ഐപിഎൽ 2023ലെ റെക്കോർഡുകൾ ഭേദിച്ച് രാജസ്ഥാൻ റോയൽസിന്റെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരം. ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചാണ് ചെന്നൈ-രാജസ്ഥാൻ മത്സരം കഴിഞ്ഞ ദിവസം അവസാനിച്ചത്. മൈതാനത്ത് ശാന്തശീലരായ ധോണിയും സഞ്ജുവും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ഇതുവരെയുള്ള റെക്കോർഡ് ചാർട്ടുകൾ പൂർണമായും ഭേദിക്കപ്പെടുകയായിരുന്നു. മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇന്നിങ്സിന്റെ അവസാന സമയത്ത് വമ്പൻ വ്യൂവർഷിപ്പാണ് മത്സരത്തിന് ലഭിച്ചത്. ജിയോ സിനിമ ആപ്പിലൂടെ മത്സരം തൽസമയമായി കണ്ടത് 2.2 കോടി ജനങ്ങളാണ്. ഇതുവരെയുള്ള ഐപിഎൽ കാഴ്ചക്കാരുടെ കണക്കെടുത്താൽ ഇതാണ് ഏറ്റവുമധികം.
മുൻപ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലക്നൗ സൂപ്പർ ജെയന്റ്സും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജിയോ സിനിമയിൽ 1.8 കോടി ആളുകളാണ് മത്സരം കണ്ടത്. ഈ റെക്കോർഡാണ് ചെന്നൈ-രാജസ്ഥാൻ മത്സരം ഭേദിച്ചത്. അന്ന് മാക്സ്വെല്ലും ഡുപ്ലസിയും ക്രീസിൽ നിൽക്കുന്ന സമയത്തായിരുന്നു 1.8 കോടി ആരാധകർ ഐപിഎൽ മത്സരം ജിയോ സിനിമയിലൂടെ കണ്ടത്. ഇന്ന് ധോണിയും ജഡേജയും ക്രീസിൽ നിന്ന് താണ്ഡവമാടുന്നത് കാണാനാണ് ആളുകൾ ജിയോ സിനിമയിലേക്ക് കുതിച്ചു കയറിയത്. മാത്രമല്ല മത്സരം എത്രമാത്രം ആവേശഭരിതമായിരുന്നു എന്നും ഈ കണക്കുകളിലൂടെ വ്യക്തമാകുന്നു.
മുൻപ് ചെന്നൈയുടെ ആദ്യ മത്സരത്തിൽ ആയിരുന്നു ജിയോ സിനിമ റെക്കോർഡ് പിന്നിട്ടത്. അന്ന് ധോണി കേവലം നേരിട്ടത് മൂന്നു പന്തുകൾ മാത്രമായിരുന്നു. ഈ മൂന്നു പന്തുകൾ കണ്ടത് 1.7 കോടി ആളുകളായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ധോണിക്ക് ഇന്ത്യൻ ആരാധകർക്കിടയിലുള്ള സ്വാധീനം തന്നെയാണ്. ഇതോടൊപ്പം സഞ്ജു സാംസനും കൂടി ചേർന്നതോടുകൂടിയാണ് ജിയോ സിനിമ റെക്കോർഡുകൾ പിന്നിട്ടത്. വരും മത്സരങ്ങളിലും വമ്പൻ താരങ്ങൾ മൈതാനത്തിറങ്ങുമ്പോൾ ഈ റെക്കോർഡുകൾ ഭേദിക്കാനാവും എന്ന കാര്യത്തിൽ ഉറപ്പാണ്.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ചെന്നൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറുകളിൽ 175 റൺസാണ് നേടിയത്. അവസാനനിമിഷം വരെ ആവേശം അലതല്ലിയ മത്സരമാണ് നടന്നത്. അവസാന ഓവറുകളിൽ ധോണിയും ജഡേജയും അടിച്ചു തകർത്തതോടെ ചെന്നൈ വിജയത്തിലെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ സന്ദീപ് ശർമ്മയുടെ കൃത്യമായ ബോളിംഗ് മികവിലൂടെ രാജസ്ഥാൻ 3 റൺസിന് മത്സരത്തിൽ വിജയം കാണുകയായിരുന്നു.