ഏകദിന ക്രിക്കറ്റിലെ മാച്ച് വിന്നിങ് പ്രകടനങ്ങളുടെ പേരിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരമായ സഞ്ജയ് ബംഗാർ. ഇംഗ്ലണ്ടിനെതിരായ നാഗപൂരിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ജഡേജയ്ക്ക് സാധിച്ചിരുന്നു. 9 ഓവറുകളിൽ 26 റൺസ് മാത്രം വിട്ടുനൽകിയാണ് ജഡേജ മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയത്.
ഇന്ത്യയുടെ വിജയത്തിൽ പ്രകടനം വലിയ പങ്കുതന്നെ ജഡേജ വഹിച്ചു. ഇതിന് ശേഷമാണ് ഇപ്പോൾ ബംഗാർ രംഗത്ത് എത്തിയിരിക്കുന്നത്. മുൻപ് മഹേന്ദ്ര സിംഗ് ധോണി ജഡേജയെ പറ്റി പറഞ്ഞ ചില കാര്യങ്ങൾ ഉദ്ധരിച്ചു കൊണ്ടാണ് ബംഗാർ സംസാരിച്ചത്.
“ഒരിക്കൽ മഹേന്ദ്ര സിംഗ് ധോണി ജഡേജയെ പറ്റി ഒരു കാര്യം പറഞ്ഞു. അവന് അവന്റെ കഴിവുകളെപ്പറ്റി പൂർണ്ണമായ ബോധ്യമില്ല എന്നാണ് ധോണി പറഞ്ഞത്. കഴിഞ്ഞ വർഷങ്ങളിൽ തന്റെ ബാറ്റിംഗിൽ വലിയ രീതിയിൽ പുരോഗതികൾ ഉണ്ടാക്കാൻ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല തന്റെ കരിയറിന്റെ തുടക്കം മുതൽ അവിശ്വസനീയ ബോളർ തന്നെയാണ് ജഡേജ. ഫീൽഡിൽ അവനൊരു നല്ല ഫീൽഡർ തന്നെ. ഇത്തരത്തിൽ എല്ലാ മേഖലകളിലും മികവ് പുലർത്താൻ കഴിയുന്ന ഒരു താരമാണ് ജഡേജ. അവനെ അനായാസം നമുക്ക് കംപ്ലീറ്റ് പാക്കേജ് എന്ന് വിളിക്കാൻ സാധിക്കും.”- സഞ്ജയ് ബംഗാൾ പറഞ്ഞു.
ബംഗാറിന്റെ ഈ നിലപാടിനോട് യോജിച്ചു കൊണ്ടാണ് സുരേഷ് റെയ്‌നയും സംസാരിച്ചത്. “തന്റെ ടീമിനായി മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ ജഡേജയ്ക്ക് സാധിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിനായി ഇന്ത്യൻ പ്രീമിയർ ലീഗ് നേടാനും ജഡേജയ്ക്ക് കഴിഞ്ഞിരുന്നു. അതേപോലെ തന്നെ ഇന്ത്യൻ ടീമിനായി നിർണായകമായ മത്സരങ്ങളിലൊക്കെയും ജഡേജ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച് മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്.”- റെയ്ന പറയുകയുണ്ടായി.
എന്നിരുന്നാലും സമീപകാലത്ത് ജഡേജയുടെ ഇന്ത്യയ്ക്ക് പുറത്തുള്ള പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല. ഇതിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. പക്ഷേ ബോർഡർ- ഗവാസ്കർ ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ജഡേജയ്ക്ക് വലിയ പിന്തുണ തന്നെ നൽകി. പരമ്പരയിൽ ഇന്ത്യക്കായി വലിയ സംഭാവനകൾ നൽകാൻ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല.
പക്ഷേ കൃത്യമായ രീതിയിൽ ജഡേജയെ പിന്തുണച്ച് ഇന്ത്യ വിശ്വസ്തത പുലർത്തി. ഇതിന് ഫലമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ലഭിച്ചത് വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ജഡേജ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവയ്ക്കും എന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്.