ധോണിയല്ല 2011 ലോകകപ്പ് നേടിയത്, ഇന്ത്യയാണ്. ഗംഭീറിന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ച് ഡിവില്ലിയേഴ്സ്.

2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീമിൽ അടക്കം ഒരുപാട് പൊട്ടിത്തെറികളുണ്ടായി. ലോകകപ്പിന്റെ ക്രെഡിറ്റ് പൂർണമായും നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് നൽകുന്നതിനെതിരെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്ത് എത്തിയിരുന്നു. ലോകകപ്പ് വിജയം ടീമിലെ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും, അതിന്റെ ക്രെഡിറ്റ് ഒരാൾക്ക് നൽകുന്നത് ശരിയല്ലെന്നുമാണ് അന്ന് ഗംഭീർ വാദിച്ചത്. ഗംഭീറിന്റെ ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. ടൂർണമെന്റുകൾ വിജയിക്കുന്ന ക്രെഡിറ്റ് യാതൊരു കാരണവശാലും ചില താരങ്ങളിൽ മാത്രമായി ഒതുങ്ങി പോകരുത് എന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്.

2011 ലോകകപ്പിൽ സഹീർ ഖാനും യുവരാജ് സിംഗും അടക്കമുള്ളവർ വലിയ പങ്കാണ് വഹിച്ചതെന്നും, യുവരാജ് സിംഗിന്റെ അടക്കമുള്ള പ്രകടനങ്ങളെ മറക്കാൻ സാധിക്കില്ല എന്നുമായിരുന്നു ഗംഭീർ മുൻപ് പറഞ്ഞത്. ഇതിന് സമാനമായ രീതിയിലാണ് ഡിവില്ലിയേഴ്സ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ക്രിക്കറ്റ് എല്ലായിപ്പോഴും ഒരു ടീമിന്റെ ഗെയിമാണെന്നും, ഒരു താരം വിചാരിച്ചത് കൊണ്ട് മാത്രം ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകൾ നേടാൻ സാധിക്കില്ല എന്നുമാണ് ഡിവില്ലിയേഴ്സ് പറയുന്നത്. 2011ലെ ഏകദിന ലോകകപ്പ് നേടിയത് മഹേന്ദ്ര സിംഗ് ധോണിയല്ല, മറിച്ച് ഇന്ത്യൻ ടീമാണ് എന്നും ഡിവില്ലിയേഴ്സ് പറയുകയുണ്ടായി. ഡിവില്ലിയേഴ്സിന്റെ ഈ പ്രതികരണത്തിൽ മറുപടികളൊന്നും മറ്റു താരങ്ങൾ നൽകിയിട്ടില്ല.

“എല്ലായിപ്പോഴും ക്രിക്കറ്റ് എന്നത് ഒരു ടീമിന്റെ ഗെയിമാണ്. ആ ടീമിലെ ഒരു കളിക്കാരന് മാത്രമായി ലോകകപ്പ് വിജയിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ലോകകപ്പ് സ്വന്തമാക്കിയത് മഹേന്ദ്ര സിംഗ് ധോണിയാണ് എന്ന് ചിലർ പറയുന്നതായി ഞാൻ കണ്ടിട്ടുണ്ട്. അത്തരം വാദങ്ങൾ ശരിയല്ല. മഹേന്ദ്ര സിംഗ് ധോണിയല്ല 2011 ലോകകപ്പ് നേടിയത്. ഇന്ത്യൻ ടീമാണ്. അത് നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. അതേപോലെ ലോർഡ്സിൽ ലോകകപ്പ് നേടിയത് ബെൻ സ്റ്റോക്സല്ല. അത് ഇംഗ്ലണ്ട് ടീമാണ്.”- ഡിവില്ലിയേഴ്സ് പറഞ്ഞു.

“ലോകകപ്പ് എന്നത് വലിയ ടൂർണമെന്റാണ്. അതിനാൽ തന്നെ ലോകകപ്പ് കിരീടം സ്വന്തമാക്കുക എന്നതും വലിയ പ്രക്രിയയാണ്. ഒരു ടീം എടുത്തു പരിശോധിച്ചാൽ അതിലെ കോച്ചിംഗ് സ്റ്റാഫുകൾ മുതൽ സെലക്ടർമാർ വരെ നിർണായക പങ്കുവഹിക്കുന്നുണ്ട്. ബോർഡ് മെമ്പർമാരും കളിക്കാരും സബ്സിറ്റ്യുട്ടുകളും എല്ലാവർക്കും ഒരു ലോകകപ്പ് വിജയത്തിൽ വലിയ പങ്കുണ്ട്.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.

മുൻപ് ഒരുപാട് തവണ ഇത്തരം കാര്യങ്ങളിൽ ഗൗതം ഗംഭീർ ചർച്ചകൾ ഉന്നയിച്ചിരുന്നു. 2011 ഏകദിന ലോകകപ്പിൽ യുവരാജ് സിംഗും വിരേന്ദ്ര സേവാഗും ഗൗതം ഗംഭീറും സഹീർ ഖാനും അടക്കമുള്ള താരങ്ങൾ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇതിന് ശേഷമാണ് മഹേന്ദ്ര സിംഗ് ധോണിയിലേക്ക് കൂടുതൽ ക്രെഡിറ്റ് പോകുന്നത് ഗംഭീറിനെ ചൊടിപ്പിച്ചത്.