ബുംറയും ഷമിയും ഇല്ലെങ്കിലും ആ കുറവ് തോന്നുന്നില്ല : പ്രശംസയുമായി മുന്‍ താരം

ഇന്ത്യ :ന്യൂസിലാൻഡ് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ സ്പിൻ ബൗളർമാരാണ് പൂർണ്ണ അധിപത്യം ഉറപ്പിച്ചത് എങ്കിലും ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ്‌ സിറാജ് തന്റെ ന്യൂബോൾ ബൗളിംഗ് മികവിനാൽ കയ്യടികൾ നേടുകയാണ്. കിവീസ് നിരയിൽ അജാസ് പട്ടേൽ സ്വന്തമാക്കിയ പത്ത് വിക്കറ്റ് നേട്ടത്തിന് ശേഷം കിവീസ് ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാരെ എല്ലാം വീഴ്ത്തിയ സിറാജ് മൂന്ന് സുപ്രധാന വിക്കറ്റുകളുമായി പ്രശംസ നേടി കഴിഞ്ഞു.

നേരത്തെ ഓസ്ട്രേലിയ ഇംഗ്ലണ്ട് പര്യടനങ്ങളിൽ തിളങ്ങിയ സിറാജ് തന്റെ മികവ് ഇന്ത്യൻ മണ്ണിലും വീണ്ടും ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. ലാതം, യങ്, ടെയ്ലർ എന്നിവരെ മനോഹരമായ ബോളുകളിൽ വീഴ്ത്തിയ താരത്തെ ഇപ്പോൾ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ പ്രധാന ബൗളിംഗ് കരുത്തായ മുഹമ്മദ്‌ ഷമി ജസ്‌പ്രീത് ബുംറ എന്നിവരുടെ അഭാവം തോന്നാത്തത് സിറാജിന്റെ മനോഹര ബൗളിംഗ് പ്രകടനത്താലാണ് എന്നും പറഞ്ഞ ആകാശ് ചോപ്ര ഇന്ത്യൻ മണ്ണിലെ ടെസ്റ്റുകളിലും തിളങ്ങുന്നത് നല്ല സൂചനകളാണെന്നും ചൂണ്ടികാട്ടി.

“അവൻ ആരുടേയും അഭാവം ചർച്ചചെയ്യാനായി സമ്മതിക്കില്ല.കഴിഞ്ഞ മത്സരത്തിൽ നമ്മൾ ഷമി, ബുംറ എന്നിവരുടെ അഭാവത്തെ കുറിച്ച് സംസാരിച്ചു. പക്ഷേ ഇന്ന് രണ്ടാം ടെസ്റ്റിൽ നാം ഇഷാന്ത് ശർമ്മ പരിക്കിനെ കുറിച്ച് പോലും ഒരു വാക്ക് പറയുന്നില്ല. അതാണ്‌ സിറാജിന്റെ സവിശേഷത. അതാണ്‌ സിറാജ് മികവ്. ആരെയും നാം മിസ്സ്‌ ചെയ്യുവാൻ അവന്റെ ബൗളിംഗ് സമ്മതിക്കില്ല. “ചോപ്ര നിരീക്ഷിച്ചു.

1638634995878

“മുംബൈയിൽ അവൻ റോസ് ടെയ്ലർക്ക്‌ എതിരെ എറിഞ്ഞ ആ മനോഹരമായ ബോൾ കളിക്കാൻ പോലും കഴിയില്ല എന്നത് തെളിയിച്ചു. കൂടാതെ ടോം ലാതത്തിന് എതിരെ എറിഞ്ഞ രണ്ട് ബൗൺസറുകൾ ഇത് കാൻപൂരിലെ ഗ്രൗണ്ട് അല്ല മുംബൈയിലാണ് കളി നടക്കുന്നതെന്നും തെളിയിച്ചു. എല്ലാ അർഥത്തിലും ടീമിനായി തന്റെ നൂറ്‌ ശതമാനവും നൽകുന്നവനാണ് സിറാജ്. കഠിന അധ്വാനമാണ് അവന്റെ ഒരു പ്ലസ് “ചോപ്ര വാചാലനായി

Previous articleഎന്തുകൊണ്ട് ന്യൂസിലന്‍റിനെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാതെ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കാരണം ജാഫര്‍ പറയുന്നു.
Next articleഞാൻ റെക്കോർഡ് പിറക്കാതിരിക്കാൻ ശ്രമിച്ചു :വെളിപ്പെടുത്തി മുഹമ്മദ്‌ സിറാജ്