2023 ഏകദിന ലോകകപ്പ് ഒക്ടോബർ അഞ്ചിന് ആരംഭിക്കുകയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ഒരു ഏകദിന ലോകകപ്പ് എത്തുന്നത്. അതിനാൽ തന്നെ തങ്ങളുടെ ടീം ഏറ്റവും ശക്തമാക്കുന്ന തിടുക്കത്തിലാണ് ഇന്ത്യ. ടൂർണമെന്റിലെ എല്ലാ ടീമുകളും ശക്തരായതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ച് കിരീടം ചൂടുക എന്നത് കുറച്ചു ബുദ്ധിമുട്ടാണ്.
ടൂർണമെന്റിന്റെ സെമിഫൈനലിൽ ആരൊക്കെ എത്തും എന്ന കാര്യത്തിൽ വലിയ പ്രവചനങ്ങൾ പുറത്തു നടക്കുന്നുണ്ട്. മുൻ താരങ്ങളടക്കം തങ്ങളുടെ ടൂർണമെന്റിലെ ഫേവറേറ്റുകളെ തിരഞ്ഞെടുത്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നു. ഇത്തവണത്തെ ഏകദിന ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് മുൻ ദക്ഷിണാഫ്രിക്കൻ താരം ഹഷിം അംലയാണ്.
ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഇത്തവണത്തെ സെമി ഫൈനലിൽ എത്താൻ സാധ്യത എന്ന് അംല പ്രവചിക്കുന്നു. ടൂർണമെന്റിന്റെ ആതിഥേയരായ ഇന്ത്യയ്ക്ക് ഇത്തവണ വലിയ മുൻതൂക്കമുണ്ടെന്നും അംല പറഞ്ഞു. എന്നാൽ ഓസ്ട്രേലിയയെയും ന്യൂസിലാൻഡിനെയും പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് അംല തന്റെ പ്രവചനം നടത്തിയിരിക്കുന്നത്. മറുവശത്ത് ഇന്ത്യ ലോകകപ്പ് നേടാൻ വലിയ സാധ്യതയുള്ള ടീമാണ് എന്ന് അംല ആവർത്തിക്കുന്നു.
രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യയുടെ ബാറ്റിംഗ് നിര ഇത്തവണ കൂടുതൽ അപകടകാരികളാണ്. എതിർ ടീമുകളെ ഏതുസമയത്തും സമ്മർദ്ദത്തിലാക്കാൻ സാധിക്കുന്ന ബാറ്റിംഗ് നിര ഇന്ത്യയ്ക്കുണ്ട്. രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭമാൻ ഗിൽ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, ഇഷാൻ കിഷാൻ സൂര്യകുമാർ യാദവ് എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യയ്ക്കുള്ളത്.
ഇവരെല്ലാം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെ ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ട് എന്നതും വസ്തുതയാണ്. ഏഷ്യാകപ്പിൽ മികവ് പുലർത്തിയ മുഹമ്മദ് സിറാജ്, ബൂമ്ര എന്നി പേസർമാരും ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. ഒപ്പം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെ മുഹമ്മദ് ഷാമിയും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.
സ്പിൻ നിരയിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷ കുൽദീവ് യാദവാണ്. ഏഷ്യാകപ്പിലും കുൽദീപ് വലിയ പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ഒപ്പം രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും എത്തുമ്പോൾ ഇന്ത്യ കൂടുതൽ കരുത്തുറ്റ ടീമായി മാറുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യ തുടർച്ചയായി ഫീൽഡിങ്ങിൽ പിഴവ് വരുത്തുന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ട്. പക്ഷേ വരും ദിവസങ്ങളിൽ ഈ തെറ്റുകൾ പരിഹരിച്ച് ഇന്ത്യ കൂടുതൽ ശക്തമായി ലോകകപ്പിൽ അണിനിരക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.