ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് തന്റെ മികച്ച സ്വിങ്ങ് ബൗളിംഗ് പ്രകടനത്താൽ ഏറ്റവും അധികം കയ്യടികൾ നേടിയ താരമാണ് ശ്രീശാന്ത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ആഗ്ഗ്രെസ്സീവ് ബൗളർ എന്നുള്ള വിശേഷണം സ്വന്തമാക്കിയ ശ്രീ 2007 ലെ ടി :20 ലോകകപ്പ്,2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. കൂടാതെ അനേകം വിദേശ പര്യടനങ്ങളിൽ അടക്കം ഇന്ത്യൻ ടീം ബൗളിംഗ് കരുത്തായിരുന്ന ശ്രീ ഏഴ് വർഷത്തെ വിലക്കിന് ശേഷം വീണ്ടും ക്രിക്കറ്റിൽ സജീവമാകുകയാണ്.
വരുന്ന രഞ്ജി ട്രോഫി ടൂർണമെന്റിനുള്ള കേരളാ സാധ്യത ടീമിലേക്ക് ഇടം നേടിയ ശ്രീശാന്ത് തനിക്ക് ഇനിയും ഇന്ത്യൻ ജേഴ്സിയിൽ കളിക്കാൻ സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ തന്നെയാണ്. ഐപിഎല്ലിൽ മെഗാലേലം വരാനിരിക്കേ ശ്രീക്ക് ഒരു അവസരം കൂടി ലഭിക്കുമോയെന്നുള്ള ആകാംക്ഷയിൽ തന്നെയാണ് മലയാളികളും. എന്നാൽ താൻ വിരമിക്കലിനെ കുറിച്ച് ഒരുവേള ആലോചിച്ചതായി പറയുകയാണ് താരം ഇപ്പോൾ.
ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി തന്നെ വിരമിക്കാൻ താൻ ആലോചിച്ചുവെന്ന് പറഞ്ഞ ശ്രീശാന്ത് സമീപകാലയളവിൽ കാഴ്ചവെച്ച മികച്ച ബൗളിംഗ് മികവ് തന്നെ അതിൽ നിന്നും പിന്മാറ്റാൻ ഏറെ സഹായിച്ചുവെന്നും ശ്രീ വെളിപ്പെടുത്തി.2013 ഐപിഎല്ലിൽ കളിക്കവേയാണ് വിവാദമായ കോഴ ആരോപണത്തെ തുടർന്ന് ശ്രീശാന്ത് ജയിലായതും ഒപ്പം ക്രിക്കറ്റിൽ നിന്നും വിലക്കും ലഭിച്ചത്. നിലവിൽ ഇന്ത്യൻ ടീമിലേക്ക് തിരികെ എത്താനുള്ള ശ്രമങ്ങൾ നടത്തുന്ന ശ്രീ കഠിന പരിശീലനത്തിലാണ്.” റെഡ് ബോളിൽ മികച്ച പ്രകടങ്ങൾ എനിക്ക് പുറത്തെടുക്കുവാൻ കഴിയുന്നുണ്ട്. അതിനാൽ തന്നെ ഇത്തവണ ഏറെ പ്രതീക്ഷകളിലാണ്.ഒരു സീസണിൽ കൂടി നോക്കിയ ശേഷം ഭാവിയെ കുറിച്ച് വളരെ വിശദമായ തീരുമാനം എടുക്കും ” ശ്രീ സൂചന നൽകി.
ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ്, കൊച്ചി ടസ്ക്കെഴ്സ് കേരള, രാജസ്ഥാൻ റോയൽസ് തുടങ്ങിയ മികച്ച ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ശ്രീശാന്ത് വരുന്ന ഐപിൽ സീസണിൽ പന്തെറിയാനായി സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ തന്നെയാണ്. “ഇക്കഴിഞ്ഞ ഐപിഎല്ലിൽ സ്ഥാനം ലഭിച്ചില്ല. എങ്കിലും വരുന്ന ഐപിൽ സീസണിൽ പ്രതീക്ഷകളുണ്ട്. 2 ഐപിൽ ടീമുകൾ കൂടി പുതിയതായി എത്തുമ്പോൾ എനിക്ക് കൂടി അവസരം ലഭിക്കുമെന്നാണ് വിശ്വാസം.” ശ്രീശാന്ത് വാചാലനായി.