സ്വന്തം നേട്ടങ്ങൾ നോക്കാതെ കളിക്കണം :ഇന്ത്യൻ ബൗളിംഗ് സംഘത്തിന് മുന്നറിയിപ്പുമായി വെങ്കടേഷ് പ്രസാദ്

ലോകക്രിക്കറ്റിൽ ഇന്ന് ഏതൊരു ബാറ്റിംഗ് നിരയും ഭയക്കുന്ന ബൗളിംഗ് പടയായി ഇന്ത്യൻ ടീം മാറി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അധിപത്യത്തിൽ നിർണായക പങ്ക് വഹിക്കുന്നത് സ്പിന്നർമാർക്കൊപ്പം പേസ് ബൗളിംഗ് സംഘവുമാണ്.ഇഷാന്ത്‌ ശർമ, ഉമേഷ്‌ യാദവ്, ജസ്‌പ്രീത് ബുറ, മുഹമ്മദ്‌ ഷമി, മുഹമ്മദ്‌ സിറാജ്, എന്നിവർ അടങ്ങിയ ബൗളിംഗ് നിരയെ ഏത് ടീമും കൊതിക്കും.ആക്രമണത്തിന് ഒപ്പം വിക്കറ്റ് വീഴ്ത്തുന്ന ശൈലിയിൽ പന്തെറിയുന്ന ഇന്ത്യൻ ബൗളർമാർക്ക് പ്രധാനപ്പെട്ട ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ പേസർ വെങ്കടേഷ് പ്രസാദ്.

ഇന്ത്യൻ പേസ് ബൗളർമാർ എല്ലാം മികച്ച ഫോമിലേക്ക് ഉയരും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച വെങ്കടേഷ് പ്രസാദ് ഇന്ത്യൻ ടീമിന്റെ വിജയത്തിൽ ബൗളർമാരുടെ പങ്കിനെ കുറിച്ചും വാചാലനായി. “എല്ലാ കളികളും പ്രധാനമാണ്. ടീം ഇന്ത്യയുടെ പേസ് സഖ്യം ഒരിക്കലും വ്യക്തികത നേട്ടങ്ങൾക്കായി കളിക്കരുത്.എപ്പോഴും ബൗളർമാർ തമ്മിലൊരു മികച്ച രീതിയിൽ ധാരണ ഉണ്ടാകണം. അതാണ്‌ ടീമിന്റെ ജയത്തിൽ പ്രധാനവും “താരം അഭിപ്രായം വിശദമാക്കി.

മുൻപ് ടീമിൽ കളിച്ചപ്പോൾ ഉള്ള ചില അനുഭവങ്ങളും താരം വിശദീകരിച്ചു. “നിങ്ങൾ ശ്രീനാഥിന്റെ ബൗളിംഗ് തന്നെ പരിശോധിക്കൂ അദ്ദേഹത്തിന് എതിരെ ബാറ്റ്സ്മാന്മാർ സൂഷ്മായി കളിച്ചു.ആ ഓവറിൽ പന്തുകളെ അവർ വളരെ ബഹുമാനിച്ചു.എനിക്ക് എതിരെ അറ്റാക്ക് ചെയ്ത് കളിക്കുവാനും എതിർ ടീം ശ്രമിച്ചു ഇതുവഴി എനിക്ക് വിക്കറ്റ് വീഴ്ത്തുവാനും അവസരം ലഭിച്ചു.ടീമിലെ ബൗളർമാർ എല്ലാം തമ്മിൽ വ്യക്തമായ ഒരു ധാരണ അനിവാര്യമാണ്.”വെങ്കടേഷ് പ്രസാദ് പറഞ്ഞുനിർത്തി.

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനും ഒപ്പം ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പരയിലെ പോരാട്ടങ്ങൾക്കുമായും ഇന്ത്യൻ സംഘം ഇംഗ്ലണ്ടിൽ എത്തി കഴിഞ്ഞു. ജൂൺ പതിനെട്ടിനാണ് ഇന്ത്യ :ന്യൂസിലാൻഡ് പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോരാട്ടം.