ശ്രീലങ്കക്കെതിരായ നിർണായ ഏകദിന ലോകകപ്പ് മത്സരത്തിൽ വളരെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു ന്യൂസിലാൻഡിന്റെ പേസർ ട്രെൻഡ് ബോൾട്ട് കാഴ്ചവച്ചത്. മത്സരത്തിൽ 3 മെയ്ഡൻ ഓവറുകളടക്കം 37 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകളാണ് ബോൾട്ട് സ്വന്തമാക്കിയത്. മത്സരത്തിലെ താരമായി മാറാനും ട്രെൻഡ് ബോൾട്ടിന് സാധിച്ചിരുന്നു. മത്സരത്തിലെ തന്റെ പ്രകടനത്തെപ്പറ്റിയും സെമിഫൈനലിൽ ഇന്ത്യയെ നേരിടേണ്ടി വന്നാലുള്ള വെല്ലുവിളിയെപ്പറ്റിയും ബോൾട്ട് മത്സരശേഷം സംസാരിക്കുകയുണ്ടായി. നിലവിൽ എല്ലാ ടീമുകളും ആഗ്രഹിക്കുന്നത് ഇന്ത്യയെ നേരിടാനാണെന്നും, ഇന്ത്യ ഇപ്പോൾ കളിക്കുന്നത് അവിശ്വസനീയമായ ക്രിക്കറ്റ് ആണെന്നും ബോൾട്ട് പറയുകയുണ്ടായി.
“മത്സരത്തിൽ ന്യൂ ബോളിൽ വിജയം ഉണ്ടാക്കാൻ എനിക്ക് സാധിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത് വളരെ നിർണായകമായ ഒരു മത്സരം തന്നെയായിരുന്നു. ഇത്തരമൊരു വലിയ വിജയം സ്വന്തമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. 50 ഓവർ ക്രിക്കറ്റ് ഒരു വെല്ലുവിളി നിറഞ്ഞ ഫോർമാറ്റാണ്. മാത്രമല്ല ഇന്ത്യയിൽ ബോളിംഗ് ഓപ്പൺ ചെയ്യുക എന്നതും അല്പം ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളാണ് നിലവിലുള്ളത്. ടൂർണമെന്റിലുടനീളം സാഹചര്യങ്ങൾ വ്യത്യസ്തമായി കൊണ്ടിരിക്കുന്നു.”- ട്രെൻഡ് ബോൾട്ട് പറഞ്ഞു.
ന്യൂസിലാൻഡ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചാൽ ഇന്ത്യക്കെതിരെയാവും സെമിഫൈനൽ മത്സരം കളിക്കുക. ഇതിനെപ്പറ്റിയും ബോൾട്ട് സംസാരിക്കുകയുണ്ടായി. ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരിക്കുമെന്നാണ് ബോൾട്ട് പറയുന്നത്. “എല്ലാ ടീമുകൾക്കും ആതിഥേയരായ ഇന്ത്യൻ ടീമിനെ നേരിടണം എന്നാണ്. ഈ ടൂർണമെന്റിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ സെമിഫൈനൽ മത്സരം വരികയാണെങ്കിൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ സാധിക്കില്ല. അത് കാലം തന്നെ തെളിയിക്കേണ്ടതുണ്ട്. മത്സരം വളരെ ആവേശകരമുള്ളതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”- ബോൾട്ട് കൂട്ടിച്ചേർത്തു.
നിലവിൽ സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികളായി വരാൻ ഏറ്റവും സാധ്യതയുള്ള ടീം ന്യൂസിലാൻഡ് തന്നെയാണ്. പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഒരു അത്ഭുത വിജയം സ്വന്തമാക്കിയാൽ മാത്രമേ ന്യൂസിലാൻഡ് സെമിഫൈനലിൽ നിന്ന് പുറത്തു പോവുകയുള്ളൂ. അല്ലാത്തപക്ഷം ആദ്യ സെമിഫൈനലിൽ ഇന്ത്യയും ന്യൂസിലാന്റും ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാവും ഏറ്റുമുട്ടുക.