നിങ്ങൾ അയാളെ ട്രോളുകൾ കൊണ്ട് ഇല്ലാതാക്കി. പക്ഷേ അയാൾ ഉയർത്തെഴുന്നേറ്റ് കഴിവ് തെളിയിച്ചു.. രാഹുലിനെപ്പറ്റി ചോപ്ര

2023 ഏകദിന ലോകകപ്പിലൂടനീളം ശക്തമായ ബാറ്റിംഗ് പ്രകടനങ്ങളാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ കെഎൽ രാഹുൽ പുറത്തെടുത്തിരിക്കുന്നത്. നെതർലൻഡ്സിനെതിരായ മത്സരത്തിലും ഒരു ശക്തമായ വെടിക്കെട്ട് തീർക്കാൻ രാഹുലിന് സാധിച്ചിരുന്നു. മത്സരത്തിൽ 64 പന്തുകളിൽ 102 റൺസാണ് രാഹുൽ നേടിയത്. രാഹുലിന്റെ ഈ ഇന്നിങ്സിന്റെ സഹായത്തോടെയാണ് ഇന്ത്യ 410 എന്ന ശക്തമായ സ്കോറിൽ മത്സരത്തിലെത്തിയത്.

ശേഷം 160 റൺസിന് മത്സരത്തിൽ വിജയം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു. ഈ ഇന്നിങ്സിന് ശേഷം വലിയ പ്രശംസകളാണ് രാഹുലിനെ തേടി എത്തിയിരിക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ ഏറ്റവുമധികം വിമർശനങ്ങൾ നേരിട്ട ബാറ്ററായിരുന്നു കെഎൽ രാഹുൽ. എന്നാൽ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയാണ് രാഹുൽ ഇപ്പോൾ ബാറ്റിങ്ങിലൂടെ നൽകുന്നത്. രാഹുലിന് പ്രശംസകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയാണ്.

സമീപകാലത്ത് ഏറ്റവുമധികം ട്രോളുകൾ നേരിട്ടുള്ള താരം രാഹുലാണ് എന്ന് ചോപ്ര പറയുന്നു. “ഈ വർഷം ഏറ്റവുമധികം ട്രോളുകൾ നേരിട്ടുള്ള ബാറ്റർ കെഎൽ രാഹുലാണ്. പക്ഷേ അയാൾ നല്ല രീതിയിൽ ബാറ്റിംഗിൽ ശോഭിക്കുന്നുണ്ട്. ഒരു സാധാരണ ക്രിക്കറ്റ് ആരാധകനായി പറഞ്ഞാൽ, മൂന്ന് ഫോർമാറ്റിലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ സാധിക്കുന്ന ഒരു താരമാണ് രാഹുൽ. മാത്രമല്ല ടീം എന്താണോ ആവശ്യപ്പെടുന്നത് അത് ചെയ്യാനും രാഹുലിന് സാധിക്കുന്നുണ്ട്. ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിലും, രാഹുൽ ടോപ് 3ൽ തന്നെ കളിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ആവശ്യം രാഹുലിനെ അഞ്ചാം നമ്പറിൽ ഇറക്കുക എന്നതാണ്. കാരണം മറ്റൊരു താരത്തിനും ആ നമ്പറിൽ കളിക്കാൻ ഇപ്പോൾ സാധിക്കില്ല. പക്ഷേ രാഹുലിനത് പറ്റും.”- ചോപ്ര പറയുന്നു.

“രാഹുൽ ഒരു സ്പെഷ്യലിസ്റ്റ് കീപ്പർ ആയിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെയായി മാറാനും അയാൾക്ക് സാധിച്ചിട്ടുണ്ട്. രാഹുൽ എന്ന പേരിൽ തന്നെ എന്തൊക്കെയോ ഉണ്ട് എന്നാണ് ഞാൻ കരുതുന്നത്. ടീമിനായി നിസ്വാർത്ഥമായ സേവനം നൽകാൻ രാഹുലിന് സാധിക്കുന്നുണ്ട്. മത്സരത്തിൽ 62 പന്തുകളിൽ നിന്നാണ് രാഹുൽ സെഞ്ച്വറി നേടിയത്. ഞാൻ അയാളെ അഭിനന്ദിക്കുകയാണ്. കാരണം ആദ്യ മത്സരത്തിൽ രാഹുലിന് സെഞ്ച്വറി നഷ്ടമായിരുന്നു. എന്നാൽ ഇന്നത് നേടാൻ രാഹുലിന് സാധിച്ചു. ഞാനൊരു തരത്തിലും അഭിനിവേശത്തിൽ വിശ്വസിക്കുന്നില്ല. പക്ഷേ ഇത്തരം നാഴികകല്ലുകൾക്കും നമ്മുടെ രാജ്യത്ത് പ്രാധാന്യമുണ്ട്.”- ചോപ്ര കൂട്ടിച്ചേർത്തു.

ഇതിനൊപ്പം മത്സരത്തിൽ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരെയും അഭിനന്ദിക്കാൻ ചോപ്ര മറന്നില്ല. “ശ്രേയസ് അയ്യർ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് നേടിയത്. വളരെ നന്നായി മത്സരത്തിൽ അയ്യർ ബാറ്റ് ചെയ്തു. എന്തെന്നാൽ അയാൾ ഇന്നിംഗ്സിന്റെ ഒരു സമയത്ത് പോലും സ്ലോ ചെയ്തില്ല. എല്ലായ്പ്പോഴും ബോളർമാരെ അടിച്ചകറ്റാൻ അയാൾക്ക് സാധിച്ചു. മാത്രമല്ല വളരെ പക്വതയോടെയും അയാൾ കളിച്ചു. സ്പിന്നർമാർക്കെതിരെ സിംഗിളുകൾ നേടാനും വമ്പൻ ഷോട്ടുകൾ കളിക്കാനും അയാൾക്ക് സാധിച്ചിട്ടുണ്ട്.”- ചോപ്ര പറഞ്ഞു വയ്ക്കുന്നു.

Previous article“ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാം നമ്പർ ബാറ്റർ”. രാഹുലിനെ പ്രശംസകൊണ്ട് മൂടി മുൻ പാക് താരം
Next articleഞങ്ങൾക്ക് കൃത്യമായ പ്ലാനുണ്ട്, ഇത്തവണയും ഇന്ത്യയെ തകർക്കും. ഫെർഗ്യൂസൻ പറയുന്നു.