ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായിട്ടാണ്. ഒപ്പം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിർണായകമാണ്. വിദേശ മണ്ണിൽ തുടർ ടെസ്റ്റ് പരമ്പര വിജയങ്ങളെന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ആഗ്രഹം സഫലമാകുമോ എന്നൊരു ആശങ്കയും ആരാധകരിൽ സജീവമാണ്.ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രധാന താരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത്. മധ്യനിരയിൽ പന്ത് ഫോം തുടരുമെന്ന വളരെ ഉറച്ച വിശ്വാസത്തിലാണ് ടീം മാനേജ്മെന്റ്.
എന്നാൽ ഇപ്പോൾ റിഷാബ് പന്തിനെ കുറിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്കിന്റെ വാക്കുകളാണ് ക്രിക്കറ്റ് ലോകത്ത് വൻ ചർച്ചയും ഒപ്പം വിമർശനങ്ങൾക്കും വഴി ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗിനെ പോലെയും ഗിൾക്രിസ്റ്റ് പോലെയും ആപകടകാരിയായ ഒരു ബാറ്റിംഗ് കരുത്താണ് പന്ത് എന്നാണ് കാർത്തിക്കിന്റെ അഭിപ്രായം. ഇന്ന് ഏതൊരു എതിരാളികളും റിഷാബ് പന്തിന്റ ബാറ്റിംഗിനെ ഭയക്കുന്നതായി കാർത്തിക് വിശദമാക്കി.
“ഇപ്പോൾ ഏതൊരു എതിരാളികളിലും ഭീതി പടർത്തുവാൻ റിഷാബിന് കഴിയും അവൻ ക്രീസിൽ നിൽക്കുന്ന സമയത്ത് എല്ലാം മത്സരം ഇന്ത്യൻ ടീമിന് വളരെ അനുകൂലമാക്കുവാൻ പന്തിന് സാധിക്കും. പ്രതാപ കാലത്ത് വീരുവും ഒപ്പം ഗില്ലിയും കളിച്ചത് പോലെ ഭയരഹിത ക്രിക്കറ്റ് കളിയാണ് അവനിപ്പോഴും കളിക്കുന്നത്.” കാർത്തിക് വാചാലനായി.
ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും റിഷാബ് പന്ത് മിന്നും പ്രകടനം ബാറ്റിംഗിൽ കാഴ്ചവെച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ശതകം നേടിയ താരം ഗാബ്ബയിൽ ഓസീസ് എതിരായ നിർണായക ടെസ്റ്റ് വിജയത്തിൽ ടോപ് സ്കോററായി.