ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ റിഷഭ് പന്ത് മോശം ഫോമിലായിരുന്നെങ്കിലും ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയണിഞ്ഞതോടെ തന്‍റെ ഫോം വീണ്ടെടുത്തു. ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേടിയ റിഷഭ് പന്ത് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.
വെറും 89 പന്തിലാണ് റിഷഭ് പന്ത് തന്റെ സെഞ്ച്വറി നേടിയത്, ഇത് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗമേറിയ സെഞ്ചുറി പ്രകടനമാണ്. 98 ന് 5 എന്ന നിലയില്‍ നിന്നും രവീന്ദ്ര ജഡേജയും റിഷഭ് പന്തും ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്.
രവീന്ദ്ര ജഡേജ കരുതലോടെ കളിച്ചപ്പോള്‍ റിഷഭ് പന്ത്, തന്‍റെ ആക്രമണ ശൈലി ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ലാ. ജയിംസ് ആന്‍ഡേഴ്സണെ വരെ റിവേഴ്സ് സ്വീപ്പ് കളിച്ച താരം ജാക്ക് ലീച്ചിനെതിരെ തന്‍റെ ട്രേഡ് മാര്‍ക്ക് ഷോട്ടായ ഒറ്റകൈ സിക്സും നടത്തിയിരുന്നു.
ബ്രോഡിന്‍റെ പന്തില്‍ ഡബിള്‍ ഓടിയാണ് റിഷഭ് പന്ത് സെഞ്ചുറി അടിച്ചത്. വന്‍ കരഘോഷത്തോടെയാണ് ഇന്ത്യന്‍ ഡ്രസിങ്ങ് റൂം റിഷഭിന്‍റെ സെഞ്ചുറി ആഘോഷിച്ചത്. ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് വളരെ ആവേശത്തോടെയാണ് കാണപ്പെട്ടത്. എന്തിനു തങ്ങള്‍ക്കെതിരെ കൗണ്ടര്‍ അറ്റാക്കിങ്ങ് ഇന്നിംഗ്സ് കളിച്ച പന്തിനെ കയ്യടിക്കുന്ന ജോണി ബെയര്‍സ്റ്റോയേം കാണാമായിരുന്നു.
സെഞ്ചുറി നേട്ടത്തിനു ശേഷം കൂടുതല്‍ ആക്രമണം അഴിച്ചുവിട്ട റിഷഭ് പന്ത്, ജോ റൂട്ടിന് മുന്നിലാണ് കീഴടങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ 111 പന്തില്‍ 20 ഫോറും 4 സിക്സുമായി 146 റണ്‍സാണ് അടിച്ചെടുത്തത്.