അപ്രതീക്ഷിത മുട്ടുമടക്കൽ. ഒടുവിൽ ഓസീസിന് മുൻപിൽ ഇന്ത്യയ്ക്ക് പരാജയം.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ പരാജയം നേരിട്ട് ഇന്ത്യ. മത്സരത്തിൽ 66 റൺസിന്റെ വമ്പൻ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ രണ്ടു മത്സരത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ഇന്ത്യയ്ക്ക് നിരാശാജനകമായ മത്സരമായിരുന്നു മൂന്നാമത്തെത്. മത്സരത്തിൽ ഓസ്ട്രേലിക്കായി മിച്ചർ മാർഷ് ആണ് ബാറ്റിംഗിൽ തിളങ്ങിയത്. മാക്സ്വെൽ ബോളിങ്ങിൽ മികവുപുലർത്തിയപ്പോൾ ഇന്ത്യൻ ബാറ്റിംഗ് കടപുഴകി വീഴുകയായിരുന്നു. എന്നിരുന്നാലും ആദ്യ രണ്ടു മത്സരങ്ങളിൽ വിജയം നേടിയതോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പൂർണ്ണമായും ബാറ്റിംഗിന് അനുകൂലമായ സാഹചര്യത്തിൽ വളരെ മികച്ച തുടക്കമാണ് ഓപ്പണർമാർ ഓസ്ട്രേലിയക്ക് നൽകിയത്. ഡേവിഡ് വാർണറും മിച്ചൽ മാർഷും ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യൻ പേസർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. വാർണർ മത്സരത്തിൽ 34 പന്തുകളിൽ 56 റൺസെടുത്ത ശേഷമാണ് കൂടാരം കയറിയത്. എന്നാൽ ഇതിന് ശേഷവും മിച്ചൽ മാർഷും സ്റ്റീവ് സ്മിത്തും അടിച്ചു തകർത്തു. മാർഷ് മത്സരത്തിൽ 84 പന്തുകളിൽ 96 റൺസാണ് നേടിയത്. 13 ബൗണ്ടറികളും മൂന്ന് പടുകൂറ്റൻ സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. സ്മിത്ത് മത്സരത്തിൽ 61 പന്തുകളിൽ 74 റൺസ് നേടി.

ശേഷം നാലാമനായി ക്രീസിലെത്തിയ ലബുഷൈനും ഓസ്ട്രേലിയക്കായി അടിച്ചു തകർക്കുന്നതാണ് കണ്ടത്. അവസാന ഓവറുകളിൽ ലാബുഷൈൻ(72) ഓസ്ട്രേലിയയുടെ രക്ഷകനായി മാറുകയായിരുന്നു. എന്നാൽ ഇന്നിംഗ്സിന്റെ മധ്യത്തിൽ ഓസ്ട്രേലിയ 400ന് മുകളിൽ സ്കോർ കണ്ടെത്തുമെന്നാണ് കരുതിയത്. പക്ഷേ ഇന്ത്യൻ ബോളർമാരുടെ തിരിച്ചുവരവ് ഓസ്ട്രേലിയയെ ഞെട്ടിച്ചു. അങ്ങനെ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് നിശ്ചിത 50 ഓവറുകളിൽ 352 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി മൂന്ന് വിക്കറ്റുകൾ നേടിയ ബൂമ്രയാണ് മികവ് പുലർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി നായകൻ രോഹിത് ശർമ മികച്ച തുടക്കം തന്നെ നൽകുകയുണ്ടായി.

പവർ പ്ലേ ഓവറുകളിൽ തന്നെ വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച രോഹിത് ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കി. മത്സരത്തിൽ 57 പന്തുകളിൽ 81 റൺസ് ആയിരുന്നു രോഹിത് നേടിയത്. മൂന്നാമനായെത്തിയ കോഹ്ലിയും ക്രീസിൽ ഉറച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് ഇന്ത്യക്കായി കെട്ടിപ്പടുത്തു. കോഹ്ലി മത്സരത്തിൽ 56 റൺസ് നേടി. എന്നാൽ ഓസ്ട്രേലിയയുടെ സ്പിന്നർ മാക്സ്വെൽ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തിയത് ഇന്ത്യയെ ബാധിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ മധ്യനിര തകർന്നുവീണു. മത്സരത്തിൽ 66 റൺസിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.