2023 ഏകദിന ലോകകപ്പിൽ ഏറ്റവും ആക്രമണശൈലിയിൽ ബാറ്റ് ചെയ്യുന്ന നായകൻ രോഹിത് ശർമയാണ് എന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിനു മുന്നോടിയായാണ് ഇർഫാൻ പത്താൻ ഈ പ്രസ്താവന നടത്തിയത്. സ്റ്റാർ സ്പോർട്സിന്റെ ഒരു ഷോയിൽ സംസാരിക്കുകയായിരുന്നു പത്താൻ.
നിലവിൽ ലോകകപ്പിൽ ഏറ്റവും ആക്രമണ മനോഭാവത്തോടെ ബാറ്റ് ചെയ്യുന്ന താരം രോഹിത് ശർമയാണ് എന്ന് പത്താൻ പറയുന്നു. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ 63 പന്തുകളിൽ 86 റൺസ് ആയിരുന്നു രോഹിത് ശർമ നേടിയത്. ശേഷം ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഒരു തകർപ്പൻ ഇന്നിംഗ്സ് കെട്ടിപ്പടുക്കാനാണ് രോഹിത് തയ്യാറാവുന്നത്. ഈ സമയത്താണ് പത്താന്റെ പ്രസ്താവന.
“രോഹിത്തിന്റെ ടൈമിംഗ് അപാരം തന്നെയാണ്. മാത്രമല്ല നിലവിൽ മികച്ച ഫോമിലാണ് രോഹിത് കളിക്കുന്നതും. നന്നായി പന്തുകൾ ലീവ് ചെയ്യാനും രോഹിത്തിന് സാധിക്കുന്നുണ്ട്. ഇതിനർത്ഥം അയാൾ കേവലം ആക്രമണം അഴിച്ചു വിടുക മാത്രമല്ല എന്നതാണ്. നെറ്റ്സിലായാലും രോഹിത് ശർമ കൃത്യമായി പന്തുകളെ നിരീക്ഷിക്കുകയും വമ്പൻ ഷോട്ടുകൾക്ക് ശ്രമിക്കുകയും ചെയ്യുന്നു.
പരിശീലന സെഷനിലും വളരെ ആത്മവിശ്വാസത്തോടെയാണ് രോഹിത് ശർമയെ കാണാറുള്ളത്. മികച്ച ഫോമിലാണെങ്കിലും നല്ല പന്തുകളെ രോഹിത് നന്നായി ബഹുമാനിക്കുന്നുണ്ട്. നിലവിൽ ലോകകപ്പിലെ ക്യാപ്റ്റൻമാരെ എടുത്ത് പരിശോധിച്ചാൽ ഏറ്റവും ആക്രമണപരമായി കളിക്കുന്ന നായകൻ രോഹിത് ശർമ തന്നെയാണ്. അതത്ര എളുപ്പവുമല്ല.”- പത്താൻ പറയുന്നു.
“നമുക്ക് രോഹിത് ശർമയെ എത്രമാത്രം പ്രശംസിച്ചാലും മതിയാവില്ല. കാരണം തോളിലേറ്റ ഉത്തരവാദിത്തങ്ങൾ കണക്കിലെടുക്കുമ്പോൾ, രോഹിത് പ്രശംസകൾക്ക് അർഹനാണ്. വളരെ അനായാസം തന്നെ ഷോട്ടുകൾ കളിക്കാൻ രോഹിത് ശർമയ്ക്ക് സാധിക്കുന്നുണ്ട്. പരിശീലന സമയങ്ങളിൽ പ്രതിരോധാത്മക ഷോട്ടുകളും, വമ്പൻ ഷോട്ടുകളും രോഹിത് കളിക്കാറുണ്ട്.
എന്നാൽ മത്സരത്തിലേക്ക് വരുമ്പോൾ ആക്രമണ രീതിയിൽ തന്നെയാണ് രോഹിത് ബാറ്റ് ചെയ്യുന്നത്.”- പത്താൻ കൂട്ടിച്ചേർത്തു. മാത്രമല്ല ഇന്ത്യൻ നിരയിലെ മുഴുവൻ ബാറ്റർമാരും മൈതാനത്ത് മികവ് പുലർത്താൻ സാധിക്കുന്നവരാണെന്നും പത്താൻ പറഞ്ഞു. എല്ലാവരും പരിശീലന സമയത്ത് ഒട്ടും സമ്മർദ്ദമില്ലാതെയാണ് ബാറ്റ് ചെയ്യുന്നതെന്നും പത്താൻ പറഞ്ഞു.
“ഇന്ത്യയുടെ മുഴുവൻ ബാറ്റർമാരും ബോളർമാരും പരിശീലന സമയത്ത് നല്ല നിയന്ത്രണത്തിൽ തന്നെയാണ് കളിക്കുന്നത്. മൈതാനത്തായാലും പരിശീലന സെഷനിലായാലും അവർക്ക് കൃത്യമായി നിയന്ത്രണം പാലിക്കാൻ കഴിയുന്നുണ്ട്. യാതൊരു സമ്മർദ്ദവും ഇല്ലാതെയാണ് മൈതാനങ്ങളിൽ അവരെ കാണാറുള്ളത്. പാക്കിസ്ഥാനെതിരായ മത്സരത്തിന് മുൻപ് ഒന്നര മണിക്കൂർ അവർ കാൽപന്ത് കളിച്ചിരുന്നു.”- പത്താൻ പറഞ്ഞുവെക്കുന്നു. ലോകകപ്പിൽ ഇതുവരെ കളിച്ച 3 മത്സരങ്ങളിലും വിജയം നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. വരും മത്സരങ്ങളിലും വിജയം നേടി ആദ്യമേ സെമിഫൈനലിൽ എത്തുക എന്ന ഉദ്ദേശത്തിലാണ് ഇന്ത്യ.