കോഹ്ലിയും ഗില്ലുമല്ല, അവനാണെന്റെ ഫേവറേറ്റ് ബാറ്റിങ് പങ്കാളി. രോഹിത് ശർമ പറയുന്നു.

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ സ്ഥിരം ഓപ്പണറാണ് നായകൻ രോഹിത് ശർമ. ഒരു ഓപ്പണർ എന്ന നിലയിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായി രോഹിത് കളിക്കുന്നുണ്ട്. വിരാട് കോഹ്ലി, ശുഭമാൻ ഗിൽ, ഇഷാൻ കിഷൻ തുടങ്ങിയവരോടൊക്കെയും ഒപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തട്ടുണ്ട്. എന്നാൽ തന്റെ ഫേവറേറ്റ് ബാറ്റിംഗ് പങ്കാളി ഇവരൊന്നുമല്ല എന്നാണ് രോഹിത് ശർമ പറയുന്നത്. നിലവിൽ ഇന്ത്യൻ ടീമിൽ ഒരു ഫോർമാറ്റിലും കളിക്കാൻ ഭാഗ്യം കിട്ടാതിരിക്കുന്ന ഇടംകയ്യൻ ബാറ്റർ ശിഖർ ധവാനാണ് തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി എന്നാണ് രോഹിത് ശർമ പറയുന്നത്. ശിഖർ ധവാനൊപ്പമുള്ള ബാറ്റിംഗ് നിമിഷങ്ങൾ അയവിറക്കിയാണ് രോഹിത് സംസാരിച്ചത്.

ശിഖർ ധവാനോടൊപ്പം 117 ഇന്നിംഗ്സുകളിലാണ് രോഹിത് ശർമ ഓപ്പണറായി എത്തിയിട്ടുള്ളത്. ഇവയിൽ നിന്ന് 5193 റൺസ് വാരിക്കൂട്ടാൻ ഇരുവർക്കും സാധിച്ചു. ഇതേ പോലെ തന്നെയാണ് രോഹിത്- കോഹ്ലി സഖ്യവും. ഏകദിനത്തിൽ 86 ഇന്നിങ്സുകളിൽ ഒരുമിച്ച് ബാറ്റ് ചെയ്തിട്ടുള്ള ഇവർ 5008 റൺസ് ആണ് നേടിയിട്ടുള്ളത്. എന്നാൽ കോഹ്ലിക്കൊപ്പം മികച്ച റെക്കോർഡുകൾ പേരിൽ ചേർത്തെങ്കിലും, തനിക്ക് ഇഷ്ടപ്പെട്ട ബാറ്റിംഗ് പങ്കാളി ശിഖർ ധവാനാണ് എന്ന് രോഹിത് പറയുന്നു. “ശിഖർ ധവാനും ഞാനും തമ്മിൽ മൈതാനത്ത് മാത്രമല്ല മൈതാനത്തിന് പുറത്തും നല്ലൊരു ആത്മബന്ധം സൂക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ സൗഹൃദം ദൃഢമായതാണ്.”- രോഹിത് ശർമ പറഞ്ഞു.

“ഒരുപാട് വർഷങ്ങൾ ഒരുമിച്ചു കളിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഞാൻ ഏറെ ആസ്വദിച്ചിട്ടുള്ള കൂട്ടുകെട്ട് ശിഖർ ധവാന് ഒപ്പമുള്ളതാണ്. മൈതാനത്ത് നമ്മളിലേക്കും ഊർജ്ജം പകർന്നു തരാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് ശിഖർ ധവാൻ. ശിഖർ ധവാനോടൊപ്പം മൈതാനത്തുള്ള നിമിഷങ്ങളൊക്കെ വളരെ രസകരമായിരുന്നു. അതിനാൽ തന്നെയാണ് ഓപ്പണിങ് ജോഡികൾ എന്ന നിലയിൽ ഇന്ത്യയ്ക്കായി പല റെക്കോർഡുകളും തകർക്കാൻ ഞങ്ങൾക്ക് സാധിച്ചതും.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു.

2013ലെ ചാമ്പ്യൻ ട്രോഫിയിലായിരുന്നു രോഹിത് ശർമയും ശിഖർ ധവാനും ആദ്യമായി ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയത്. അതുവരെ ഇന്ത്യയുടെ മധ്യനിരയിലായിരുന്നു രോഹിത് ശർമ കളിച്ചത്. എന്നാൽ മഹേന്ദ്ര സിംഗ് ധോണി രോഹിത് ശർമയെ ഒരു ഓപ്പണറായി 2013ൽ അവതരിപ്പിച്ചു.

ശേഷം മികവാർന്ന ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ് രോഹിത് ശർമ കാഴ്ച വെച്ചിട്ടുള്ളത്. പിന്നീട് എല്ലാ മത്സരങ്ങളിലും രോഹിത് ശർമ ഇന്ത്യയുടെ നട്ടെല്ലായി മാറുകയായിരുന്നു. 2013ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ ജേതാക്കളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും രോഹിത് ശർമ- ശിഖർ ധവാൻ ജോഡി തന്നെയായിരുന്നു. പിന്നീട് 10 വർഷത്തോളം ശിഖർ ധവാനും രോഹിത് ശർമയും ഇന്ത്യയുടെ ഓപ്പണിങ് സഖ്യമായി തുടർന്നു. എന്നാൽ ഗിൽ അടക്കമുള്ള താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് കടന്നുവന്നതോടെ ശിഖർ ധവാന് തന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.