“ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാം നമ്പർ ബാറ്റർ”. രാഹുലിനെ പ്രശംസകൊണ്ട് മൂടി മുൻ പാക് താരം

F u6VXmaQAARnJZ scaled

നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു ശക്തമായ സെഞ്ച്വറി തന്നെയായിരുന്നു ഇന്ത്യയുടെ അഞ്ചാം നമ്പർ ബാറ്റർ കെഎൽ രാഹുൽ സ്വന്തമാക്കിയത്. തന്റെ ഏകദിന കരിയറിലെ തന്നെ ഏറ്റവും മികച്ച സെഞ്ച്വറികളിൽ ഒന്നാണ് രാഹുൽ മത്സരത്തിൽ നേടിയത്. 64 പന്തുകൾ മത്സരത്തിൽ നേരിട്ട രാഹുൽ 102 റൺസാണ് സ്വന്തമാക്കിയത്. 11 ബൗണ്ടറികളും നാല് സിക്സറുകളും രാഹുലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. മാത്രമല്ല ഈ ഇന്നിംഗ്സിലൂടെ, ഇന്ത്യയ്ക്കായി ഏറ്റവും വേഗമേറിയ ലോകകപ്പ് സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡും രാഹുലിന് സ്വന്തമാക്കാൻ സാധിച്ചു. 62 പന്തുകളിൽ നിന്നായിരുന്നു രാഹുൽ സെഞ്ച്വറി പൂർത്തീകരിച്ചത്. രാഹുലിന്റെ ഈ തട്ടുപൊളിപ്പൻ ഇന്നിങ്സിന് ശേഷം പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ശുഐബ് മാലിക്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ചാം നമ്പർ ബാറ്ററാണ് രാഹുൽ എന്ന് മാലിക് പറയുകയുണ്ടായി.

2023 ലോകകപ്പിലുടനീളം വളരെ വ്യത്യസ്തമായ രീതിയിലാണ് രാഹുൽ തന്റെ ഇന്നിങ്സുകൾ കെട്ടിപടുത്തിട്ടുള്ളത്. പല സമയത്തും ഇന്ത്യ സമ്മർദ്ദത്തിലാവുമ്പോൾ രാഹുൽ ക്രീസിലുറയ്ക്കുകയും പതിയെ റൺസ് കണ്ടെത്തുകയുമാണ് ചെയ്തിരുന്നത്. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായി മാറുമ്പോൾ വെടിക്കെട്ട് തീർക്കാനും രാഹുലിന് സാധിക്കുന്നുണ്ട്. രാഹുലിന്റെ ഈ മികവാർന്ന ബാറ്റിംഗ് പ്രകടനങ്ങൾ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ ഡെപ്ത് നൽകുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ പ്രശംസിച്ചുകൊണ്ട് മാലിക് രംഗത്ത് എത്തിയത്. ദക്ഷിണാഫ്രിക്കയുടെ അഞ്ചാം നമ്പർ ബാറ്റർ ക്ലാസനുമായി രാഹുലിനെ താരതമ്യം ചെയ്താണ് മാലിക് സംസാരിച്ചത്. എന്നാൽ ക്ലാസനേക്കാൾ മികച്ച ബാറ്റർ രാഹുലാണ് എന്ന് മാലിക് സമ്മതിക്കുന്നു.

See also  "സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ "- ഹർഭജൻ പറയുന്നു..

“രാഹുലാണ് നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച അഞ്ചാം നമ്പർ ബാറ്റർ. ക്ലാസനും ആ സ്ഥാനത്തിന് അർഹനാണ്. പക്ഷേ നമ്മൾ ഇരുവരെയും താരതമ്യം ചെയ്യുമ്പോൾ, രാഹുലിന് ഏതു സാഹചര്യത്തിന് അനുസരിച്ചും കളിക്കാൻ സാധിക്കുന്നുണ്ട്. അതിനാൽ തന്നെ ഇന്ത്യയുടെ നമ്പർ 5 തന്നെയാണ് ഏറ്റവും മികച്ചത് എന്ന് പറയാം. ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രണ്ടോ മൂന്നോ വിക്കറ്റുകൾ നഷ്ടമാവുകയാണെങ്കിൽ രാഹുൽ സാഹചര്യമനുസരിച്ച് ബാറ്റ് ചെയ്യാറാണ് പതിവ്. അയാൾക്ക് മത്സരം ഫിനിഷ് ചെയ്യാനും, നൂതന ഷോട്ടുകൾ കളിക്കാനും, മികച്ച സ്ട്രൈക്ക് റേറ്റിൽ ഇന്നിങ്സുകൾ കെട്ടിപ്പടുക്കാനും സാധിക്കും. അത് നമ്മൾ നെതർലാൻഡ്സിനെതിരെയും കാണുകയുണ്ടായി.”- മാലിക് പറയുന്നു.

“സ്പിന്നർമാർക്കെതിരെയും പേസർമാർക്കെതിരെയും വളരെ നല്ല സാങ്കേതികതയാണ് രാഹുലിനുള്ളത്. എല്ലായിപ്പോഴും മൈതാനങ്ങളിലെ ഗ്യാപ്പ് കണ്ടെത്താനും ഫീൽഡിനനുസരിച്ച് കളിക്കാനും രാഹുലിന് സാധിക്കുന്നു. ഓസ്ട്രേലിയക്കെതിരെയും വളരെ മികച്ച ബാറ്റിംഗ് പ്രകടനം രാഹുൽ പുറത്തെടുത്തിരുന്നു. അന്ന് വളരെ സമ്മർദ്ദമേറിയ സാഹചര്യത്തിൽ നിന്നും മത്സരം ഫിനിഷ് ചെയ്യാൻ രാഹുലിന് സാധിച്ചു.”- മാലിക് കൂട്ടിച്ചേർക്കുന്നു. ലോകകപ്പിന് മുൻപ് വളരെ വിമർശനങ്ങൾ കേട്ടായിരുന്നു രാഹുൽ ടീമിലേക്ക് എത്തിയത്. എന്നാൽ എല്ലാത്തിനുമുള്ള മറുപടി ലോകകപ്പിൽ ബാറ്റിങ്ങിലൂടെ നൽകുകയാണ് രാഹുൽ ഇപ്പോൾ.

Scroll to Top