ഹർദിക്കിനെ നായകനാക്കിയാൽ രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വന്റി20 നായകമാറ്റം ആ ഭീഷണി മൂലമെന്ന് റിപ്പോർട്ട്‌.

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഉപ നായകനായിരുന്നു ഹർദിക് പാണ്ഡ്യ. 2022 ലോകകപ്പിന് ശേഷവും ഇന്ത്യയെ ട്വന്റി20കളിൽ നയിച്ചത് പാണ്ഡ്യ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ 2024 ലോകകപ്പിന് ശേഷം രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഹർദിക് പാണ്ഡ്യ ഇന്ത്യയുടെ ട്വന്റി20 നായകനായി ചുമതലയേൽക്കും എന്നാണ് എല്ലാവരും കരുതിയത്.

എന്നാൽ വളരെ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനമായിരുന്നു പുറത്തുവന്നത്. ഹർദിക് പാണ്ഡ്യയെ പൂർണമായും ഒഴിവാക്കിക്കൊണ്ട് സൂര്യകുമാർ യാദവിനെ ഇന്ത്യ ട്വന്റി20 നായകനായി പ്രഖ്യാപിച്ചു. ഇതിന്റെ കാരണങ്ങൾ വ്യക്തമാക്കാനും ആർക്കും സാധിച്ചിരുന്നില്ല. എന്നാൽ ഇതേ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇന്ത്യയുടെ മുഖ്യ സെലക്ടറായ അജിത് അഗാർക്കറുടെ വിയോജിപ്പ് മൂലമാണ് ഹർദിക് പാണ്ഡ്യ ട്വന്റി20 ടീമിന്റെ നായകനാകാതിരുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹർദിക് പാണ്ഡ്യയെ നായക സ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ പല നീക്കങ്ങളും ഉയർന്നിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാണ്ഡ്യ നായകനായാൽ താൻ മുഖ്യ സെലക്ടർ പദവി രാജിവയ്ക്കും എന്ന് അജിത് അഗാർക്കർ പറഞ്ഞതായാണ് ദേശീയ കായിക മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. തുടക്കം മുതൽ തന്നെ ഹർദിക് പാണ്ഡ്യയെ നായകനാക്കുന്നതിൽ അഗാർക്കർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രോഹിത് ട്വന്റി20 ടീമിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതോടെ പുതിയ നായകനെ കണ്ടെത്താനുള്ള ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചയിൽ ജയ്ഷാ അടക്കമുള്ളവർ പങ്കെടുത്തതാണ് റിപ്പോർട്ട്. ചർച്ചയിൽ ഹർദിക് പാണ്ഡ്യയെ നായകനാക്കി ഉയർത്തിക്കൊണ്ടു വരരുത് എന്ന അഭിപ്രായം പങ്കുവെച്ചത് അജിത് അഗാർക്കറും ഗൗതം ഗംഭീറുമാണ്.

അതേസമയം ബിസിസിഐ സെക്രട്ടറി ജയ് ഷാ പാണ്ഡ്യയെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പാണ്ഡ്യയെ നായകനാക്കിയാൽ താൻ സ്ഥാനം രാജിവയ്ക്കുമെന്ന് അജിത് അഗാർക്കർ അറിയിച്ചത്. ഇക്കാരണത്താൽ സൂര്യകുമാറിനെ നായകനാക്കി മാറ്റുകയായിരുന്നു.

ശ്രീലങ്കയ്ക്കെതിരായ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിലാണ് സൂര്യകുമാർ യാദവ് നായകനായി എത്തിയത്. പരമ്പരയിൽ തട്ടുപൊളിപ്പൻ പ്രകടനം തന്നെയായിരുന്നു സൂര്യകുമാർ കാഴ്ചവച്ചത്. പല മത്സരങ്ങളിലും സൂര്യകുമാറിന്റ ക്യാപ്റ്റൻസി മികവു കൊണ്ട് ഇന്ത്യ വിജയം സ്വന്തമാക്കുകയുണ്ടായി. ഇതിന് പിന്നാലെ താരത്തിന് വലിയ രീതിയിലുള്ള പ്രശംസയും ലഭിച്ചു. ഇന്ത്യൻ മുൻനിരയിലുള്ള പല ബാറ്റർമാരെയും വളരെ നന്നായി ഉപയോഗിക്കാനും സൂര്യകുമാർ യാദവിന് സാധിച്ചിട്ടുണ്ട്. വരും സമയങ്ങളിലും സൂര്യ ഇത്തരത്തിൽ ക്യാപ്റ്റൻസിൽ മികവ് പുലർത്തും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Previous articleസഹീർ ഖാനല്ല, ഏറ്റവും മനോഹരമായ ബോളിംഗ് ആക്ഷനുള്ളത് അദ്ദേഹത്തിന്. ഡെയ്ൽ സ്‌റ്റെയ്‌ൻ
Next articleമിന്നുമണിയും ആശാ ശോഭനയും കേരളം വിടുന്നു, പുതിയ ടീമിലേക്ക് കൂടുമാറ്റം. അനുമതി നൽകി കെസിഎ.