ഇന്ത്യൻ ക്രിക്കറ്റിൽ നീണ്ടനാളത്തെ ഇടവേളക്ക് ശേഷം വളരെ അധികം വിവാദങ്ങൾക്ക് തുടക്കം കുറിച്ചാണ് വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ബിസിസിഐ മാറ്റിയത്. സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മക്ക് ടി :20 ക്യാപ്റ്റൻസിക്ക് പിന്നാലെ ഏകദിന നായക പദവി കൂടി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നൽകുമ്പോൾ അത് ചില പുതിയ പ്രശ്നങ്ങൾ കൂടി സൃഷ്ടിക്കുക ആണ്.
ഏകദിന നായകനായി 2023ലെ ഏകദിന ലോകകപ്പ് വരെ വിരാട് കോഹ്ലി തുടരുവാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഒരൊറ്റ നായകൻ എന്നുള്ള സെലക്ഷൻ കമ്മിറ്റി തീരുമാനം പുതിയ മാറ്റത്തിനുള്ള പ്രധാന കാരണമായി മാറി കഴിഞ്ഞു. തന്നോട് വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് ബിസിസിഐ ക്യാപ്റ്റൻ പദവി രോഹിത് ശർമ്മക്ക് കൈമാറിയതെന്നുള്ള പരസ്യ വിമർശനം കോഹ്ലി തന്നെ ഇപ്പോൾ ഉയർത്തുമ്പോൾ എന്താകും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനമെന്നത് ശ്രദ്ധേയമാണ്.
അതേസമയം വിരാട് കോഹ്ലിയെ കുറിച്ച് വളരെ വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് കോഹ്ലിയുടെ ബാല്യകാല പരിശീലകനായ രാജ്കുമാർ ശർമ്മ.ഇപ്പോൾ വിവാദങ്ങൾ വളരെ ഏറെ സൃഷ്ടിക്കുന്ന ക്യാപ്റ്റൻസി മാറ്റത്തിൽ വിരാട് കോഹ്ലിക്ക് പിന്തുണയുമായി എത്തുകയാണ് അദ്ദേഹം.”ഒരിക്കലും ഒന്നിനോടും അമിതമായ ആർത്തിയുള്ള ഒരാളല്ല കോഹ്ലി. എനിക്ക് അത് പണ്ട് തന്നെ അറിയാം. എക്കാലവും കോഹ്ലിക്ക് ക്രിക്കറ്റ് തന്നെയാണ് വലുത്.എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും തന്നെ അദ്ദേഹം അതെല്ലാം മറന്ന് ഫീൽഡിൽ ടീമിനായി നൂറ് ശതമാനവും നൽകാറുണ്ട്. അതാണ് കോഹ്ലിയുടെ ശൈലി.ഇപ്പോഴത്തെ ഈ വിവാദ വിഷയങ്ങൾ എല്ലാം തന്നെ കോഹ്ലിയുടെ മനസ്സിലുണ്ടാകും. എന്നാൽ അദ്ദേഹം ഗ്രൗണ്ടിൽ അത് കാണിക്കാറില്ല “മുൻ കോച്ച് വാചാലനായി.
“ഇപ്പോൾ വ്യാപകമായി ഏറെ ചർച്ചയായി മാറുന്ന ഈ വിവാദങ്ങൾ കോഹ്ലിയുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടാകും എന്നത് തീർച്ച. അദ്ദേഹത്തിന്റെ മനസ്സിൽ ഇത് എല്ലാം കാണും. പക്ഷേ ടീമിനായി വിരാട് കോഹ്ലി ഗ്രൗണ്ടിൽ എത്തിയാൽ എല്ലാം മറക്കും. തന്റെ നൂറ് ശതമാനവും നൽകി ടീമിനായി കളിക്കും.പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം കാണുവാൻ ബിസിസിഐ എല്ലാ നടപടികളുമെടുക്കുമെന്നാണ് എന്റെ വിശ്വാസം “രാജ്കുമാർ ശർമ്മ പ്രതീക്ഷ പങ്കുവെച്ചു.