ശ്രീലങ്കക്ക് എതിരായ ടെസ്റ്റ് പരമ്പര ജയത്തില്‍ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന് നൽകുന്നത് വാനോളം പ്രശംസ. ഇന്നലെ ബാംഗ്ലൂർ ടെസ്റ്റിൽ ഇന്ത്യൻ ടീം മിന്നും ജയം നേടുമ്പോൾ വിക്കറ്റിന് പിന്നിലുംകൂടാതെ ബാറ്റ് കൊണ്ടും തിളങ്ങിയത് റിഷാബ് പന്ത് തന്നെ.ബാംഗ്ലൂർ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും വെടിക്കെട്ട് ബാറ്റിങ് മികവിലേക്ക് ഉയർന്ന താരം രണ്ടാം ഇന്നിങ്സിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന അർദ്ധ സെഞ്ച്വറി പ്രകടനത്തിലേക്കും എത്തി.
പരമ്പരയിൽ 185 റൺസുമായി മാൻ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയ താരത്തെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായിട്ടുള്ള ഇർഫാൻ പത്താൻ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചെടുക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി റിഷാബ് പന്ത്, തന്റെ കരിയറിന്റെ അവസാനം മാറുമെന്നാണ് ഇർഫാൻ പത്താൻ പ്രവചിക്കുന്നത്.
ടെസ്റ്റ് പരമ്പരയിൽ ലങ്കൻ ബൗളർമാർക്ക് എതിരെ അറ്റാക്കിങ് ശൈലിയിൽ മാത്രം കളിച്ച റിഷാബ് പന്ത് പരമ്പരയിൽ ആകെ നേടിയ 185 റൺസ് പിറന്നത് 120 പ്രഹര ശേഷിയിലാണ്.ടെസ്റ്റ് ക്രിക്കറ്റിൽ മുൻ ഇതിഹാസ താരമായ ധോണിയുടെ എല്ലാ നേട്ടങ്ങളും റിഷാബ് പന്ത് മറികടക്കുമെന്ന് പറഞ്ഞ ഇർഫാൻ പത്താൻ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ഇന്ത്യൻ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായി പോലും റിഷാബ് ഉയരുമെന്ന് വിശദമാക്കി.
“നിലവിൽ വളരെ ചെറുപ്പമാണ് റിഷാബ് പന്ത്. തീർച്ചയായും അവനിൽ 10 വർഷം കരിയർ ശേഷിക്കുന്നുണ്ട്. അതിനാൽ തന്നെ അവന്റെ നല്ല കാലം ഇനിയാണ് വരാനുള്ളത്. തീർച്ചയായും റിഷാബ് പന്ത് അനേകം നേട്ടങ്ങൾ സ്വന്തമാക്കും. അവന്റെ മികച്ച ഒട്ടനവധി പ്രകടനങ്ങൾ ഇനിയാണ് കാണാൻ പോകുന്നത്. എല്ലാ അർഥത്തിലും ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാരിൽ ഒരാളായി അവന്‍ കരിയർ അവസാനിപ്പിക്കും. ഇക്കാര്യം എനിക്ക് ഉറപ്പാണ് “ഇർഫാൻ പത്താൻ വാചാലനായി.