ബുമ്ര- സിറാജ്- ജഡേജ എന്നിവരുടെ തീപാറും ബൗളീംഗ്. ബംഗ്ലകളെ 256 റൺസിലൊതുക്കി ഇന്ത്യ..

F8zPMzEbEAArAl5 scaled

ഏകദിന ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശക്തമായ ബോളിംഗ് പ്രകടനവുമായി ഇന്ത്യ. ബാറ്റിംഗിന് അനുകൂലമായ പൂനെയിലെ പിച്ചിൽ 256 എന്ന സ്കോറിൽ ബംഗ്ലാദേശിനെ ചുരുട്ടികെട്ടാൻ ഇന്ത്യക്ക് സാധിച്ചു. മത്സരമധ്യേ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ പരിക്കു മൂലം മാറിനിന്നിട്ടും, പതറാതെയാണ് ഇന്ത്യ പോരാടിയത്. മത്സരത്തിൽ ബംഗ്ലാദേശിനായി ഓപ്പണർമാർ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും ജസ്‌പ്രീറ്റ് ബുമ്രയും രവീന്ദ്ര ജഡേജയുമാണ് ബോളിംഗിൽ തിളങ്ങിയത്. ഈ മത്സരത്തിൽ വിജയം സ്വന്തമാക്കി പോയിന്റ്സ് ടെബിളിൽ ഒന്നാം സ്ഥാനം കയ്യടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പൂനയിലെ പിച്ചിൽ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ബംഗ്ലാദേശിന് ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ 93 റൺസിന്റെ കൂട്ടുകെട്ട് ബംഗ്ലാദേശിനായി ഓപ്പണർ തൻസീദ് ഹസനും ലിറ്റൻ ദാസും ചേർന്ന് കെട്ടിപ്പടുത്തു. ലിറ്റൻ ദാസ് മത്സരത്തിൽ 82 പന്തുകളിൽ 66 റൺസാണ് നേടിയത്. തൻസീദ് ഹസൻ 43 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 51 റൺസ് നേടി. എന്നാൽ സ്പിന്നർ കുൽദീപ് യാദവ് ബോളിംഗ് ക്രീസിലെത്തിയതോടെ ഇരുവരും വിറച്ചു. തൻസീദ് ഹസന്റെ വിക്കറ്റ് സ്വന്തമാക്കി കുൽദീപ് ഇന്ത്യക്ക് ബ്രേക്ക് നൽകുകയായിരുന്നു. പിന്നീട് ബംഗ്ലാദേശ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

നായകൻ ഷാന്റോ(3) അടക്കമുള്ളവർ പരാജയപ്പെട്ടപ്പോൾ മധ്യ ഓവറുകളിൽ ബംഗ്ലാദേശ് നിര ഇന്ത്യൻ സ്പിന്നർമാർക്ക് മുമ്പിൽ വിറക്കുന്നതാണ് കണ്ടത്. പിന്നീട് ആറാമനായി ക്രീസിലെത്തിയ മുഷ്ഫിഖുർ റഹീമാണ് ബംഗ്ലാദേശിന് പ്രതീക്ഷ നൽകിയിരുന്നത്. റഹീം മത്സരത്തിൽ 46 പന്തുകളിൽ 38 റൺസ് സ്വന്തമാക്കി. എന്നാൽ കൃത്യമായ സമയത്ത് റഹീമിനെ പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. അവസാന ഓവറുകളിൽ മഹ്മുദുള്ള ബംഗ്ലാദേശിനായി പൊരുതുകയുണ്ടായി. വാലറ്റത്തെ കൂട്ടുപിടിച്ച് ബംഗ്ലാദേശിനെ ഒരു ഭേദപ്പെട്ട സ്കോറിൽ എത്തിക്കാൻ മഹ്മുദുള്ളയ്ക്ക് സാധിച്ചു.

മത്സരത്തിൽ മഹ്മൂദുള്ള 36 പന്തുകളിൽ 46 റൺസാണ് നേടിയത്. ഇങ്ങനെ ബംഗ്ലാദേശ് നിശ്ചിത 50 ഓവറുകളിൽ 256 എന്ന സ്കോറിൽ എത്തുകയായിരുന്നു. ഇന്ത്യക്കായി എല്ലാ ബോളർമാരും മികവാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും ബൂമ്രയും ഇന്ത്യക്കായി രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. ശർദുൽ താക്കൂറും കുൽദീപ് യാദവും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. എന്തായാലും തരക്കേടില്ലാത്ത ബോളിംഗ് പ്രകടനം തന്നെയാണ് ഇന്ത്യ മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്.

Scroll to Top