2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമിനെ സംബന്ധിച്ച് വലിയ രീതിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. രോഹിത് ശർമ, ശുഭമാൻ ഗിൽ, വിരാട് കോഹ്ലി തുടങ്ങിയവരുടെ സ്ഥാനം ടീമിൽ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നിരുന്നാലും മധ്യനിരയിൽ വലിയ പ്രശ്നങ്ങളാണ് ഇന്ത്യക്ക് നിലവിലുള്ളത്. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിലും കുറെയധികം താരങ്ങൾ തങ്ങളുടെ ഫോമിലേക്ക് തിരികെ വന്നിട്ടുണ്ട്.
ഇതോടുകൂടി ടീം മാനേജ്മെന്റിന് ആശയ കുഴപ്പങ്ങൾ വർധിച്ചിരിക്കുകയാണ്. മധ്യനിരയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നീ താരങ്ങളിൽ ആരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്നതാണ് വലിയ ആശയക്കുഴപ്പമായി നിൽക്കുന്നത്. ഈ പ്രശ്നങ്ങളൊക്കെ നിൽക്കുമ്പോഴും ഇന്ത്യ കൃത്യമായി സൂര്യകുമാർ യാദവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറയുന്നത്.
ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരങ്ങളിലെ സൂര്യകുമാർ യാദവിന്റെ പ്രകടനം കൂടി വിലയിരുത്തിയാണ് ഹർഭജൻ സംസാരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിലും തകർപ്പൻ അർധ സെഞ്ച്വറികൾ നേടാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ 49 പന്തുളിൽ 50 റൺസായിരുന്നു സൂര്യകുമാർ യാദവ് നേടിയത്. രണ്ടാം മത്സരത്തിൽ 36 പന്തുകളില്‍ 72 റൺസുമായി സൂര്യകുമാറിന്റെ ഒരു സംഹാരമാണ് കാണാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ സൂര്യകുമാർ യാദവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്ന് ഹർഭജൻ പറയുന്നു. ഇന്ത്യക്കായി അഞ്ചാം നമ്പറിൽ സൂര്യകുമാറിനേക്കാൾ മികച്ച ഒരു ഓപ്ഷനില്ല എന്നാണ് ഹർഭജൻ ചൂണ്ടിക്കാട്ടുന്നത്.
“ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും നമ്മൾ സൂര്യകുമാർ യാദവിനെ കളിപ്പിക്കേണ്ടതുണ്ട്. ആർക്കു പകരക്കാരനായി സൂര്യയെ കളിപ്പിക്കും എന്നതല്ല നോക്കേണ്ടത്. സൂര്യ എന്തായാലും പ്ലേയിംഗ് ഇലവനിൽ ഉണ്ടാവണം. അതിനുശേഷം ആയിരിക്കണം മറ്റു താരങ്ങളെ ടീമിലേക്ക് എടുക്കേണ്ടത്. കാരണം സൂര്യകുമാർ ഒരു മികച്ച മാച്ച് വിന്നറാണ്. ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിക്കാൻ പ്രാപ്തിയുള്ള താരമാണ് സൂര്യകുമാർ യാദവ്. ഇന്ത്യയെ സംബന്ധിച്ച് സൂര്യകുമാർ ഒരു തുറപ്പ് ചീട്ടാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ സംസാരിക്കുന്നത് ഒരു ഫിനിഷറെ പറ്റിയാണ്. അത് സൂര്യകുമാർ യാദവാണ് എന്ന് നമുക്ക് പറയാൻ സാധിക്കും. ഇന്ത്യക്കായി അഞ്ചാം നമ്പറിൽ സൂര്യ തന്നെ കളിക്കണം.”- ഹർഭജൻ പറഞ്ഞു.
ഇന്ത്യയുടെ ഓസ്ട്രേലിയരായ ആദ്യ മത്സരങ്ങളിൽ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവർ വിശ്രമം എടുത്തിരുന്നു. എന്നാൽ ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തിൽ ഇവരെയൊക്കെയും ടീമിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിനായി ഇന്ത്യ തയ്യാറാക്കിയിരിക്കുന്ന പ്ലെയിങ് ഇലവൻ തന്നെയാവും മൂന്നാം ഏകദിനത്തിലും മൈതാനത്തിറങ്ങുക.