“ഇന്ത്യ കപ്പടിക്കില്ല.. ഇന്ത്യയെ ഓസ്ട്രേലിയ പരാജയപ്പെടുത്തും” – വമ്പൻ പ്രവചനം നടത്തി മുൻ ഇംഗ്ലണ്ട് നായകൻ.

2023 ഏകദിന ലോകകപ്പ് ആരംഭിച്ചതിന് ശേഷം ഏറ്റവുമധികം വിവാദ പരാമർശങ്ങൾ നടത്തിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കിൾ വോൺ. സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ ഇന്ത്യൻ മുൻ താരം വസീം ജാഫറിനെതിരായി നിരന്തരം ട്രോളുകളും വിമർശനങ്ങളുമായി വോൺ രംഗത്തെത്തിയിട്ടുണ്ട്.

അതേപോലെ തന്നെ വ്യത്യസ്തമായ ഒരു പ്രസ്താവനയാണ് മൈക്കിൾ വോൺ ഇപ്പോൾ മുൻപിലേക്ക് വെച്ചിരിക്കുന്നത്. ഇന്ത്യ ഈ ലോകകപ്പിൽ പരാജയപ്പെടുമെന്നും ഓസ്ട്രേലിയയാവും ഇന്ത്യയെ പരാജയപ്പെടുത്തുക എന്നുമാണ് മൈക്കിൾ വോൺ പ്രവചിച്ചിരിക്കുന്നത്. ഇങ്ങനെ പരാജയപ്പെട്ടു വരുന്ന ഇന്ത്യക്കായി താൻ ഒരു സമ്മാനം കരുതിയിട്ടുണ്ട് എന്നാണ് മൈക്കിൾ വോൺ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

വസീം ജാഫറുമായുള്ള സാമൂഹ്യ മാധ്യമങ്ങളിലെ വാക്പോരുകളെ പറ്റി സംസാരിക്കുകയായിരുന്നു മൈക്കിൾ വോൺ. വസീം ജാഫറിന് തന്റെ ട്വിറ്റർ അക്കൗണ്ട് മാനേജ് ചെയ്യാൻ പോലും അറിയില്ല എന്ന് മൈക്കിൾ വോൺ പറയുകയുണ്ടായി. “വസീം ജാഫർ എന്റെ ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റാണ്. ലോർഡ്സിൽ കെവിൻ പീറ്റേഴ്സൻ ക്യാച്ച് എടുത്തായിരുന്നു അന്ന് വസീം ജാഫർ പുറത്തായത്. സോഷ്യൽ മീഡിയയിൽ ഞങ്ങൾ നിരന്തരം യുദ്ധങ്ങളിൽ ഏർപ്പെടാറുണ്ട്. എന്നിരുന്നാലും വസീം ജാഫറിന് മികച്ച രീതിയിൽ തന്റെ ട്വിറ്റർ അക്കൗണ്ട് മാനേജ് ചെയ്യാൻ സാധിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നില്ല. അതൊരു പ്രൊഫഷണൽ ആയിരിക്കും കൈകാര്യം ചെയ്യുക.”- മൈക്കിൾ വോൺ പറയുന്നു.

ഇതോടൊപ്പം ഇന്ത്യ ലോകകപ്പിൽ പരാജയപ്പെടുമെന്ന സൂചനയും വോൺ നൽകുകയുണ്ടായി. “ഇന്ത്യ ഈ ലോകകപ്പിൽ പരാജയപ്പെടുമ്പോൾ നൽകാനുള്ള സമ്മാനം ഞാൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഈ ലോകകപ്പിൽ ഓസ്ട്രേലിയൻ ടീമിന് ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- മൈക്കിൾ വോൺ കൂട്ടിച്ചേർത്തു. മൈക്കിൾ വോണിന്റെ ഈ പ്രസ്താവന ഇന്ത്യൻ ആരാധകരെ വലിയ രീതിയിൽ ചൊടിപ്പിച്ചിട്ടുണ്ട്. വിടുവായത്തം പറയാൻ മാത്രമാണ് മൈക്കിൾ വോൺ മാധ്യമങ്ങൾക്ക് മുൻപിൽ വരുന്നത് എന്നാണ് ചില ഇന്ത്യൻ ആരാധകർ പ്രതികരിച്ചിരിക്കുന്നത്.

ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നടന്നത് ഓസ്ട്രേലിയക്കെതിരെയായിരുന്നു. മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയം ഓസ്ട്രേലിയയ്ക്ക് മേൽ നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ 8 മത്സരങ്ങൾ ലോകകപ്പിൽ കളിച്ച ഇന്ത്യ ഒരു മത്സരത്തിൽ പോലും പരാജയമറിഞ്ഞിട്ടില്ല. അതിനാൽ തന്നെ ഇത്തവണത്തെ ലോകകപ്പ് സ്വന്തമാക്കാൻ വലിയ സാധ്യത കൽപ്പിക്കുന്ന ടീമാണ് ഇന്ത്യ. ഇന്ത്യക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്ന ടീമുകളാണ് നിലവിൽ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.