കും എന്നാണ് ആരാധകരും മുൻ താരങ്ങളും അടക്കം വിശ്വസിക്കുന്നത്.
എന്നാൽ വരാനിരിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീം കിരീടം നേടാണമെങ്കിൽ പ്രധാനമായി ഒരു പ്രശ്നം പരിഹരിക്കണം എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. ഇന്ത്യൻ ടീമിന് വരുന്ന മാസങ്ങളിൽ 2 ആൾറൗണ്ടർമാരെ കണ്ടെത്താൻ കഴിഞ്ഞാൽ അത് വേൾഡ് കപ്പ് ജയത്തിലേക്ക് നയിക്കുമെന്നാണ് ഗവാസ്ക്കറുടെ നിരീക്ഷണം.നിലവിൽ സ്റ്റാർ ആൾറൗണ്ടർ ഹാർദിക്ക് പാണ്ട്യക്ക് പരിക്ക് കാരണം ടീമിൽ നിന്നും തന്നെ പുറത്താകേണ്ടി വന്നതിനാൽ വെങ്കടേഷ് അയ്യറിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് വിശ്വാസം അർപ്പിക്കുന്നത്.
“ഇപ്പോൾ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഏറ്റവും അധികം ആൾറൗണ്ടർമാരുള്ള ടീമുകൾക്കാണ് തുടർച്ചയായി കളികൾ ജയിക്കാനായി സാധിക്കുന്നത്.2022ലെ ടി :20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യൻ ടീമിന് ഏറ്റവും അധികം സാധ്യത ലഭിക്കുക അവർക്ക് രണ്ട് ഏറെ മികച്ച ആൾറൗണ്ടർമാരെ വാർത്തെടുക്കാൻ സാധിച്ചാലാണ്. എല്ലാ അർഥത്തിലും മികച്ച ടീമുകൾക്ക് ഇന്ന് മികച്ച ആൾറൗണ്ടർമാരുണ്ട്. “സുനിൽ ഗവാസ്ക്കർ അഭിപ്രായപ്പെട്ടു. 1983, 2007, 2011 ലോകകപ്പ് ഇന്ത്യ നേടുമ്പോള്‍ ടീമില്‍ ഒരുപാട് ഓള്‍റൗണ്ടര്‍ ഉണ്ടായിരുന്നതായി മുന്‍ താരം ചൂണ്ടി കാണിച്ചു.